2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

പേരിടാന്‍ വയ്യ....

പുറത്തുമഴയെങ്കിലും
അകത്തിവിടെ വേനല്‍ തിളയ്‌ക്കുന്നു
ഒരു സ്വപ്‌നത്തെ ഉള്ളിലിട്ട്‌
കീറിമുറിച്ച്‌
അവര്‍ എത്രയെളുപ്പം
പുറത്തേയ്‌ക്ക്‌ വലിച്ചെറിഞ്ഞു
അരുതെന്ന്‌ ഒരിക്കലെങ്കിലും
നീ പറഞ്ഞിരുന്നോ

ആരുമറിയാതെ ഞാന്‍ നോറ്റിരുന്ന്‌
പാകി മുളപ്പിച്ചൊരു വിത്ത്‌
മുളയില്‍ത്തന്നെ കരിയാനുള്ള വിധിവാങ്ങി
എന്നെ നോക്കി ശാപം ചൊരിയുന്നു
ശപിക്കപ്പെട്ടവളെന്ന്‌ ആരോ
ചുവരുകളിലെഴുതിവച്ചിരിക്കുന്നു

ജന്മാന്തരങ്ങളിലെവിടെയോ പെയ്‌ത
ഒരു മഴയുടെ ദ്രുതതാളം
ആര്‍ത്തിരമ്പി കണ്ണുനീരിനെയലിയിച്ച്‌
കൂടെപെയ്‌ത്‌ തോരുന്നു
മഴയിലും ചുവരെഴുത്തുകള്‍
അലിയാന്‍ മടിയ്‌ക്കുന്നു

മൗനം തേങ്ങിനില്‍ക്കുന്ന ഇടനാഴികള്‍
തിരികെ വിളിക്കുകയാണ്‌
വിരലുകളില്‍ കൊരുത്തൊരു കൈ
മുന്നോട്ടുവലിക്കുന്നു
വയ്യ, തിരിച്ചുപോകണം

ഒരു വേള, ഒരു വേളയെങ്കിലും
ഒന്നു നെഞ്ചോടു ചേര്‍ക്കണം
ശൂന്യമാം ആ ഇരുട്ടിനെ
തേങ്ങിയിടറുന്ന ആ ഹൃദയത്തെ

ജന്മാന്തരങ്ങളിലേയ്‌ക്കുള്ള
വ്യഥയാണ്‌ നീ
കാണാതെ പോയ നിന്റെ മുഖവും
കേള്‍ക്കാതെ പോയ നിന്റെ കൊഞ്ചലും
നിന്റെ പിടച്ചിലോര്‍ക്കവയ്യാതെ
ഞാനിവിടെ പിടഞ്ഞുതീരുകയാണ്‌

ഒരു താരാട്ടിനെ ഞാനിവിടെ ഉപേക്ഷിക്കുന്നു
ഒരു തവണയെങ്കിലും
നീയൊന്നു കാതോര്‍ക്കുക
അത്‌ സ്വയം മൂളുകയാണ്‌
നീ മയക്കം വിട്ടുണരാതിരിക്കാന്‍

8 അഭിപ്രായങ്ങൾ:

  1. ഒരു താരാട്ടിനെ ഞാനിവിടെ ഉപേക്ഷിക്കുന്നു
    ഒരു തവണയെങ്കിലും
    നീയൊന്നു കാതോര്‍ക്കുക
    അത്‌ സ്വയം മൂളുകയാണ്‌
    നീ മയക്കം വിട്ടുണരാതിരിക്കാന്‍

    ഈ വരികൾ മനസ്സിൽ നിന്നു മറയുന്നില്ലാ... നല്ല വരികൾ

    മറുപടിഇല്ലാതാക്കൂ
  2. ഒരു സ്വപ്‌നത്തെ ഉള്ളിലിട്ട്‌
    കീറിമുറിച്ച്‌
    അവര്‍ എത്രയെളുപ്പം
    പുറത്തേയ്‌ക്ക്‌ വലിച്ചെറിഞ്ഞു
    അരുതെന്ന്‌ ഒരിക്കലെങ്കിലും
    നീ പറഞ്ഞിരുന്നോ........
    മനോഹര വരികള്‍ സിജി..

    മറുപടിഇല്ലാതാക്കൂ
  3. സ്ത്രീ മനസ്സും
    പ്രകൃതവും ഇങ്ങിനെയൊക്കെ
    മോഹിക്കൂ.......

    മറുപടിഇല്ലാതാക്കൂ
  4. ജന്മാന്തരങ്ങളിലെവിടെയോ പെയ്‌ത
    ഒരു മഴയുടെ ദ്രുതതാളം
    ആര്‍ത്തിരമ്പി കണ്ണുനീരിനെയലിയിച്ച്‌
    കൂടെപെയ്‌ത്‌ തോരുന്നു
    മഴയിലും ചുവരെഴുത്തുകള്‍
    അലിയാന്‍ മടിയ്‌ക്കുന്നു
    ചില നിമിഷങ്ങളിൽ സിജിയുടെ ഭാഷ,വല്ലാത്തൊരു കയ്യടക്കം ഇങ്ങനെ കാണിക്കും.ചിലപ്പോൾ വല്ലാതെ വിശദീകരിക്കും.
    നന്നായിട്ടുണ്ട്,ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  5. hi madam.............how r u?kure naalu silent ayirunnallo??? njan orthu 'kudi iraki' oruppokku poyennu?

    veendum vannathil....santhosham.....

    മറുപടിഇല്ലാതാക്കൂ
  6. 'ജന്മാന്തരങ്ങളിലെവിടെയോ പെയ്‌ത
    ഒരു മഴയുടെ ദ്രുതതാളം
    ആര്‍ത്തിരമ്പി കണ്ണുനീരിനെയലിയിച്ച്‌
    കൂടെപെയ്‌ത്‌ തോരുന്നു
    മഴയിലും ചുവരെഴുത്തുകള്‍
    അലിയാന്‍ മടിയ്‌ക്കുന്നു'

    നല്ല എഴുത്ത്‌.

    മറുപടിഇല്ലാതാക്കൂ