2009, സെപ്റ്റംബർ 6, ഞായറാഴ്‌ച

നീ ഇറങ്ങുക

കൂട്ടിമുട്ടാത്ത സമാന്തരങ്ങളായി
നമ്മള്‍ സ്വയം രേഖപ്പെടുത്തുന്നു
കാണാന്‍ കണ്ണില്ലെന്ന് സ്വയം
പറഞ്ഞു പഠിപ്പിച്ചിങ്ങനെ എത്രനാള്‍?

എന്തിന് നാമിങ്ങനെ
പരസ്പരം കളവിന്റെ പര്യായങ്ങളാവണം?
ഈ കാപട്യം പങ്കുവെയ്ക്കണം?

വേനലും വര്‍ഷവും കഴിഞ്ഞിട്ടും മനംമടുത്തിട്ടും
എന്റെ മടുക്കുന്ന ഗന്ധം സഹിച്ച്
പാതിരാച്ചിത്രങ്ങളിലെ നായികമാരെയോര്‍ത്ത്
പുറം തിരിഞ്ഞുകിടന്ന് ഉള്ളുകൊണ്ട് മദിച്ച്
നീയിങ്ങനെ എത്രനാള്‍?

ചിലനനേരത്ത് നിന്റെ നോട്ടങ്ങളില്‍
കൂരന്പുകള്‍ ഒളിച്ചിരിപ്പുണ്ട്
ശാപങ്ങള്‍ പെയ്യാനൊരുങ്ങുന്നുണ്ട്
മുഷ്ടി ചുരുട്ടുന്നൊരു നിരാശയുണ്ട്

ഞാന്‍ തളര്‍ച്ചയാണ്
ഉയര്‍ത്തെഴുന്നേല്‍പ്പില്ലാത്ത തളര്‍ച്ച
ഞാന്‍ മരവിപ്പാണ്
കുത്തിമുറിച്ചാല്‍പ്പോലും
അറിയാത്ത മരവിപ്പ്

പിന്നെ ഞാനെങ്ങനെ
കന്പളത്തിനടിയില്‍ നിനക്കിടം തരും?
മോഹം കൊണ്ട് നീ
അടുത്ത് വരുന്പോള്‍
ഞാന്‍ വിറച്ചുപോകുന്നു
നിന്റെ നിശ്വാസത്തിന്‍റെ ചൂടില്‍
എനിക്ക് പൊള്ളലേല്‍ക്കുന്നു

ഞാനൊരു തരിശാണ്
ഇനിയൊരിക്കലുമൊരു
മഴക്കാടാവാന്‍
എനിക്ക് കഴിയില്ല

പായയുടെ രണ്ടറ്റത്തും
ഒരിക്കലും സ്പര്‍ശിക്കാന്‍ കഴിയാത്ത
തീരങ്ങളായി നമുക്ക് പരസ്പരം രേഖപ്പെടുത്താം
വയ്യെങ്കില്‍ നീ ഇറങ്ങുക
ഞാനിവിടെക്കിടന്ന്
പുഴുവരിയ്ക്കട്ടെ

10 അഭിപ്രായങ്ങൾ:

 1. എന്തിന് നാമിങ്ങനെ
  പരസ്പരം കളവിന്റെ പര്യായങ്ങളാവണം
  ഈ കാപട്യം പങ്കുവെയ്ക്കണം?

  മറുപടിഇല്ലാതാക്കൂ
 2. തളർച്ചയാണു താനെന്ന തിരിച്ചറിവിൽ
  ആർക്കുമളക്കാനാവത്ത ജീവനത്തിന്റെ കരുത്തുകൾ
  ഒളിച്ചിരിപ്പുണ്ട്.
  അതു കണ്ടെടുക്കാൻ
  നിനക്കെന്നു കഴിയും?

  മറുപടിഇല്ലാതാക്കൂ
 3. അതിന് വിടുതൽ കൊടുക്കരുതോ...?!
  ആ പാവം എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ...

  മറുപടിഇല്ലാതാക്കൂ
 4. ചില വരികളിങ്ങനെയാണു.
  വായിച്ചു നിർത്തുന്ന നിർവ്വികാരതയിൽ നിന്നും ചിന്തകളുടെ യാത്ര തുടങ്ങും.
  സത്യം ഇതാ ഞാൻ പൊയ്ക്കൊണ്ടിരിക്കുകയാണു.

  മറുപടിഇല്ലാതാക്കൂ
 5. കൂട്ടിമുട്ടാത്ത സമാന്തരങ്ങളായി
  നമ്മള്‍ സ്വയം രേഖപ്പെടുത്തുന്നു..
  ഞാനൊരു തരിശാണ്
  ഇനിയൊരിക്കലുമൊരു
  മഴക്കാടാവാന്‍
  എനിക്ക് കഴിയില്ല...

  കൊള്ളാം ...താനൊരു സംഭവമാണ് ...

  മറുപടിഇല്ലാതാക്കൂ
 6. ആത്മനിന്ദ...അതു ഭയങ്കര സംഭവമല്ലോ...കവിത രസമുണ്ട്

  മറുപടിഇല്ലാതാക്കൂ
 7. "എന്തിന് നാമിങ്ങനെ
  പരസ്പരം കളവിന്റെ പര്യായങ്ങളാവണം?
  ഈ കാപട്യം പങ്കുവെയ്ക്കണം"

  നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 8. ഭൂമിയിൽ ആർക്കും ഉപകരണമില്ലാതെ നേർ-രേഖ വരക്കാൻ ഒത്തിട്ടില്ല..

  വാക്കുകൾക്കു വാളിന്റെ മൂർച്ച... മലയാളത്തിനു ഇനിയും ആശക്കു വകയുണ്ടെന്നു തോന്നുന്നു..

  മറുപടിഇല്ലാതാക്കൂ