2009, മേയ് 24, ഞായറാഴ്‌ച

വൈകിപ്പോയ ഒരു വഴിപാട്


ഒരാഴ്‌ച കഴിഞ്ഞുപോയത്‌ ഞാന്‍ അറിഞ്ഞതേയില്ല. യാത്രകളും പ്രാര്‍ത്ഥകളും ഒക്കെയായി ഒരാഴ്‌ചയിലെ മുഴുവന്‍ സമയവും ഞാന്‍ എന്റെ കുടുംബത്തിനൊപ്പമായിരുന്നു. മുത്തശ്ശിയുടെ നേര്‍ച്ചപ്രകാരം ഗുരുവായൂരില്‍ തൊഴല്‍, പൂജകള്‍, പ്രാര്‍ത്ഥന എന്നിങ്ങനെ പറയേണ്ട പൂരം മൊത്തം ആത്മീയമായിരുന്നു ഇക്കഴിഞ്ഞയാഴ്‌ച മുഴുവന്‍.

ഏറെ നാള്‍ കഴിഞ്ഞാണ്‌ ഗുരുവായൂരപ്പനെ കാണാന്‍ പോകുന്നത്‌. അദ്ദേഹത്തിന്‌ വലിയ വ്യത്യാസം ഒന്നും ഇല്ലെങ്കിലും ചുറ്റുപാടുകളില്‍ നല്ല മാറ്റം. എന്തായാലും എനിക്ക്‌ വേണ്ടിയുള്ള മുത്തശ്ശീടെം അമ്മേടേം പ്രാര്‍ത്ഥനകളും വഴിപാടുകളും ഒക്കെ കഴിയുമ്പോഴേയ്‌ക്കും അച്ഛന്റെ കീശ ഏതാണ്ട്‌ കാലിയായിക്കാണുമെന്നുറപ്പ്‌.

മൂന്നു ദിവസം ഗുരുവായൂരില്‍ ഞങ്ങള്‍ അടിച്ചുപൊളിച്ചു. അനിയന്‍കുട്ടീം കൂടെയുണ്ടായിരുന്നതുകൊണ്ട്‌. പലപ്പോഴും ഇന്‍സ്‌റ്റന്റ്‌ തമാശകള്‍ കാരണം ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. സാധാരണ അമ്പലത്തില്‍ പോകാന്‍ പറയുമ്പോഴൊക്കെ മുഖം തിരിച്ച്‌ നില്‍ക്കാറുണ്ടായിരുന്ന ഞാന്‍ ഗുരുവായൂരില്‍ പോകാം എന്നൊരു ഓപ്‌ഷന്‍ അച്ഛന്‍ മുന്നോട്ട്‌ വച്ചപ്പോ ചാടി അപ്രൂവ്‌ ചെയ്‌തു.

മുത്തശ്ശിയ്‌ക്കും അമ്മയ്‌ക്കും ആകെ അമ്പരപ്പായിരുന്നു. കമ്യൂണിസ്റ്റുകാരായ ചെറിയച്ഛന്മാര്‍ എന്നെ ഒരു നിരീശ്വരവാദി ആക്കിമാറ്റിയെന്ന്‌ പരാതി പറയാറുള്ള അവര്‍ പിന്നെ ഞാന്‍ ഗുരുവായൂരേയ്‌ക്ക്‌ ചാടി പുറപ്പെട്ടാ അമ്പരക്കാതിരിക്യോ. അങ്ങനെ യാത്ര തുടങ്ങി. നിര്‍മ്മാല്യം തൊഴാന്‍ തിക്കിത്തിരക്കി അകത്ത്‌ കടന്ന്‌ പ്രസാദോം വാങ്ങി കൊടിമരത്തിന്‌ കീഴില്‍ എത്തിയപ്പോ ഞാന്‍ പെട്ടെന്ന്‌ അടിയെണ്ണി പ്രദക്ഷിണം വയ്‌ക്കാന്‍ തുടങ്ങി.

