2009, മേയ് 6, ബുധനാഴ്‌ച

വലനെയ്യുന്നവര്‍


മഴപ്പാറ്റകള്‍ വിളക്കിന്‌ ചുറ്റും പറന്നു തുടങ്ങിയപ്പോഴാണ്‌ ഇന്നലെയും മഴപെയ്‌തിരുന്നുവെന്ന കാര്യം ഞാന്‍ അറിയുന്നത്‌. ഇപ്പോഴിങ്ങനെയാണ്‌ ഒരു പാട്‌ മോഹിച്ച്‌ കാത്തിരിക്കുമ്പോള്‍ നേര്‍ത്ത തണുപ്പുകൊണ്ട്‌ പുതപ്പിച്ചുറക്കി മഴ പലപ്പോഴും എന്റെ കണ്ണുകളെ പറ്റിച്ച്‌ രാവിന്റെ ഓരങ്ങളിലൂടെ ഒളിച്ചുപോവുക പതിവായിരിക്കുന്നു.

പണ്ടൊക്കെയായിരുന്നുവെങ്കില്‍ അവരുണ്ടായിരുന്നു. ഉറക്കില്‍നിന്നുണര്‍ത്തി നിക്ക് മഴകാണിച്ചുതരാന്‍. മഴത്തുള്ളികളുടെ തിളക്കം എനിക്കുവേണ്ടി വലകളില്‍ സൂക്ഷിച്ചുവയ്‌ക്കാന്‍. പക്ഷേ ഇപ്പോള്‍ ഉണരുമ്പോള്‍ ജാലകങ്ങള്‍ക്കപ്പുറം മരങ്ങളുടെ തനിയാവര്‍ത്തനങ്ങള്‍ മാത്രം. ഇതില്‍ നിന്നുമാത്രമാണ്‌ ഞാനിപ്പോള്‍ മഴയെ അറിയുന്നത്‌.

മഴ കഴിഞ്ഞെത്തുന്ന മഴപ്പാറ്റകള്‍ മാത്രമാണ്‌ ഇപ്പോള്‍ മഴയെക്കുറിച്ച്‌ രണ്ടക്ഷരം മിണ്ടുന്നത്‌. ഒരു മഴക്കാലത്താണ്‌ ഞാനവരെ, എന്റെ കൂട്ടുകാരെ കണ്ടെത്തുന്നത്‌. ആദ്യമാദ്യമൊന്നും ഞാനവരെ അങ്ങനെ ശ്രദ്ധിച്ചിരുന്നേയില്ല. പകരം മഴത്തുള്ളികളും പാറ്റച്ചിറകുകളും വീണ്‌ ഇളവെയിലില്‍ തിളങ്ങുന്ന അവരുടെ വലകള്‍ മാത്രമേ ശ്രദ്ധയില്‍പ്പെട്ടിരുന്നുള്ളു.

എന്തൊരു ചാരുതയായരുന്നു അവയ്‌ക്ക്‌. ഈ വലകള്‍ അവര്‍ നെയ്യുന്നതാണത്രേ, ഇര പിടിക്കാന്‍വേണ്ടി. ഇരയെയും കാത്ത് വലകളില്‍ ചാഞ്ചാടി നേര്‍ത്ത മയക്കത്തില്‍ കഴിയാനാണത്രേ അവര്‍ക്കിഷ്ടം. ഇവരില്‍ ഏറെ കഷ്ടം പിതാക്കന്മാരുടെ കാര്യമാണ്‌. അവരങ്ങനെയാണത്രേ പുതിയ തലമുറയ്‌ക്കുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവര്‍. അവസാനം ജന്മം നല്‍കിയതിന്റെ ശേഷിപ്പുകളായി പഴയ വകളിലും ഉത്തരങ്ങലിലും തൂങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍.

