2009, മേയ് 31, ഞായറാഴ്‌ച

ഇനിയും പൂക്കും ആ നീര്‍മാതളം പക്ഷേ....


ഇന്നലെ സഹപ്രവര്‍ത്തകന്റെ കോളാണെന്നെ ഉണര്‍ത്തിയത്‌. ആ വിളിച്ചുണര്‍ത്തല്‍ തന്നത്‌ സഹിക്കാന്‍ വയ്യാത്ത ഒരു പിടയലായിരുന്നു. മാധവിക്കുട്ടി മരിച്ചു. പത്തുമണികഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ കിടന്ന എന്റെയുള്ളില്‍ നിന്നും ഞായറാഴ്‌ചയുടെ മടിയും ആലസ്യവും എവിടെയോ പോയൊളിച്ചു.

മരണമെന്നത്‌ യാഥാര്‍ത്ഥ്യമാണെങ്കിലും ഒരിക്കലും മരിക്കാതിരുന്നെങ്കില്‍ എന്ന്‌ ഞാനാഗ്രഹിച്ചവരുടെ കൂട്ടത്തില്‍ എന്റെ പ്രിയകഥാകാരിയും ഉണ്ടായിരുന്നു. ഈ യാഥാര്‍ത്ഥ്യം എനിക്ക്‌ സമ്മാനിച്ചത്‌ മൂടിക്കെട്ടിയ ഒരു മെയ്‌മാസ ദിനമായിരുന്നു. വേര്‍പാടിയില്‍ വിങ്ങിയെന്നപോലെ പ്രകൃതിയും കണ്ണീര്‍ തോര്‍ത്തു, പതിവില്ലാതെ മഴ.... ആ മഴയൊടുങ്ങിയപ്പോഴാണ്‌ ഒരിത്തിരിയെങ്കിലും ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞത്‌.

ആദ്യമായി ഞാന്‍ വായിച്ചത്‌ അവരുടെ നെയ്‌പ്പായസമെന്ന ചെറുകഥയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വെക്കേഷന്‍ കാലത്ത്‌ പനിവന്നുകിടന്ന ഒരു ദിവസമാണ്‌ ആ കഥ വായിച്ചത്. മക്കള്‍ക്കുവേണ്ടി നെയ്‌പ്പായസമൊരുക്കിവച്ച്‌ മരിച്ചുപോയ ഒരമ്മ. കഥാകാരി വരച്ചുവച്ച സ്‌നേഹത്തിന്റെയും മരണത്തിന്റെയും തണുപ്പൂറിയ ആ നെയ്‌പ്പായസത്തിന്റെ ചിത്രത്തിന്‌ വല്ലാത്ത രുചിയും മണവുമുണ്ടായിരുന്നു.

ആ കഥ തന്നെ വായനാസുഖത്തില്‍ നിന്നാണ്‌ ഞാന്‍ മാധവിക്കുട്ടിയെ പ്രണയിച്ചുതുടങ്ങിയത്‌. പിന്നീട്‌ പുസ്‌തകക്കൂട്ടത്തിലുള്ളതെല്ലാം കഴിഞ്ഞപ്പോള്‍ ഇല്ലാത്തവ തേടപ്പിടിച്ച്‌ വായിച്ചു. എന്നിട്ടും വായിക്കാന്‍ കഴിയാതെ പോയി പലതും. നീര്‍മാതളം പൂത്തകാലവും നഷ്ടപ്പെട്ട നീലാംബരിയും തന്നത്‌ തീര്‍ത്തും വ്യത്യസ്ഥമായ വായനാനുഭവങ്ങള്‍. പലരും പറയാന്‍ മടിച്ചത്‌ വിളിച്ചുപറയുന്ന അവര്‍ക്ക്‌ എന്റെയുള്ളില്‍ ധീരയായ സ്‌ത്രീയുടെ പരിവേഷമായിരുന്നു.