( പുരുഷന്മാര്‍ ശയനപ്രദക്ഷിണം നടത്തുന്നതുപോലെ സ്‌ത്രീകള്‍ക്ക്‌ ചെയ്യാവുന്ന ഒരു പ്രാര്‍ത്ഥനാ രീതിയാണിത്‌, സാധാരണ നടക്കുന്നതുപോലെ നടക്കുന്നതിന്‌ പകരം പ്രദക്ഷിണവഴി ഓരോ പാദവും അടുപ്പിച്ച്‌ വച്ച്‌ അളന്ന്‌ നടക്കുക)

അച്ഛന്‍ അമ്മ മുത്തശ്ശി അനിയന്‍ ആദിയായവരെല്ലാം ഇതെന്തുകഥയെന്നോര്‍ത്ത്‌ എന്റെ പിന്നാലെ വന്നു. ഞാന്‍ പറഞ്ഞു എനിക്ക്‌ അടിയെണ്ണി പ്രദക്ഷിണം വയ്‌ക്കണം അച്ഛന്‍ വീണ്ടും ചോദ്യഭാവത്തില്‍ എന്നെ നോക്കി ഞാനൊന്ന്‌ ചിരിച്ച്‌ കാണിച്ചു. അതോടെ അച്ഛന്‍ പോയി ഊട്ടുപുരേടെ പടിയിലിരുന്നു. മുത്തശ്ശിയ്‌ക്ക്‌ പെരുത്ത്‌ സന്തോഷായി. എന്റെ കുട്ടിയെ രക്ഷിയ്‌ക്കണേന്നും പറഞ്ഞ്‌ മുത്തശ്ശീം അനിയനും അമ്മയും എന്നെ അനുഗമിച്ചു. അടിയെണ്ണി മൂന്നു പ്രദക്ഷിണം ശ്ശി കടുപ്പായിരുന്നു.

ന്നാലും ഞാന്‍ അടിപിഴയ്‌ക്കാതെ മുന്നെണ്ണം വിജയകരമായി പൂര്‍ത്തിയാക്കി. നടക്കല്‍ കുമ്പിട്ട്‌ തൊഴുതു. എന്തോ എന്റെ മനസ്സിനാകെ ഒരു സമാധാനം. കുറച്ച്‌ കാലം പഴക്കമുള്ള ഒരു വഴിപാടായിരുന്നു അത്‌. എന്തായാലും ഗുരുവായൂരപ്പന്‌ അത്‌ വൈകിയതിലുള്ള പരിഭവം തീര്‍ന്നുകാണണം. എനിക്ക്‌ ഏറ്റവും അടുപ്പമുള്ളയൊരാള്‍ക്ക്‌ ഒരസുഖം വന്നപ്പോ അത്‌ വേഗം മാറ്റണേന്നും പറഞ്ഞ്‌ പേടിച്ച്‌ ഞാന്‍ നേര്‍ന്നതായിരുന്നു ഈ അടിയെണ്ണല്‍ പാര്‍ത്ഥനേം ഒരു നെയ്‌ വിളക്കും.

മുത്തശ്ശീം അനിയനും ഒക്കെ സന്തോഷത്തോടെ മെല്ലെ തുലാഭാരം നടത്താനുള്ള കൗണ്ടറിനടുത്തേയ്‌ക്ക്‌ നീങ്ങി. ഇതിനിടെ അമ്മ എന്റെ അടുത്ത്‌ വന്ന്‌ ഈ വഴിപാടിന്റെ രഹസ്യം അന്വേഷിച്ചു. കാര്യം ഞാന്‍ പറഞ്ഞപ്പോ, ചോദ്യഭാവത്തിലൊന്ന്‌ നോക്കി അമ്മ മുന്നോട്ട്‌ നടന്നു. കൗണ്ടറിനടുത്ത്‌ ക്യൂ നില്‍ക്കുന്നതിനിടെ ഞാന്‍ മറ്റൊരു വഴിപാടിന്റെ കൂടികാര്യം പറഞ്ഞപ്പോ അമ്മശരിയ്‌ക്കും സങ്കടപ്പെട്ടു. പക്ഷേ അച്ഛന്റെം അനിയന്റേം കണ്ണില്‍പ്പെടാതെ അമ്മ ആ വഴിപാടിനും പണമടച്ച്‌ റസീറ്റ്‌ വാങ്ങി.