അതിലവര്‍ക്ക്‌ ഒരു പരാതിയും ഇല്ലെന്നാണ്‌ പറയുന്നത്‌. ഉണ്ടെങ്കില്‍ത്തന്നെ അതാരോട്‌ പറയാനാണെന്ന്‌ അവര്‍ ചോദിക്കാതെ ചോദിക്കുന്നു. ഇങ്ങനെ നടക്കുന്നിടത്തും ഇരിക്കുന്നിടത്തുമെല്ലാം പതിയെ പതിയെ അവരുടെ സാന്നിധ്യം. പിന്നെപ്പിന്നെ ഞങ്ങള്‍ പതിയെ കൂട്ടുകാരായി. നേര്‍ത്ത വെള്ളിനൂലുകള്‍ ചേര്‍ത്ത്‌ അവര്‍ വലനെയ്‌തെടുക്കുന്നത്‌ എത്ര ഞാന്‍ നോക്കി നിന്നിരിക്കുന്നു.

എന്തൊര്‌ ഏകാഗ്രതയാണവര്‍ക്ക്‌. ആ ഏകാഗ്രത കാണുമ്പോള്‍ ഞാന്‍ ആരെയൊക്കെയോ ഓര്‍ത്തുപോകാറുണ്ട്‌. വെറുതെ ഇരിക്കുന്ന ചില നേരങ്ങളില്‍ ചിന്തകളില്‍ അവന്‍ ആരെയോ ഓര്‍ത്ത്‌ വലനെയ്യുമായിരുന്നു. ആ വലക്കണ്ണികള്‍ക്കിടയില്‍ അവന്‍ മരുഭൂമികളും വേണുഗാനവും കണ്ണീരും സൂക്ഷിച്ചുവച്ചിരുന്നു.

ഇങ്ങനെ ചിന്തകള്‍ കൊണ്ട്‌ വലനെയ്‌ത്‌ അവനെന്നെ ചങ്ങലയ്‌ക്കിടുമ്പോള്‍ അവരുടെ ഇടയില്‍ നിന്നാരോ ഇറങ്ങിവരുന്നു. അതവളായിരുന്നു........... എന്റെ എട്ടുകാലിപ്പെണ്‍കൊടി............ ചിന്തകള്‍ വഴിതെറ്റുന്ന ഇടനേരങ്ങളില്‍ എനിയ്‌ക്കമ്മയും അമ്മൂമ്മയും ആയിരിക്കുന്നവള്‍, നക്ഷത്രത്തിളക്കമുള്ള കണ്ണുകളോടെ അവള്‍ അടുത്തിരിക്കുമ്പോള്‍ ഞാന്‍ ലോകത്തെ വിസ്‌മരിക്കുന്നു.

ഇങ്ങനെ നോക്കിയും കണ്ടും ഞാനുമെന്റെ എട്ടുകാലിക്കൂട്ടരും ഏറെ അടുത്തിരിക്കുന്നു. എത്രയോ മുമ്പേതന്നെ വീടിന്റെ ഉത്തരത്തില്‍ തൂങ്ങിക്കിടന്ന്‌ അവരെന്നെ കാണാറുണ്ടായിരുന്നുവത്രേ. ഞാനതിശയിച്ചുപോയി. ഇപ്പോള്‍ എന്റെ കാഴ്‌ചയിലും കാണാമറയത്തും അവര്‍ നിരന്നു നില്‍ക്കുന്നു. പാതിരാവോളം സിദ്ധാന്തങ്ങളെന്ന കീറാമുട്ടിയുമായി മലക്കം മറിഞ്ഞ്‌ തളരുമ്പോള്‍ വെള്ളിനൂലുകള്‍ ചേര്‍ത്തു തുന്നിയ നനുത്ത വലനൂലുകള്‍ കൊണ്ട് അവരെനിക്ക്‌ തൊട്ടിലുണ്ടാക്കുന്നു.