ടിവിയിലെ അഭിമുഖങ്ങളില്‍ കാണുമ്പോള്‍ പലപ്പോഴും ഞാനാഗ്രഹിച്ചിരുന്നു ഒന്ന്‌ നേരിട്ട്‌ കാണാന്‍ കഴിഞ്ഞെങ്കിലെന്ന്‌. അത്‌ സാധിച്ചത്‌ കാലമേറെക്കഴിഞ്ഞാണ്. ഒരു സാഹിത്യയാത്രയെന്ന്‌ പേരിട്ട്‌ തസറാക്കിലേയ്‌ക്കുള്‍പ്പെടെ നടത്തിയ യാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ കയറിയത്‌ മലയാളത്തിന്റെ കഥാകാരിക്കടുത്തായിരുന്നു.

എല്ലാവരും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കാറ്റില്‍ ചെറുതായി ആടുന്ന അവരുടെ ശിരോവസ്‌ത്രവും കയ്യിലെ മൈലാഞ്ചിച്ചോപ്പും കണ്ണിലെ തിളക്കവും നോക്കിയിരുന്നത്‌. അതെ ശരിയ്‌ക്കും അവര്‍ സ്‌നേഹത്തിന്റെ ഒരു സ്ഥായീ ഭാവമായിരുന്നു.

പിന്നീട്‌ അവിടെനിന്നും പോരുമ്പോള്‍ മതം മാറ്റത്തിന്റെ പേരില്‍ അവരെ ചോദ്യം ചോദിച്ച്‌ കുഴക്കിയ കൂട്ടുകാരോട്‌ ഞാന്‍ വഴക്കിട്ട്‌ പിണങ്ങി. എന്റേത്‌ ആവശ്യമില്ലാത്ത അന്ധമായ ആരാധനയാണെന്ന്‌ പറഞ്ഞ്‌ അവരോരോരുത്തരും എന്നെ കുറ്റപ്പെടുത്തി. അതേ എനിക്ക്‌ അന്ധമായ ആരാധന തന്നെയാണ്‌.

മതം മാറിയെങ്കില്‍ അതവരുടെ അവകാശം, നമുക്ക്‌ വായിക്കാന്‍ ഒട്ടേറെ എഴുതിത്തന്നുവെന്നും അതിന്റെ പേരില്‍ അറിയപ്പെട്ടുവെന്നും കരുതി. അവര്‍ക്ക്‌ മതം മാറാനും മാറാതിരിക്കാനും ഒക്കെ അവകാശമില്ലേ. ഉണ്ട്‌. എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും അവകാശങ്ങളുണ്ട്‌.

അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുകയും പകല്‍മാന്യത ചമഞ്ഞ്‌ അവരെ അന്തിക്കൂട്ടിന്‌ വിളിച്ചുകൊണ്ടുവരെ കത്തുകളെഴുതുകയും ചെയ്‌തവരെയാണ്‌ കല്ലെറിയേണ്ടത്‌. ഇക്കൂട്ടരെല്ലാം അവരുടെ വ്യക്തിത്വത്തില്‍ അസൂയപ്പെട്ടിരുന്നുവെന്നുതന്നെ വിശ്വസിക്കാനാണ്‌ അവരെ ആരാധിക്കുന്നവര്‍ക്ക്‌ തോന്നുക, ഞാനും അക്കൂട്ടത്തിലാണ്‌.

അവര്‍ വരച്ചിട്ട എത്രയോ ചിത്രങ്ങള്‍, നീര്‍മാതളവും, നാലപ്പാട്ട്‌ തറവാടും, ആമിയെന്ന കൗമാരക്കാരിയും തേളും തേരട്ടയും വിഹരിക്കുന്ന നാലപ്പാട്ടെ കുളിമുറിയും വരെ തെളിമയോടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ലേ. മരണത്തിന്‌ അവയെ കവര്‍ന്നെടുക്കാന്‍ കഴിയില്ലല്ലോ. അവയിലൂടെ രൂപമില്ലാത്ത ഒരു വിഗ്രഹമായി മാധവിക്കുട്ടിയെന്ന ദീപ്‌തമായ ഓര്‍മ്മ..........................