വഴിപാടുകളും പ്രാര്‍ത്ഥനകളും എല്ലാം കഴിഞ്ഞ്‌ തിരിച്ച്‌ മുറിയിലേയ്‌ക്ക്‌ നടക്കുമ്പോള്‍ അമ്മയുടെ കണ്ണില്‍ ഒരു നനവുണ്ടായിരുന്നു. അച്ഛന്‍ എത്ര ചോദിച്ചിട്ടും അമ്മ ഒന്നും പറഞ്ഞില്ല. പക്ഷേ എനിക്കറിയാമായിരുന്നു. ആ നനവിന്റെ അര്‍ത്ഥം. ഞാനമ്മയുടെ കൈത്തലം എന്റെ കൈയ്‌ക്കുള്ളിലാക്കി ഒന്നു മുറുകെ പിടിച്ച്‌ ഉള്ളുനിറഞ്ഞ്‌ ഒന്നു ചിരിച്ചുകാണിച്ചു. അമ്മയ്‌ക്ക്‌ സമാധാനമായെന്ന്‌ തോന്നു. ഇതൊക്കെയല്ലെ അമ്മേ എനിക്ക്‌ ചെയ്യാന്‍ കഴിയൂ എന്ന്‌ ഞാന്‍ പറഞ്ഞപ്പോ. അമ്മയും വേദന നിറഞ്ഞ ഒരു ചിരി എനിക്ക്‌ സമ്മാനിച്ചു.

അപ്പോഴേയ്‌ക്കും അച്ഛനും കുട്ടനും മുത്തശ്ശീം കൂടി തെരുവോരത്തെ കടകളിലേയ്‌ക്ക്‌ നീങ്ങിയിരുന്നു. ഓരോന്നും വിലിച്ചിട്ട്‌ തപ്പിയെടുക്കുന്നതിനിടെ അച്ഛനും അനിയനും സ്ഥലത്തുനിന്നും പതിയെ സ്‌കൂട്ടായി റോഡിന്‌ മറുവശത്തുള്ള ഒരു കടയിലേയ്‌ക്ക്‌ നീങ്ങുന്നു. അച്ഛനെ അനിയന്‍ കെട്ടിപ്പിടിച്ചതില്‍ ഒരു വശപ്പിശക്‌ തോന്നിയാണ്‌ ഞാന്‍ അമ്മേം മുത്തശ്ശിയേം കടയിലാക്കി വേഗം റോഡ്‌ ക്രാസ്‌ ചെയ്‌ത്‌ അപ്പുറത്തെത്തിയത്‌.

അവിടെ അച്ഛനും മോനും തമ്മില്‍ തര്‍ക്കം നടക്കുന്നു. കാര്യം മറ്റൊന്നുമല്ല മകന്റെ കാമുകിയ്‌ക്ക്‌ ഒരു സമ്മാനം വാങ്ങണം. അനിയന്‍ ഓരോ തറ സാധനങ്ങള്‍ സെലക്ട്‌ ചെയ്യുന്നു, മാല, വള എന്നിങ്ങനെ, അച്ഛനാണേല്‍ ഒരു രാധാകൃഷ്‌ണ പ്രതിമയില്‍ പിടിച്ച്‌ ഇതുമതീംന്നും പറഞ്ഞ്‌ വാശിപിടിച്ച്‌ നില്‍ക്കുന്നു. നോക്കണേ കാര്യം അവസാനം ഞാനും അച്ഛന്റെ വശം ചേര്‍ന്നു.

അങ്ങനെ ഭാവി നാത്തൂന്‌ വേണ്ടി രാധാകൃഷ്‌ണ പ്രതിമ വാങ്ങി. പിന്നെ അമ്മേം മുത്തശ്ശീം തെരുവ്‌ മുഴുവന്‍ നടന്ന്‌ വേണ്ടതും വേണ്ടാത്തതും ഒക്കെക്കൂടി വാങ്ങി മുറിയില്‍ക്കയറി. അവിടെ ഞങ്ങളെല്ലാരുംകൂടി ഇരുന്ന്‌ ഗുസ്‌തി പിടിച്ചു. കത്തിവച്ചു, പാട്ടുപാടി അങ്ങനെ അങ്ങനെ ആകെ രസായിരുന്നു. പക്ഷേ അപ്പോഴും അമ്മയുടെ മുഖത്ത്‌ മാത്രം ചെറിയൊരു മ്ലാനത മറ്റേക്കാര്യം ഓര്‍ത്തിട്ടേ, അടിയെണ്ണല്‍.