ഞാനുണരാതിരിക്കാന്‍ അവര്‍ ഘടികാരസൂചികള്‍പോലും വലകെട്ടി നിശ്ചലമാക്കുമായിരുന്നു. പിന്നെ ചില ഇടവേളകളില്‍ തട്ടിന്‍പുറത്തെ തുറന്ന അരങ്ങില്‍ അവര്‍ സംവാദങ്ങള്‍ നടത്തുന്നു. ഉത്തരാധുനികത, അത്യുത്തരാധുനികത, ലെവിസ്‌ട്രോസ്‌, ദെറിത, ഘടനാവാദം എല്ലാം വിഷയങ്ങള്‍. ചിലപ്പോഴൊക്കെ ഞാനും ചെന്നിരിക്കാറുണ്ട്‌. ഉത്തരാധുനികതയില്‍ അവര്‍ക്ക്‌ വലനെയ്യാന്‍ ഉത്തരങ്ങള്‍ ഇല്ലാതാവുമത്രേ. അത്യുത്തരാധുനികതയില്‍ അവര്‍ വീടുകള്‍ വിട്ട്‌ പുതിയ സങ്കേതങ്ങള്‍ തേടേണ്ടിവരുമെന്നും പ്രവചനമുണ്ടത്രേ.

അവരുടെ വാദങ്ങളും പ്രതിവാദങ്ങളും പലപ്പോഴും എനിക്ക്‌ മനസ്സിലായില്ല. അത്‌ ഒരു ഉത്തരാധുനിക കലാസൃഷ്ടിയെപ്പോലും തോല്‍പ്പിച്ചുകളയുന്നു. അല്ലെങ്കിലും ഉത്തരാധുനികതിയില്‍ എല്ലാവരും അങ്ങനെയല്ലേ മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകാത്ത കാര്യങ്ങള്‍ മാത്രമേ പറയൂ എന്ന്‌ ശാഠ്യം പിടിക്കുന്നവര്‍.

എന്തൊക്കെയായാലും ചിലപ്പോള്‍ എന്റെ കൂട്ടുകാര്‍ മഹാ വികൃതികളാണ്‌. വിളമ്പിവച്ച ഊണില്‍ ചാടിവീഴുക. നടവഴികളില്‍ വല നെയ്‌ത്‌ വയ്‌ക്കുക. ഈ വലകള്‍ കണ്ണില്‍ കുരുങ്ങി ഞാനെത്ര വട്ടം ഉരുണ്ടു വീണിരിക്കുന്നു. ദേഷ്യംവന്ന്‌ തല്ലിയോടിക്കാന്‍ ചൂലുമായി ചെല്ലുമ്പോള്‍ നേര്‍ത്ത വലനൂലുകളില്‍ തൂങ്ങി തെന്നിത്തെന്നി അവരെനിക്ക്‌ സമ്മാനങ്ങള്‍ തരുന്നു. എട്ടുകാലിപ്പിതാക്കന്മാരുടെ തിരുശേഷിപ്പുകള്‍............ അവരെന്നോട്‌ പറയുന്നു അതുകൊണ്ട്‌ നല്ലൊരു കൊളാഷ്‌ നിര്‍മ്മിച്ച്‌ സ്വീകരണമുറിയില്‍ തൂക്കിയിടാന്‍.

ദേഷ്യം മറന്ന്‌ അവ കയ്യും നീട്ടി വാങ്ങുമ്പോള്‍ അവരുടെ കണ്ണില്‍ സ്‌നേഹത്തിന്റെ നീര്‍ത്തിളക്കം എനിയ്‌ക്കാകട്ടെ അറിയിക്കാന്‍ കഴിയാത്ത ആത്മനിന്ദയും. രാത്രികാല സംവാദങ്ങള്‍ക്കിടെ ഒരു ദിവസം വലനെയ്‌ത്ത്‌ പഠിപ്പക്കാമോ എന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍ കാതടപ്പിക്കുന്ന കൂട്ടച്ചിരിയായിരുന്നു മറുപടി. ആകെ നാണം കെട്ടുപോയി. എങ്കിലും എന്റെ പിടിവാശിക്കുമുന്നില്‍ അവര്‍ നിലംപരിശായി.