ഇന്നും എനിക്കൊരു സങ്കടം ബാക്കിയാണ്‌ എവിടെയൊക്കെ തിരഞ്ഞിട്ടും ഓര്‍മ്മകളില്‍ പൂവിട്ട്‌ നില്‍ക്കന്ന ഒരു നീര്‍മാതളത്തിന്റെ തൈ കണ്ടെത്താന്‍ എനിക്ക്‌ കഴിഞ്ഞില്ല. പുന്നയൂര്‍ കുളത്തുപോയി അത്‌ കാണാനും എനിയ്‌ക്കവസരമൊത്തില്ല. എനിക്കറിയില്ല അവര്‍ വാക്കുകള്‍ കൊണ്ട്‌ വരച്ചിട്ടത്‌ കണ്ട്‌ ഞാന്‍ മനസ്സില്‍ വരച്ചിട്ട നീര്‍മാതളത്തിന്‌ പുന്നയൂര്‍കുളത്തെ നീര്‍മാതളത്തിന്റെ അതേ രൂപമാണോയെന്ന്‌. ഞാനതിന്റെ ഒരു കുഞ്ഞുതൈയ്‌ക്കുവേണ്ടി ഇപ്പോഴും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നെങ്കിലും ആ നീര്‍മാതളം എന്റെ മുറ്റത്ത്‌ പൂവിടും.

10 അഭിപ്രായങ്ങൾ:

 1. ഉരുകുകയാണു, ഉരുകുകയാണു, എന്നില്‍ നീയല്ലാതെ വേറൊന്നും ശേഷിക്കുന്നില്ലെന്ന് പറഞ്ഞ് എല്ലാ മെയ്മാസത്തിലും ഓര്‍ക്കാന്‍ ദീപ്തമായ സ്മരണകള്‍ അവശേഷിപ്പിച്ച് അവര്‍ തിരിച്ചുപോയി

  മറുപടിഇല്ലാതാക്കൂ
 2. ഇഷ്ടമായി. മാധവിക്കുട്ടിയെ സ്നേഹിച്ചവര്‍ക്ക്‌ മാത്രം അറിയാനായ അവരുടെ നല്ല മനസ്സ്‌. നീര്‍മാതളം മുറ്റത്ത്‌ നടാനായില്ലെങ്കിലും മനസ്സിലുണ്ടല്ലോ അതു മതി ഓര്‍മ്മകള്‍ മരിക്കാതിരിക്കാന്‍

  മറുപടിഇല്ലാതാക്കൂ
 3. നൃത്തത്തിനൊടുവില്‍ ചിലങ്കകള്‍ ആര്‍ക്കോ വലിച്ചെറിഞ്ഞുകൊടുത്ത്‌ പൊടുന്നനെ മൌനത്തിലേക്കും പിന്നെ മരണത്തിണ്റ്റെ നിതാന്തമായ ഇരുട്ടിലേക്കും മറയുകയായിരുന്നു മലയാളത്തിണ്റ്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി എന്ന കമലാ സുരയ്യ. നൃത്തവേദിയില്‍ ഇരുളൂ പടരുകയാണ്‌....കൂരാകൂരിരുട്ട്‌....

  മറുപടിഇല്ലാതാക്കൂ
 4. ഇത് ദുഖം മാത്രമല്ല.... പകരം വയ്ക്കാനില്ലാത്ത നഷ്ടമാണ്. ബുദ്ധികൊണ്ടല്ലാതെ എല്ലാവരും ഹൃദയം കൊണ്ട് സ്നേഹിച്ച് കാണാന്‍ കൊതിച്ച ഒരു മനുഷ്യാത്മാവിന്‍റെ നഷ്ടം. മഴപോലെ പെയ്തിറങ്ങിയ പ്രണയത്തിന്‍റെ നഷ്ടം. പ്രണയിച്ച് കൊതി തീരാത്ത ഒരു ജന്മത്തിന്‍റെ നഷ്ടം......