ആസങ്കടം ഞാന്‍ തിരികെ ബാംഗ്ലൂരേയ്‌ക്ക്‌ വണ്ടികയറുന്നതുവരെ അമ്മയുടെ കണ്ണിലുണ്ടായിരുന്നു. കൂടുതലൊന്നും പറയാനില്ലാത്ത കാര്യമായതുകൊണ്ടാകാം അമ്മയൊന്നും ചോദിച്ചില്ല, ഞാനൊന്നും പറഞ്ഞുമില്ല. ഇതിനിടെ മറ്റൊരു മഹാസംഭവം നടന്നു. എന്റെ കല്യാണം നടക്കാന്‍ ദമ്പതീ പൂജ. എന്റമ്മോ ഒരു ദിവസം മുഴുവന്‍ വെള്ളം മാത്രം കുടിച്ച്‌ ഞാന്‍ വശം കെട്ടു.

അവസാനം ഉച്ചയോടടുത്തപ്പോ അച്ഛാ ഞാന്‍ വേണേല്‍ രണ്ടുകെട്ടിക്കോളാം എനിയ്‌ക്കിത്തിരി ചോറുതായെന്നും പറഞ്ഞ്‌ ഞാന്‍ കരയേണ്ടി വന്നു. പക്ഷേ ഏറ്റില്ല അവാസനം വൈകീട്ട്‌ അഞ്ചുമണിയ്‌ക്ക്‌ തുടങ്ങിയ പൂജ അവസാനിച്ചത്‌ രാത്രി 10 മണിയ്‌ക്ക്‌ പൂജയുടെ പ്രസാദമായിരുന്നു അന്നത്തെ ആകെയുള്ള എന്റെ ഭക്ഷണം.

ഒരു സിമ്പോളിക്‌ വിവാഹം അതാണ്‌ ദമ്പതീ പൂജ(ഇതൊക്കെ തപ്പിമനസ്സിലാക്കിയെടുക്കുന്നത്‌ മുത്തശ്ശിയാണേ) കല്യാണത്തിന്‌ വേണ്ടപോലെ പുടവയും മുല്ലപ്പൂവും എല്ലാം വേണം. വരനുള്ളത്‌ ഒരു താലത്തിലും വധുവിനുള്ളത്‌ മറ്റൊരു താലത്തിലും വയ്‌ക്കും. പൂജയ്‌ക്കിടെ എന്നോട്‌ ഏതെങ്കിലും ഒരു താലം എടുക്കാന്‍ പറഞ്ഞു.

വരന്‌ വച്ച താലത്തിലെ ഷര്‍ട്ടിനുള്ള ലൈറ്റ്‌ ബ്ലൂ സില്‍ക്‌ തുണി കണ്ടിട്ടോ എന്തോ ഞാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കാതെ ആ താലമെടുത്തു. അപ്പോ പൂജാരി ചിരിച്ചുകൊണ്ട്‌ എന്നോട്‌ പറയാ ഇനി ഇഷ്ടമംഗല്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിച്ചോളൂ എന്ന്‌. അതുവരെ ശീഘ്ര മംഗല്യത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞ പൂജാരി എന്തേ അങ്ങനെ പറയാനെന്ന്‌ എനിക്ക്‌ മനസ്സിലായില്ല.

എന്തായാലും മംഗല്യം എന്നൊരു പരിപാടിയെക്കുറിച്ച്‌ ചിന്തിക്കാത്തതുകൊണ്ടുതന്നെ അമ്മ ദീര്‍ഘ സുമംഗലിയായിരിക്കണേ എന്നും പ്രാര്‍ത്ഥിച്ച്‌ ഞാന്‍ പൂജേം കണ്ടു നിന്നു. അവസാനം തന്ന പ്രസാദം ആക്രാന്തത്തോടെ വലിച്ചുവാരി തിന്നു. തിരിച്ചുപോകുമ്പോ ഇങ്ങനെ ഓരോപൂജ നടത്തി എന്നെ ശിക്ഷിക്കുന്നതിന്‌ ഞാന്‍ മുത്തശ്ശിയ്‌ക്കിട്ട്‌ നല്ല കുത്തും നുള്ളും കൊടുത്തു. അല്ലാണ്ടെന്ത്‌ ചെയ്യാന്‍.