എന്നിട്ടും എന്നെ പിന്തിരിപ്പിക്കാന്‍ അവര്‍ ഓരോന്ന്‌ പറഞ്ഞുകൊണ്ടിരുന്നു. വലനെയ്യാന്‍ മുടിയിഴകളേക്കള്‍ നേര്‍ത്ത നൂലുകള്‍ വേണമെന്ന്‌ പിന്നെ ഏകാഗ്രത, കുഞ്ഞുമുള്ളുകളുള്ള എട്ട്‌ കാലുകള്‍ അങ്ങനെ പലതും. പക്ഷേ ഞാന്‍ പിന്മാറിയില്ല ഒരു വൈകുന്നേരം കിണറ്റുകയറുമായി ഞാന്‍ തട്ടിന്‍പുറത്ത്‌ ചെന്നു. അപ്പോഴും പഴയ അതേ കൂട്ടച്ചിരി. അവസാനം വലനെയ്യാനുള്ള നൂലുകളും താരമെന്ന്‌ അവര്‍തന്നെ ഏറ്റു.

ഇനി ഏകാഗ്രത കൂടുതല്‍ ഏകാഗ്രത കിട്ടണമെങ്കില്‍ തലകുത്തി നില്‍ക്കണമത്രേ. അത്രയല്ലേ വേണ്ടൂ ഭാരിച്ച ശരീരത്തെ തലയില്‍ത്താങ്ങി ഹാവൂ!!!!!!!!!!!!!!! ഏകാഗ്രത ഒരുവിധം കൈവെള്ളയിലായി!!!!!!!!!!!. ക്രമേണ തടസ്സങ്ങളെല്ലാം നീങ്ങി. അവരെന്നെ വലനെയ്യാന്‍ പടിപ്പിക്കുന്നു. പഠനം രാവേറും വെരെ നീളുന്ന പരിശീലനം. ആദ്യമാദ്യം ഒന്നു തൊടുമ്പോഴേയ്‌ക്കും വലനൂലുകള്‍ പൊട്ടപ്പോകുന്നു.

എങ്കിലും അവര്‍ ക്ഷമയോടെ അധ്യയനം നടത്തുന്നു. പാഠശാലയിലെ വിശ്വവിജ്ഞാനികളെല്ലാം എവിടെയോ പോയി ഒളിക്കുന്നു. ഞാനാവട്ടെ വലനെയ്‌ത്തിന്റെ മാസ്‌മരികമായ ഏകാന്തതയില്‍ സ്വയം മറക്കുന്നു. അവര്‍ ഇടക്കിടെ പറയാറുണ്ട്‌. ഇങ്ങനെ വലനെയ്‌ത്‌ കാലം കഴിക്കരുതെന്ന്‌. കാലത്തിന്‌ കുറുകേ നടക്കണമെന്ന്‌. നടന്നില്ലെങ്കില്‍ എന്താവും എന്ന്‌ ചോദിച്ചാല്‍ മടുപ്പിക്കുന്ന നിശ്ശബ്ദതമാത്രം.

ഒരിക്കല്‍ ഞാന്‍ സ്വയംമറന്ന്‌ സന്തോഷിച്ചിരുന്നു. എന്റെ പൂന്തോട്ടത്തില്‍ വസന്തം വന്നെന്ന്‌ ഞാന്‍ എല്ലാവരോടും വിളിച്ചുപറഞ്ഞു. പക്ഷേ പിന്നീടാണ്‌ അറിഞ്ഞത്‌ ആ വസന്തം വഴിതെറ്റിക്കയറിയതായിരുന്നുവെന്ന്‌. എന്റെ കൂട്ടുകാര്‍ പറഞ്ഞു വഴിതെറ്റിക്കയറിയ ആ വസന്തത്തെ പോകാന്‍ അനുവദിക്കണമെന്ന്‌. വഴിതെറ്റിക്കയറിയവരെ എന്തിന്‌ ബുദ്ധിമുട്ടിക്കണമെന്ന്‌ കരുതി ഞാനാ വസന്ത ഋതുവിന് ഒരു വമ്പന്‍ യാത്രയയപ്പ്‌ നല്‍കി.

