2010, ജൂലൈ 16, വെള്ളിയാഴ്‌ച

വെളുത്ത രക്തം

വെളുത്ത രക്തബിന്ദുക്കളാണ്,
കുടിയിറക്കപ്പെട്ടവളെന്ന് അടയാളപ്പെടുത്തുന്നത്.
ഞാനറിയാതെയാണ്,
അടയാളങ്ങള്‍ വന്നുവീണത്.
അന്ന് ഇറക്കിവിട്ടപ്പോള്‍,
മുറിഞ്ഞ് പൊടിഞ്ഞിറ്റിയതാണിത്.....

വെറുതെയൊന്ന് താഴേയ്ക്ക് നോക്കു,
അവിടെ ആ വാതില്‍പ്പടിയിലുണ്ട്,
വെളുത്ത പൊട്ടുകളായി,
ഉണങ്ങിയൊട്ടിയിരിക്കുന്നു,
വെള്ളത്തിലലിയാത്തവിധം.....

അന്ന് അതിറ്റുവീണപ്പോള്‍,
വെള്ള നിറം കയ്യില്‍ തൊട്ടെടുത്ത്,
മുഖത്തു മിന്നിച്ച ഭാവങ്ങള്‍,
തേഞ്ഞുപഴകിയ,
ഒരു ക്ലീഷേയെ ഓര്‍മ്മപ്പെടുത്തി.....

പലവുരു കേട്ടുപഴക്കമേറിപ്പോയതാണ്,
ചെവി കൊടുക്കാതെ തിടുക്കത്തില്‍,
ഇറങ്ങാനൊരുങ്ങിയപ്പോഴാണ്,
കൈത്തലത്തില്‍ കുരുക്കി,
ഇറയത്ത് കെട്ടിയിട്ട ഇരുന്പു ചങ്ങല,
ഒരു ചോദ്യമെറിഞ്ഞു തന്നത്......

തന്നേ പൊട്ടിച്ചുകൊള്‍കെന്ന നിന്റെ,
ദുശ്ശാഠ്യത്തിന് മുന്നില്‍ വിറച്ചുകൊണ്ടീ,
വലം കൈ പകരം കൊടുത്താണ്,
ഒടുക്കം ഞാനിറങ്ങിയത്.....
അപ്പോഴാണ് അവിടമാകെ ഇറ്റുവീണത്,
ആ വെളുത്ത അടയാളങ്ങള്‍......

ഇപ്പോഴും പൊടിഞ്ഞു തൂവുകയാണ്,
കുടിയറക്കപ്പെട്ടുവെന്ന്,
എല്ലായിടത്തും അടയാളപ്പെടുത്തിക്കൊണ്ട്,
ഇറ്റുവീഴുകയാണ്....
ഈ വെളുത്ത രക്തബിന്ദുക്കള്‍.....

6 അഭിപ്രായങ്ങൾ:

 1. തീരത്തില്‍ "മൌനത്തിന്റെ വെളുത്ത പൊട്ടുകള്‍ "
  ഇതിഹാസ വായനയില്‍ " വെളുത്ത മഴ "
  പിന്നെയും " വെളുത്ത രക്തം"
  എന്തേ, എല്ലാ വര്‍ണങ്ങളുടെയും ആകെത്തുക ആയതുകൊണ്ടാണോ
  വെളുപ്പിനോട് ഒരു ഇത് ...!

  മറുപടിഇല്ലാതാക്കൂ
 2. അങ്ങനെയായിരിക്കു ദ്രാവിഡാ, എനിയ്ക്കറിയില്ല.....
  പിന്നെ 'വെളുത്തമഴ' വിജയന്മാഷിന്റെ പ്രയോഗമാണ്, എന്റേതല്ല

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2010, ജൂലൈ 18 2:27 PM

  enikonnum manasillayillaa....

  മറുപടിഇല്ലാതാക്കൂ
 4. "തന്നേ പൊട്ടിച്ചുകൊള്‍കെന്ന നിന്റെ,
  ദുശ്ശാഠ്യത്തിന് മുന്നില്‍ വിറച്ചുകൊണ്ടീ,
  വലം കൈ പകരം കൊടുത്താണ്,
  ഒടുക്കം ഞാനിറങ്ങിയത്.."


  ഈ വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു...

  മറുപടിഇല്ലാതാക്കൂ