എന്തായാലും ദമ്പതീ പൂജേം ഗുരുവായൂര്‍ ദര്‍ശനോ ഒക്കെ കഴിഞ്ഞപ്പോഴേയ്‌ക്കും എന്റെ കാല്‌ പിണങ്ങി. പിന്നെ ഡോക്ടറെക്കണ്ട്‌ മരുന്നും കഴിച്ച്‌ പറഞ്ഞതില്‍ക്കൂടുതല്‍ അവധീം എടുത്ത്‌ അനങ്ങാതിരിക്കേണ്ടിവന്നു. അവസാനം നടക്കാന്‍ പാകമായപ്പോള്‍ ഞാന്‍ തിരികെ വണ്ടികയറി. എങ്കിലും രസായിരുന്നു. എല്ലാരുമൊത്ത്‌ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും അകന്ന്‌. അച്ഛനോടും അനിയോനോടും ഗുസ്‌തിപിടിച്ച്‌. അമ്മയോടും മുത്തശ്ശിയോടും കുറുമ്പ്‌ കാണിച്ച്‌ ഞാന്‍ ശരിയ്‌ക്കും ആസ്വദിച്ചു.

ബസ്സിലിരുന്ന്‌ ഞാനാലോചിച്ചത്‌ ഇതായിരുന്നു ഞാന്‍ ഒരു ഈശ്വരവാദിയോ നിരീശ്വരവാദിയോ ഉത്തരം കിട്ടുന്നേയില്ല. ചിലപ്പോ ഈ അവസരവാദ രാഷ്ട്രീയക്കാരെപ്പോലെയാ ഞാന്‍ പെരുമാറുന്നേ. പലസമയത്തും ദൈവത്തിന്റെ മൈന്റ്‌ ചെയ്യാതെ ചില കാര്യങ്ങള്‍ സ്വന്തം കൈപ്പിടിയില്‍ നില്‍ക്കില്ലെന്ന്‌ തോന്നുമ്പോ ചാടിക്കേറി ഓരോ വഴിപാട്‌ അങ്ങ്‌ നേരും. ആലോചിച്ചപ്പോ എനിക്ക്‌ ചിരിവന്നു. പിന്നെ ഗുരുവായൂരപ്പനല്ലേ മൂപ്പര്‌ സഹിച്ചോളും എന്നതുമാത്രമാണെന്റെ ശിവനേ എന്റെയൊരു സമാധാനം

10 അഭിപ്രായങ്ങൾ:

  1. അമ്പടി കള്ളീീ...അവസരവാദ ഈശ്വരവാദിയാണല്ലേ???
    എന്തായാലും സന്തോഷമായ ഒരു പോസ്റ്റു കണ്ടല്ലൊ?
    അതു തന്നെ ധാരാളം..:)

    മറുപടിഇല്ലാതാക്കൂ
  2. ജീവിതത്തെ കൂടുതൽ ജീവിതവ്യമാക്കുന്നത് എന്തോ,അത് ചെയ്യുക.
    നിരീശ്വരമെങ്കിൽ അത്.അല്ലെങ്കിൽ അത്.
    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  3. നാട്ടില്‍ ആയിരുന്നപ്പോ 2,3 മാസത്തില്‍ ഒരിക്കലെങ്കിലും ഗുരുവായൂരപ്പന്‍റെ അടുത്ത് പോവുമായിരുന്നു.. ഇപ്പൊ അതിനു കഴിയുന്നില്യ .. പന്തലും ചുറ്റ്‌ മതിലും ഊട്ടുപുരയും ഒക്കെ ഓര്‍ക്കുമ്പോ.. ഇപ്പൊ വീണ്ടും ഉടനെ പോവാന്‍ തോന്നുന്നു..

    മറുപടിഇല്ലാതാക്കൂ
  4. oh athayirunnu alle 1 week anakkam onnum illayirunneyyy....njan karuthi kettipoyikkanum ennu....enthayalum kollam....waiting for next post......