അന്നുമുതല്‍ ഋതുപ്പകര്‍ച്ചകളെ ഞാന്‍ ആഗ്രഹിക്കാറേയില്ല. തോട്ടത്തിലെ പൂക്കുന്ന ചെടികളെല്ലാം വെട്ടിക്കളഞ്ഞ്‌ ഞാന്‍ പൂക്കാത്ത പാഴ്‌ച്ചെടികള്‍ വച്ചു പിടിപ്പിച്ചു. വസന്തം ഇനിയും വഴിതെറ്റിക്കയറാതിരിക്കാന്‍ ഞാനെന്റെ എട്ടുകാലിക്കൂട്ടരെ കാവല്‍മാലാഖമാരാക്കി. ചെയ്യുന്ന ജോലിക്ക്‌ അവര്‍ ബോണവും അലവന്‍സും ചോദിച്ചാല്‍? വലനെയ്യാനായി അവര്‍ക്കെന്റെ മുടിയിഴകള്‍ നല്‍കാം.

വലനെയ്‌ത്‌ നെയ്‌തു കാലമേറെക്കഴിഞ്ഞിരിക്കുന്നു. അവര്‍ പറയുന്നു ഇപ്പോള്‍ ഞാനൊരുവിധം നന്നായി വിലനെയ്യുമെന്ന്‌. എന്നിട്ടും വലനെയ്‌ത്തിന്റെ ഏതോ ഒരു പടവ്‌ അവര്‍ എന്നില്‍ നിന്നും മറച്ചുപിടിക്കുന്നു. എങ്കിലും അവസാനം എനിക്കാ ഘടകവും വെളിപ്പെട്ടു. ഇനിയവരെന്ത്‌ ഒളിച്ചുവയ്‌ക്കാനാണ്‌.

ഇന്ദ്രിയങ്ങളുടെ കവാടങ്ങളിലെല്ലാം വലനെയ്‌തുവയ്‌ക്കാം. എങ്കിലും ഇളം കാറ്റില്‍പ്പോലും വലകളിളകി അതിന്റെ പഴുതിലൂടെ ഭൂതവും വര്‍ത്തമാനവും ശക്തമാകുന്നു. ഭാവിമാത്രം തിരിച്ചറിവുകള്‍ തേടാതെ......... ഒരു വേള കാറ്റുനിലയ്‌ക്കുമ്പോള്‍ എല്ലാം വീണ്ടും ഭദ്രം. ഇതിനിടെ സ്വര്‍ഗത്തില്‍ നിന്നും വിടപറഞ്ഞ പ്രിയ്യപ്പെട്ടവര്‍ വന്നു വിളിച്ചു.

സ്വര്‍ഗത്തിലെ കൊതുകു കടിയില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ക്ക്‌ വലകള്‍ വേണമെന്ന്‌. അവര്‍ക്കായി ഞാന്‍ പഠിച്ച വിദ്യയുടെ സാങ്കേതികതയെ മാറ്റിമറിച്ചു. കൂട്ടുകാര്‍ ഭയന്നുപോയെന്നു തോന്നുന്നു. എങ്കിലും വകളെല്ലാം വിറ്റുപോയി, അതിനിടെ സ്വര്‍ഗത്തിനെക്കുറിച്ച്‌ ചോദിക്കാന്‍ ഞാന്‍ മറക്കുകയും ചെയ്‌തു.

പിന്നെ വീണ്ടും വേനല്‍മഴ കഴിഞ്ഞ്‌ മഴക്കാലം വന്നു. ഞാന്‍ വലനെയ്യാതായി, കൂട്ടുകാരില്‍പ്പലരും ഉത്തരങ്ങളില്‍ത്തൂങ്ങിക്കിടന്നു. ഇടക്ക്‌ ഞാന്‍ വീണ്ടും ചിന്തകളുടെ കുന്നുകള്‍ കയറി താഴ്‌ വാരങ്ങളിലൂടെ നദികള്‍കടന്ന് നിസ്സീമമായ കടല്‍ക്കരയില്‍. അതറിഞ്ഞ്‌ അവരിങ്ങിവന്നു. ചിന്തകളാല്‍ ചൂടുപിടിക്കുന്ന എന്റെ മസ്‌തിഷ്‌കത്തെ വീശിത്തണുപ്പിച്ച്‌ അവര്‍ ഉറക്കമിളച്ചിരിക്കുന്നു.

