2009, മേയ് 25, തിങ്കളാഴ്‌ച

നീ ഇറങ്ങി വരുകയാണോ?


രാവില്‍ മഴപ്പക്ഷികള്‍ ഉഴറിക്കരയുമ്പോള്‍
മനസ്സില്‍ നീ ഇറങ്ങി നടക്കാന്‍ തുടങ്ങുന്നു
മഴത്തുള്ളികളുടെ നേര്‍ത്ത ശബ്ദത്തിനിടയില്‍
മഴപ്പക്ഷിയുടെ ഉള്ളിടറിയ കരച്ചിലിനിടയില്‍
വെറുതെ ഒരു പദനിസ്വനത്തിന്‌
കാതോര്‍ത്ത്‌ ഞാനിരിക്കുന്നു

ഇവിടെ എന്റെ വിഭ്രമം തുടങ്ങുന്നു
നിന്റെ കൈകളില്‍ക്കിടന്ന്‌ ബോധം നശിയ്‌ക്കണമെന്നും
നിന്റെ മടിയില്‍ക്കിടന്ന്‌ മരണത്തെ വരിക്കണമെന്നും
ഞാനത്രമേല്‍ ആശിച്ചുപോകുന്നു
അത്രമേല്‍ ഞാനെന്നെ തനിച്ചാക്കിയിരിക്കുന്നു

നിന്നെയോര്‍ക്കുമ്പോള്‍
എന്റെ ശ്വാസഗതിപോലും
ഇന്നും വിറയ്‌ക്കുന്നതെന്താണ്‌
നീ അരികത്തുണ്ടെന്നപോലെ
ഞാന്‍ താരാട്ട്‌ മൂളുന്നതെന്തിനാണ്‌
വെറുതെ പിറിപിറുക്കുന്നതെന്തിനാണ്‌

ഇന്നും ചോരമണമുള്ള ഒരോര്‍മ്മയായി നീ
എന്നിലവശേഷിക്കുന്നു
നീ തന്ന മുറിവുകളില്‍ ചോര തോര്‍ന്നിട്ടില്ല
എനിക്ക്‌ മരിക്കാന്‍ തോന്നുമ്പോള്‍
നിന്നെയൊന്ന്‌ കാണാന്‍
എനിക്ക്‌ ജീവിക്കാന്‍ തോന്നുമ്പോള്‍
നിന്നെയൊന്നു മറക്കാന്‍
ഞാന്‍ എവിടെയാണ്‌ കാണിക്കയിടേണ്ടത്‌

ഓര്‍മ്മകള്‍ ഉരുകിയൊലിച്ച്‌ പരക്കുകയാണ്‌
അതില്‍ തിരിച്ചറിയാനാകാത്ത ഗന്ധങ്ങള്‍
കൂടിക്കലരുകയാണ്‌
എവിടെയായിരുന്നു എന്റെ തുടക്കം?
എവിടെയായിരിക്കും എന്റെ ഒടുക്കം?
നിനക്ക്‌ പറഞ്ഞുതരാന്‍ കഴിയുമോ?

ആഴക്കയത്തിലേയ്‌ക്ക്‌ ഞാനൂര്‍ന്നുപോകുമ്പോള്‍
നീട്ടിയ കൈ പിന്‍വലിച്ച്‌ നീ നടന്നകന്നത്‌
ഒരിക്കലും ഞാന്‍ കൈ നീട്ടിയിരുന്നില്ലെന്ന്‌
നീ എല്ലാവരോടും വിളിച്ചുപറഞ്ഞത്‌

അതെന്റെ ചെവിയിലിപ്പോഴും മുഴങ്ങുന്നു
നിന്റെ ശബ്ദമാണെന്റെ ബോധം നിറയെ
നിന്റെ ഗന്ധമാണെന്റെ ഓര്‍മ്മ നിറയെ
നീ തന്നെ മുറിവുകളാണെന്റെ ഉടല്‍ നിറയെ

നിനക്കെങ്ങനെ കഴിയുന്നു?
അതോ നിനക്കും കഴിയുന്നില്ലേ?
എല്ലാം സ്വപ്‌നമായിരുന്നിരിക്കാം
ആ സ്വപ്‌നത്തിന്‌ കടുന്നുവരാതിരിക്കാമായിരുന്നു
ഓര്‍മ്മകളില്‍ എന്നെ ഇത്രമേല്‍
തനിച്ചാക്കാതിരിക്കാന്‍
വേദനകളും വിഭ്രമവും തന്നെന്നെ
മൃതപ്രായയാക്കാതിരിക്കാന്‍

17 അഭിപ്രായങ്ങൾ:

 1. സിജിയുടെ വായിച്ചവയിൽ ഏറ്റവും മികച്ചൊരു സൃഷ്ടി.
  അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 2. ...പ്രണയം ഉന്മാദവും വിഭ്രമാവുമാകും ചിലപ്പോഴൊക്കെ...