    മറുപടിഇല്ലാതാക്കൂ
  5. സിജി,
    ഒരു ഗുരുവായൂര്‍ സന്ദര്‍ശനം വായിച്ചു. അത്ര രസകരമായി തോന്നിയില്ല. എങ്കിലും വായിച്ചു. സിജി എഴുതുന്നതല്ലെ? പിന്നെ ഈശ്വര വിശ്വാസത്തിലുള്ള അവസരവാദം. കമ്മ്യൂണിസത്തില്‍ ഒരിക്കലും പറഞ്ഞിട്ടില്ല ഈശ്വരനില്‍ വിശ്വസിക്കരുതെന്ന്. പക്ഷെ കമ്മ്യൂണിസ്റ്റുക്കാര്‍ സാധാരണ ഈശ്വര വിശ്വാസികളല്ല. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന പേക്കൂത്തുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ ഓശാന പാടാറില്ല. ഒരര്‍ത്ഥത്തില്‍ നമ്മളെല്ലാവരും വിശ്വാസികളാണ്. ചിലര്‍ ബൈബിളില്‍, ചിലര്‍ ഖുറാനില്‍, ചിലര്‍ ഹൈന്ദവ പുരാണങ്ങളില്‍ മറ്റുചിലര്‍ നിരീശ്വരവാദത്തില്‍ വേറെ ചിലര്‍ NOTHINGNESS ത്തില്‍. ബര്‍ട്ടന്റ് റസലിനെ പോലുള്ളവര്‍ എല്ലാം മായമാണ് എന്ന കാര്യവും സമര്‍ത്ഥിക്കുന്നു. ഏതില്‍ വിശ്വസിച്ചാലും നന്മയാണ് നാം ഇച്ഛിക്കേണ്ടത്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും. സിജിയുടെ ചിന്ത നന്മയായിരുന്നെങ്കില്‍ ഗുരുവായൂരപ്പനെ കണ്ടതില്‍ കുണ്ഠിതപ്പെടേണ്ടതില്ല. അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചതില്‍ സിജിയെ ഒരു അവസരവാദിയായി കണക്കു കൂട്ടാം. അല്ലാതെ മറ്റൊരു അര്‍ത്ഥത്തിലല്ല. തുടര്‍ന്നും എഴുതുക.
    RAJAN VENKITANGU.

    മറുപടിഇല്ലാതാക്കൂ
  6. നന്നായി സിജിയേ...ദൈവ വിചാരം, പ്രാര്‍ത്ഥന, ഉപവാസം ഒക്കെയും വളരെനല്ലത് തന്നെ.വീട്ടുകാര്‍ക്കെല്ലാം ഒപ്പം തനിക്കും നല്ല ഒരു സമയം അതും അമൂല്യം... സിജിയെന്താ ആനകൊട്ടിലില്‍ പോയില്ലേ?

    മറുപടിഇല്ലാതാക്കൂ
  7. ഈശ്വര വിശ്വാസം മനസ്സിന് ശാന്തി നല്കുന്നതാണ്...
    മറ്റൊന്നിനും അത് കഴിയില്ല..

    മറുപടിഇല്ലാതാക്കൂ
  8. ഈശ്വര വിശ്വാസം മനസ്സിന് ശാന്തി നല്കുന്നതാണ്...
    മറ്റൊന്നിനും അത് കഴിയില്ല..

    മറുപടിഇല്ലാതാക്കൂ
  9. dear siji,
    you came to see my kannan,athum vaisakha masathil.madhava masam-vaisakha masam,if you get drshan of KANNAN,it's punyam-maha punyam.
    i'm sure you will get your life partner soon.best wishes.hope you had gone to MAMMIYOOR TEMPLE.only then,it's complete.......
    i'm at trichur now and i could not go to see KANNAN till now during this vacation.
    FOR MY LITTLE STAR,A GIFT FROM GURUVAYOOR IS ALWAYS ASTATUE OF KRISHNA!
    MAY KANNAN BLESS YOU!
    sasneham,
    oru krishna bhaktha
    sasneham,
    anu

    മറുപടിഇല്ലാതാക്കൂ
  10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