വലനെയ്‌ത്‌ ഞാന്‍ നിശ്ചലമാക്കിയ ഘടികാരസൂചികളില്‍ നിന്നും അവര്‍ വലകള്‍ പറിച്ചുമാറ്റുന്നു , പിന്നെ പതിയെ എന്റെ കണ്ണുകളില്‍ നിന്നും അവര്‍ വലകള്‍ എടുത്തുമാറ്റിക്കൊണ്ടിരിക്കുന്നു എനിക്ക്‌ മുറിയാതിരിക്കാന്‍ അവരേറെ ശ്രമിച്ചിരുന്നു. എന്നിട്ടും പലേടത്തും ചെറിയ ചെറിയ നീറ്റല്‍, ആ മുറിവുകള്‍ പഴുത്ത്‌ വ്രണമാവാതിരിക്കാന്‍ അവര്‍ ഉള്ളട്ടക്കരികള്‍ കൊണ്ടുവന്ന്‌ ഔഷധമാക്കുന്നു. അങ്ങനെ കാഴ്‌ചയിലെ മങ്ങല്‍ മാറി. അക്ഷരത്തെറ്റുകളില്‍ നിന്നും ഞാന്‍ പതിയെ ചിന്തയുടെ നേര്‍രേഖയിലേയ്‌ക്ക്‌.

ഇപ്പോള്‍ എനിക്ക്‌ കാണാം കൊടും താപമായി അരികിലുണ്ടായിരുന്ന ഒരു രൂപം പതിയെ തിരിച്ചു നടക്കുന്നത്‌. മഞ്ഞുമലകള്‍ താണ്ടി കാണാമറയത്താവുന്നത്‌. അസ്വാഭാവികതയുടെ നിഴലാട്ടം കഴിഞ്ഞ്‌ എന്നെ തിരികെയേല്‍പ്പിച്ച്‌ അവര്‍ വിടപറയാനൊരുങ്ങുന്നു. ഞാനെങ്ങനെയാണ്‌ വിട നല്‍കേണ്ടത്‌? ഇനിയെനിക്കാരാണ?യാത്രയാക്കാന്‍ വയ്യെന്ന്‌ പറയുമ്പോള്‍ അവര്‍ ഒരുമിച്ച്‌ പറയുന്നു.

ഞങ്ങളിനിയും വരും ചിന്തികള്‍ക്ക്‌ ചൂടുപിടിച്ച്‌ നീ തളരുന്പോള്‍ നേര്‍ത്ത വലകളുമായി സ്വീകരിയ്‌ക്കാന്‍. മതി അത്രയും മതി, എനിക്ക്‌ കാത്തിരിക്കാമല്ലോ. ഇനിയവര്‍ പോകുന്നത്‌ എന്റെ കൂട്ടുകാരനടുത്തേയ്‌ക്കാണ്‌ നനുത്ത തൂവലുകളാല്‍ അവന്‌ കളിത്തൊട്ടിലൊരുക്കാന്‍, നൂലുകളാല്‍ മഴമേഘങ്ങളെ കെട്ടിവലിച്ച്‌ കൊണ്ടുവന്ന്‌ അശാന്തമായ അവന്റെ ഭൂരൂപങ്ങളില്‍ മഴപെയ്യിക്കുവാന്‍