  മറുപടിഇല്ലാതാക്കൂ
 3. നല്ല കവിത .....ബാക്കിയെല്ലാം മനസ്സില്‍

  മറുപടിഇല്ലാതാക്കൂ
 4. manassil orayiram pravisyam orthittulla karyangal oral nalla bhashayil paranjirikkunnu.......hats off to u.......ellavarkkum itharam feelings undalle...

  മറുപടിഇല്ലാതാക്കൂ
 5. "ഒരിക്കലും ഞാന്‍ കൈ നീട്ടിയിരുന്നില്ലെന്ന്‌
  നീ എല്ലാവരോടും വിളിച്ചുപറഞ്ഞത്‌
  അതെന്റെ ചെവിയിലിപ്പോഴും മുഴങ്ങുന്നു..." മോളെ, എന്‍റെ അമ്മ എനിക്കൊരുപദേശം തന്നു ഒരിക്കല്‍ മനസ്സേറെ മുറിപ്പെട്ടു കരയാന്‍ കഴിയാതെ ഉറങ്ങാന്‍ കഴിയാതെ വന്നൊരു നാളില്‍.അത് മോളോടും പകര്‍ന്നു തരട്ടെ ഒരു വ്യക്തിയുടെ ഏറ്റവും വലിയ ഭാഗ്യം സ്നേഹിക്കുന്നവരെ കിട്ടുക എന്നതാണ്... അമ്മയായാലും, അച്ഛനായാലും, സഹോദരനോ, സഹോദരിയോ, കാമുകനോ, ഭര്‍ത്താവോ, സുഹൃത്തോ ആരുമാകട്ടെ. നീയെത്‌ അവസ്ഥയില്‍ ആയാലും നിന്നെ സ്നേഹിക്കുന്നവരെ ആണ് കൂടെ വേണ്ടത് അല്ലാതെ നീ സ്നേതിക്കുനവര്‍ക്കൊപ്പം അല്ല. എങ്ങിനെ വേണം പ്രാര്‍ത്ഥിക്കാന്‍ എന്ന്. അതുകൊണ്ട് നിന്നെ സ്നേഹിക്കുന്ന ഞങ്ങളുടെ എല്ലാംഇടയില്‍ നിന്ന് എന്തിന് നിന്നെ വേണ്ടാത്തതിനെ ഓര്‍ത്തു വിഷമിക്കണം? അത്രയ്ക്ക് പക്വതയില്ലാത്ത സീരിയില്‍കഥപത്രമല്ല എന്ന് ജീവിതം കൊണ്ട് തെളിയിക്കുക. അതുകണ്ട് സന്തോഷിക്കാന്‍ ഞങ്ങള്‍ എല്ലാരും കൂടെ ഉണ്ട്... കമന്റ്‌ ഒത്തിരി നീളം ആയി പൊയ് അല്ലെ.ക്ഷമിക്കുമല്ലോ സ്നേഹം കൊണ്ടാണ് ഇത്രേം എഴുതിയെ.സസ്നേഹം ചേച്ചി.

  മറുപടിഇല്ലാതാക്കൂ
 6. മൊത്തത്തില്‍ വേദനിക്കുന്ന വരികളാണല്ലോ

  മറുപടിഇല്ലാതാക്കൂ
 7. അജ്ഞാതന്‍2009, മേയ് 26 8:30 PM

  നിന്നെയോര്‍ക്കുമ്പോള്‍
  എന്റെ ശ്വാസഗതിപോലും
  ഇന്നും വിറയ്‌ക്കുന്നതെന്താണ്‌
  നിനക്കെങ്ങനെ കഴിയുന്നു?
  അതോ നിനക്കും കഴിയുന്നില്ലേ?
  എല്ലാം
  ഓര്‍മ്മകളില്‍ എന്നെ ഇത്രമേല്‍
  തനിച്ചാക്കാതിരിക്കാന്‍
  .........വല്ലാത്ത വിഷമിപ്പിക്കുന്നു ഈ വരികള്‍ ഓര്‍ക്കുവാന്‍ വയ്യാ

