2010, മേയ് 17, തിങ്കളാഴ്‌ച

പ്രണയത്തിന്റെ മാപിനി

പ്രണയത്തിന് ചില മാപിനികളുണ്ട്
വിഷയങ്ങളില്ലാത്ത ചില നേരങ്ങളില്‍
വികൃതമായ ആകാരം പൂണ്ട്,
മുന്നില്‍ വന്നു നിന്ന് പല്ലിളിയ്ക്കുന്ന.
ചില ചോദ്യങ്ങള്‍.....

നിര്‍വ്വികാരത ഉറഞ്ഞുണ്ടായ
ഒരു മലപോലെ, മറികടക്കാന്‍ കഴിയാതെ
വഴി തെളിയാതെ, കുഴികളൊരുക്കിവച്ച്
വീഴുക വീഴുകയെന്നുറക്കെപ്പറയുന്ന
ചില ചോദ്യങ്ങള്‍...

പ്രണയമോ അതെന്തെന്ന് ചോദിച്ച്
നെഞ്ചിലെ പ്രണയത്തെ വറ്റിച്ച്
പുല്ലുപോലും കിളിര്‍ക്കാത്തൊരു
ഊഷരനിലമാക്കുന്ന
ചില മാപിനികള്‍...

പ്രണയമളക്കാന്‍ പണിയിച്ചെടുത്ത
ഈ അളവുകോല്‍,
ആത്മഹത്യാക്കുരുക്കുപോല്‍.
ഭാവിയെ ഇരുട്ടുപോലവ്യക്തമാക്കി,
തൊട്ടുമുന്നില്‍ പെന്‍ഡുലം പോലെ,
ചലിച്ചു, പൊട്ടിച്ചിരിക്കുന്നു....

ഉറപ്പാണ് അളക്കാന്‍ കഴിയില്ല.
അതെന്റെ ചോരയിലും,
കണ്ണുനീരിലുമാണെന്ന്,
പറയാന്‍ കഴിയാതെ,
അതു ഞാന്‍ തന്നെയെന്ന്,
സ്വയം പറഞ്ഞ് തളരുകയാണ്....

അളക്കാന്‍ വിടില്ല,
പ്രണയം അതങ്ങനെയാണ്,
വരണ്ടുണങ്ങി വിണ്ടിരിക്കുന്പോള്‍,
ചെറുചാറ്റല്‍ മഴപോലെ.....
നനഞ്ഞെന്നും ഇല്ലെന്നും തോന്നിച്ച്,
മറ്റുചിലപ്പോള്‍ കാറ്റുംകോളുമായി വന്ന്,
കെട്ടിപ്പുണര്‍ന്ന് കുളിര്‍പ്പിച്ച്....

നിര്‍വ്വികാരമായ ഒരു സ്വപ്നമൂര്‍ച്ചയില്‍
കുടുങ്ങി മരിയ്ക്കുവാനൊരുങ്ങുന്ന
എന്റെ പ്രണയമേ....
നീ ഒടുങ്ങുവോളമേ എനിയ്ക്കീ ജീവനുള്ളു,
പ്രണയം മരിച്ച് നിര്‍വ്വികാരതയാകാരം
പൂണ്ടൊരു പഴയ സ്മാരകമായി
വെറുതെയെന്തിന് ജീവിച്ചൊടുങ്ങണം....

5 അഭിപ്രായങ്ങൾ:

  1. ഏതോ ഒരു ഫ്രന്റിന്റെ സ്റ്റാറ്റസ് ഇവിടെ പകര്‍ത്തട്ടെ.

    “പ്രണയം ഒരിക്കല്‍ പെയ്താല്‍ അത് ജീവിതം മുഴുവന്‍ ചോര്‍ന്നൊലിച്ചു കൊണ്ടിരിക്കും” എന്ന്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം പോവും. ബി കെയര്‍ഫുള്‍
    ;-)

    മറുപടിഇല്ലാതാക്കൂ
  2. പ്രണയം അല്ല ഒടുങ്ങുന്നത്, നമ്മളാണ്
    പ്രണയം ആരെയും തകര്‍ക്കുന്നില്ല
    നമ്മള്‍ സ്വയം തകരുകയാണ്.
    രൂപമില്ല പ്രണയത്തിന്
    ഈശ്വരന്റെ രൂപമില്ലായ്മയെ രൂപങ്ങളുണ്ടാക്കി മറികടക്കാന്‍ നമ്മള്‍ ശ്രമം നടത്തിയില്ലേ
    നമ്മള്‍ ആചരിക്കുന്നതെല്ലാം പ്രണയത്തിന്റെ തെറ്റായ രൂപങ്ങളാണ്.

    ദൈവം സ്നേഹമാകുന്നു
    അല്ല സ്നേഹം ദൈവമാകുന്നു.

    അങ്ങനെയല്ലെ.

    പിന്നെ സുനില്‍, പി.ആര്‍.രതീഷിന്റെ പ്രണയം എന്ന കവിതയാണു താങ്കല്‍ ഉദ്ധരിച്ചത്. ‘ഒരിക്കല്‍ പെയ്താല്‍ മതി ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍‘ എന്നാണ് കവിത. യുവധാര മാസികയില്‍ അച്ചടിച്ചത്.

    മറുപടിഇല്ലാതാക്കൂ
  3. പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ്
    വിരഹം...... വേദനയാണ് ഓര്‍ക്കാന്‍ അഗ്രെഹിക്ക പെടാത്ത ഒരു സുഗമുള്ള വേദന
    തനിച്ചാക്കി അകലുന്ന വേദന ...........നിര്‍വികാരതയുടെ ഒറ്റപെടലിന്റെ വേദന അതിനെയും അളക്കുവാനകുമോ?

    മറുപടിഇല്ലാതാക്കൂ
  4. പ്രണയത്തെക്കുറിച്ചു പലരും പറഞ്ഞ വർണനകൾ വർണ്ണനകൾ മാത്രമെന്നു തോന്നിയ ഒരു കാലമുണ്ടായിരുന്നു എനിക്കും, പിന്നീടു പ്രണയം തന്നെ ആ തോന്നലിനു എന്നോടു മധുരമായി പകരം വീട്ടി :)

    മറുപടിഇല്ലാതാക്കൂ