പിന്നെ ഏറെനാള്‍ ഞാനൊറ്റക്കായിരുന്നു. അവര്‍ പറഞ്ഞതുപോലെ ഞാന്‍ ആകുലതകളെ വാക്കുകളും വാചകങ്ങളുമാക്കുന്നു. ഇതിനിടെ മഴ നനഞ്ഞു വന്നവര്‍ പറഞ്ഞു. പുതിയ ദൗത്യത്തില്‍ അവര്‍ വിജയം കൈവരിച്ചെന്ന്‌. അസ്‌പഷ്ടതകളില്‍ നിന്നും അവനെപ്പിടിച്ച്‌ ജീവിതത്തിന്റെ സ്‌പഷ്ടമായ വഴിത്താരകളില്‍ കെട്ടിയിട്ട്‌ നക്ഷത്രങ്ങളെ കാവലാക്കിയെന്ന്‌.

മഴപെയ്‌തുപടരുന്ന അവന്റെ മരുഭൂമികളിലേയ്‌ക്ക്‌ ഞാനെന്റെ വസന്തത്തെ ഇഷ്ടദാനം നല്‍കുന്നു. പോവുന്നതിന്‌ മുമ്പ്‌ എട്ടുകാലിക്കൂട്ടരെനിക്ക്‌ മുമ്പില്‍ ഒരു ലക്ഷ്‌മണരേഖ വരച്ചിട്ടിരുന്നു. നിഴലുകളുമായി ഞാന്‍ കണ്ണുപൊത്തിക്കളിക്കാതിരിക്കാന്‍ പലപ്പോഴും ഞാനത്‌ മറികടന്നുപോയി, എങ്കിലും ഇപ്പോള്‍ നിഴലുകളും മുഖം മൂടികളും കണ്ട്‌ ഞാന്‍ ഭയപ്പെടാറില്ല മോഹിക്കാറുമില്ല.

ഇപ്പോള്‍ ഉത്തരങ്ങളിലൊന്നും അവരെക്കാണാറേയില്ല. ഇടക്ക്‌ നടവഴികളിലെ ചെടികളില്‍ച്ചിലതില്‍ കണ്ടെങ്കിലായി. എങ്കിലും ഉത്തരാധുനികതയില്‍ അവര്‍ക്ക്‌ വലനെയ്യുവാനായി ഞാനെന്റെ വീടിന്റെ ഉത്തരങ്ങള്‍ പൊളിക്കാതിട്ടിരിക്കുന്നു. അതില്‍ തലകീഴായിക്കുന്ന അവരോട്‌ എനിക്ക്‌ സംവദിക്കാന്‍.

അനാദികാലത്തോളം അവരെയും കാത്ത്‌ ഞാനിരിക്കും. ജന്മാന്തരങ്ങളിലെവിടെയോ നഷ്ടപ്പെട്ട പ്രിയ്യപ്പെട്ടവര്‍ക്കായിട്ടെന്നപോലെ. ഇനിയും എന്റെ ചിന്തകള്‍ക്ക്‌ തീപിടിച്ചെങ്കില്‍ അസ്‌പഷ്ടതയുടെ കാണാക്കയങ്ങളിലേയ്‌ക്ക്‌ ഞാന്‍ വീണുപോയെങ്കില്‍.......എങ്കിലവര്‍ വരുമായിരുന്നു നേര്‍ത്ത വലനൂലുകളുമായി. ഇനി വലനെയ്യാന്‍ ഇടമില്ലാഞ്ഞിട്ടാണെങ്കില്‍ അവരെന്റെ മുടിയിഴകളില്‍ കയറി വസിച്ചുകൊള്ളട്ടെ......

9 അഭിപ്രായങ്ങൾ:

 1. ...ദുരൂഹതകളുടെ ഉന്മാദാണുക്കള്‍ ചിന്തയില്‍ മുത്തമിടാതിരിക്കട്ടെ...
  വഴിതെറ്റാതെ ഒരു വസന്തവും കാലേകൂട്ടി തീരുമാനിച്ചു കടന്നു വരാറില്ല
  അങ്ങനെ വരുന്നതൊക്കെ വിരസമായ രാപ്പകലുകളാല്‍ മടുപ്പിച്ചു കളയും...
  ചിന്തയിലെ ചാരം വകഞ്ഞ് പുകയുന്ന കൊള്ളികള്‍ പുറത്തേക്കെറിയുക
  ജ്വലിക്കുന്നവ മാത്രം ബാക്കി വെക്കുക..അല്ലായെങ്കില്‍ സ്വയം നീറിപ്പോകും..