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍2009, മേയ് 26 8:36 PM

  ആര്ക്കും എന്തും പറയാം പക്ഷ ഈ വേദന വല്ലാത്ത വേദനയ അത് അനുബവിക്കുനവര്‍ക്ക അറിയൂ

  മറുപടിഇല്ലാതാക്കൂ
 9. എനിക്ക്‌ മരിക്കാന്‍ തോന്നുമ്പോള്‍
  നിന്നെയൊന്ന്‌ കാണാന്‍
  എനിക്ക്‌ ജീവിക്കാന്‍ തോന്നുമ്പോള്‍
  നിന്നെയൊന്നു മറക്കാന്‍
  ഞാന്‍ എവിടെയാണ്‌ കാണിക്കയിടേണ്ടത്‌

  ഒരു ജന്‍മത്തിണ്റ്റെ വേദനകളെ മുഴുവന്‍ ഈ വരികളില്‍ ഉറക്കികിടത്തിയിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 11. വേദനകള്‍ മുഴുവന്‍ അര്‍ത്ഥമില്ലാത്ത വാക്കുകളാവുകയാണ് പാച്ചിക്കുട്ടിച്ചേച്ചീ. അതെഴുതിത്തീരുന്പോള്‍ എന്‍റെ വേദനകള്‍ക്ക് ശമനം വരുന്നു. വീണ്ടും വേദനിക്കുന്പോള്‍ വീണ്ടും അക്ഷരങ്ങള്‍ വരുന്നു..ഞാനെഴുതിത്തീര്‍ക്കുകയാണ്..കരയുകയല്ല...ദുഖപുത്രിയാകാന്‍ ശ്രമിക്കുകയല്ല. ചേച്ചിയ്ക്ക് അത് മനസ്സിലാവുന്നില്ലേ. ഞാന്‍ സന്തോഷിക്കുകയാണ്. ഒരുപാട് ......ഒരുപാട്........

  മറുപടിഇല്ലാതാക്കൂ
 12. സിജീ‍..
  പാച്ചിക്കുട്ടി ചേച്ചി....
  പറഞ്ഞതു ശരിയാ....
  നാം സ്നേഹിക്കുന്നവരേക്കാള്‍....
  നമ്മെ സ്നേഹിക്കുന്നവര്‍ കടന്നു വരാന്‍ പ്രാര്‍ത്ഥിക്കണം....
  പക്ഷെ..
  എല്ലാവരും സ്വാര്‍ത്ഥയായിരുന്നു....
  “നമ്മെ സ്നേഹിക്കുന്നവരേക്കാള്‍...നമുക്കിഷ്ടം .. നമ്മള്‍ സ്നേഹിക്കുന്നവരെയായിരുന്നു...“
  സ്നേഹിച്ചതിനെ.. സ്നേഹം കൊണ്ടു സ്വന്തമാക്കാം....
  സ്നേഹത്തിനു കീഴടക്കാന്‍ കഴിയാത്ത ഒന്നുമില്ല..
  പക്ഷെ...
  നമ്മള്‍ സ്നേഹിക്കുന്നവര്‍...
  നമ്മെ തിരിച്ചറിയുന്നതിനു മുന്‍പുള്ള വേദന ഈറ്റുനോവിനേക്കാള്‍ ഭയാനകമാണ്...

  മറുപടിഇല്ലാതാക്കൂ
 13. അജ്ഞാതന്‍2009, മേയ് 29 8:22 AM

  ജ്വാലാമുഖി പറഞ്ഞു... a real true
  നമ്മള്‍ സ്നേഹിക്കുന്നവര്‍...
  നമ്മെ തിരിച്ചറിയുന്നതിനു മുന്‍പുള്ള വേദന ഈറ്റുനോവിനേക്കാള്‍ ഭയാനകമാണ്...

  മറുപടിഇല്ലാതാക്കൂ
 14. സിജികുട്ടി, ശക്തയായി തിരിച്ചു വരണം എന്നേ ചേച്ചി ആഗ്രഹിച്ചുള്ളു... വേദനകള്‍ കൊണ്ട് നീ അര്‍ത്ഥമില്ലാത്ത വാക്കുകള്‍ അല്ല എഴുതുന്നത്...മനസ്സിനെ തൊടുന്ന കൊളുത്തിവലിക്കുന്ന വാക്കുകള്‍ കൊരുത്തൊരു കവിത. "ഞാനെഴുതിത്തീര്‍ക്കുകയാണ്..കരയുകയല്ല...ദുഖപുത്രിയാകാന്‍ ശ്രമിക്കുകയല്ല. ചേച്ചിയ്ക്ക് അത് മനസ്സിലാവുന്നില്ലേ."നല്ലത്...സന്തോഷം...ഏഴുതി തീര്‍ക്കു ദുഃഖങ്ങള്‍ എല്ലാം...ദുഃഖങ്ങള്‍ ഇല്ലാത്ത നല്ല നാളെകള്‍ക്ക് തുടക്കമായി...

  മറുപടിഇല്ലാതാക്കൂ