  മറുപടിഇല്ലാതാക്കൂ
 5. ആദരാഞ്ജലികളോടെ...
  മറ്റൊരു ആരാധകൻ.

  മറുപടിഇല്ലാതാക്കൂ
 6. ഈ എഴുത്ത് മനസ്സില്‍ നിന്നാണ് ആശാംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. നീര്‍മാതളം പൂത്തുലഞ്ഞ് താങ്കള്‍ക്കുള്ളില്‍ എന്ന പോലെ ഓരോ കേരളീയന്റെയും മനസ്സില്‍ ഉണ്ടാവും എന്നും, എന്നും.

  മറുപടിഇല്ലാതാക്കൂ
 8. സിജി,
  ഒരു പക്ഷെ സിജി പറഞ്ഞതു തന്നെയാകും ഓരോ വായനക്കാരന്റെയും മനസ്സില്‍ നിന്ന് നമ്മുടെ മാധവിക്കുട്ടിയെ കുറിച്ച് പുറത്തേക്കൊഴുകുക. ഞാന്‍ മാധവിക്കുട്ടിയുടെ ‘The Path of a columnist' എന്ന സമാഹാരമാണ് ആദ്യം വായിച്ചത്. പിന്നെ ‘Summer in Calcutta' എന്ന പുസ്തകവും പിന്നീടാണ് ‘My story' വായിക്കുന്നത്. 1997 ല്‍ വയലാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ
  ‘നീര്‍മാതളം പൂത്തകാലം’വായിച്ചുക്കൊണ്ടാണ് മാധവിക്കുട്ടിയുടെ മലയാളപുസ്തകത്തിലേക്ക് കടക്കുന്നത്. ഇതെഴുതുമ്പോഴും ആ പുസ്തകം എന്റെ പക്കലിരിക്കുന്നു. മലയാളത്തിന് നിരവധി രചനകള്‍ കാഴ്ച വെച്ചിട്ടാണ് അവര്‍ നമ്മെ ഭൌതികമായി വിട്ട് പിരിഞ്ഞത്. പ്രണയം ഒരിക്കലും അവരില്‍ നിന്ന് വിട്ടു പിരിഞ്ഞിരുന്നില്ല. She wrote about the love among those who are loving heartily. She has never written anything about lust, but love and sex. In her own words, love is gold. സ്വര്‍ണത്തെ പോലെ വിലപ്പെട്ടതാണ് പ്രണയവും. എല്ലാവരോടും അവര്‍ പ്രണയിക്കുവാന്‍ ആവശ്യപ്പെടുന്നു. പ്രണയത്തെ കാമവെറിയായി സമൂഹം തെറ്റിദ്ധരിച്ചതാണ് അവര്‍ക്കുണ്ടായ മനോവ്യഥ. സത്യം പറഞ്ഞാല്‍ മാധവിക്കുട്ടിയുടെ പുസ്തകം വായിച്ചതിനു ശേഷമാണ് എനിക്ക് ഇംഗ്ലീഷില്‍ എഴുതുവാനുള്ള പ്രചോദനം കിട്ടിയത്. ഇപ്പോഴും ഇടക്ക് അവയെടുത്ത് ഒന്ന് കണ്ണോടിക്കാറുണ്ട്. എത്ര വായിച്ചാലും മതി വരാത്തവ. ഈ നീര്‍മാതളം എന്നും പൂത്തുതന്നെ നിലക്കൊള്ളും, നമ്മുടെ ഉള്ളില്‍
  രാജന്‍ വെങ്കിടങ്ങ്.

  മറുപടിഇല്ലാതാക്കൂ