  മറുപടിഇല്ലാതാക്കൂ
 2. നന്നായിരിക്കുന്നു.ചിലന്തിയെ പാഠശാലയാക്കി യുദ്ധങ്ങൾ ജയിച്ച രാജാവിന്റെ കഥ ഓർത്തു.
  ഈ ഉത്തരാധുനികതയൊക്കെ എന്തർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്?
  മേഘങ്ങളെ കെട്ടിവരിഞ്ഞുകൊണ്ടുവരിക,നിഴലുകളുമായി കണ്ണുപൊത്തിക്കളിക്കാതിരിക്കാൻ ലക്ഷ്മണരേഖ വരച്ചിടുക തുടങ്ങിയ പ്രയോഗങ്ങൾക്കു മുന്നിൽ സലാം.
  കുറച്ചുകൂടി എഡിറ്റിങ്ങിനു ശ്രമിച്ചിരുന്നെങ്കിൽ.....
  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 4. njan onnu koodi vayichu nokki rekshyilla.....dahikkunnilla.....ente achan angamaliyile president anennu koodi avasanam paranjirunnenkil mohanlal chothikkunna pole chothikkamayirunnu....."APPO........" ha ha ha

  മറുപടിഇല്ലാതാക്കൂ
 5. എനിക്കിതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലല്ലോ:( ഒന്നുകൂടി പരിശ്രമിച്ചു നോക്കൂ. അതല്ല എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അതില്‍ യാതൊരു ആക്ഷേപവുമില്ല. മറ്റാരെങ്കിലും ഒക്കെ അതു പറഞ്ഞെങ്കില്‍ കാര്യം സ്ഥിരീകരിക്കാമായിരുന്നുവെന്ന് കരുതിയിരിക്കുന്പോഴാ രാജാവിന്‍റെ സ്വന്തം മകന്‍ ഇങ്ങനെ ഒരു അഭിപ്രായം പറയുന്നത്. മറ്റ് ബ്ലോഗുകളും വായിക്കൂ അപ്പോ താനേ വിവരം വച്ചോളും

  മറുപടിഇല്ലാതാക്കൂ
 6. നല്ല ശൈലി.... കേട്ടിട്ടില്ലാത്ത കുറെ പ്രയോഗങ്ങള്‍...പക്ഷെ അക്ഷര പിശാചുകള്‍ രസം കൊല്ലുന്നു.... എഡിറ്റിങ്ങ് അനിവാര്യം!

  മറുപടിഇല്ലാതാക്കൂ
 7. ഇത്രേം നീണ്ട ഈ സംഗതി വായിക്കാന്‍ ആരെങ്കിലും തയ്യാറാവുമോ എന്നെനിക്ക് നന്നേ സംശയമുണ്ടായിരുന്നു. ഇത്രയും ക്ഷമയുള്ള ആളുകളുണ്ടെന്ന മനസ്സിലായപ്പോള്‍ എനിക്ക് തുള്ളിച്ചാടാന്‍ തോന്നി. അക്ഷരത്തെറ്റുകള്‍ ഞാന്‍ തിരുത്തിയിട്ടുണ്ട്. എഡിറ്റിങിന് വേണ്ടി ‍ഞാന്‍ ശ്രമിച്ചിരുന്നില്ല. എഴുതി പോസ്റ്റി അത്ര തന്നെ. പിന്നെ വായിച്ചപ്പോഴാണ് തെറ്റുകള്‍ കണ്ടത്. തിരുത്തിയിട്ടുണ്ട്. എഡിറ്റിങിന്‍റെ രീതിശാസ്ത്രം കയ്യിലൊതുങ്ങുന്നില്ല

  മറുപടിഇല്ലാതാക്കൂ