2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ജീവചരിത്രം

അച്ഛന്‍റെ പ്രണയം കണ്ടുപിടിച്ച്
അമ്മയോട് സ്വകാര്യം പറഞ്ഞ ദിവസം ,
ഉറുന്പിന്‍ കൂട്ടില്‍ കെട്ടിയിട്ട്
അവന്റെ നിഷ്കളങ്കതയ്ക്കുമേല്‍
അച്ഛന്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ചു

മകന്‍ പറഞ്ഞ അച്ഛന്റെ
പ്രണയകഥ ചിരിച്ചുതള്ളിയ
അമ്മയുടെ നെഞ്ചടര്‍ത്തിക്കൊണ്ട് ആ വാര്‍ത്ത,
അമ്മയെയും മക്കളെയും
ആത്മഹത്യാമുനന്പിലേയ്ക്ക് വലിച്ചെറിഞ്ഞ്
അച്ഛന്‍ അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടി!

മരിച്ചുകൊണ്ട് ജീവിച്ച
അമ്മയുടെ വരണ്ട കണ്ണുകള്‍
കണ്ടുശീലിച്ച്
സ്വന്തം കണ്ണീര്‍ വറ്റിച്ച്
അവന്‍ നെഞ്ചകമൊരു
ഉപ്പുപാറയാക്കി

മാറൊട്ടിക്കിടന്ന കാമുകിയോട്
അമ്മയുടെ കണ്ണുനീരിന്‍റെയും
അച്ഛന്‍റെ കണ്ണുനീരില്ലായ്മയുടെയും
കഥകള്‍ പറഞ്ഞ്
മൂവന്തികളില്‍ അവന്‍
ദീര്‍ഘനിശ്വാസങ്ങള്‍ പൊഴിച്ചു

പിന്നീടൊരിക്കല്‍
ഉറക്കത്തില്‍
അവളുടെ ശരീരത്തില്‍
സ്വന്തം രക്തത്തിന്റെ തനിനിറം എഴുതിവച്ച്
അവളറിയാതെ അടര്‍ന്ന്
ഇരുളില്‍ അവന്‍ ആര്‍ക്കൊപ്പമോ ഒളിച്ചോടി

ശീതരക്തത്തില്‍ ജനിച്ച ആ അക്ഷരങ്ങള്‍
ദീര്‍ഘവും ഹ്രസ്വവുമായി നിശ്വസിച്ച്
നിറമില്ലാത്ത അടയാളമായി
പല്ലിളിക്കുന്ന ഒരു വഞ്ചനയായി
പാരന്പര്യത്തെ വിളിച്ചോതി
ഒരു ജീവചരിത്രത്തിന്റെ
പുറം ചട്ടയില്‍ ഇടം നേടി
സായൂജ്യമടഞ്ഞു

8 അഭിപ്രായങ്ങൾ:

 1. ചുരുക്കത്തില്‍, അമ്മയെ കണ്ണീരിലാക്കി മറ്റൊരു പെണ്ണിന്റെ കൂടെ ഒളിച്ചോടിയ അച്ഛന്റെ മകന്‍ മാറൊട്ടിയ തന്റെ കാമുകിയോടെ വയറ്റിലുണ്ടാക്കിക്കൊടുത്തിട്ട് നാടുവിട്ടുവെന്ന്... അല്ലേ? :)

  ചിന്തകള്‍ വല്ലാണ്ട് കാട് കയറുന്നെല്ലോ മാഷേ?

  മറുപടിഇല്ലാതാക്കൂ
 2. നന്നായി.....
  സിജി, ഇതെഴുതി പോസ്ടാന്‍ ഇത്തിരി തിരക്ക് കാണിച്ചോ എന്നൊരു സംശയം.....
  എവിടെക്കെയോ വരികള്‍ കുറച്ചു കൂടെ നന്നാക്കാമായിരുന്നെന്ന് തോന്നി.....
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 3. ശീതരക്തത്തില്‍ ജനിച്ച ആ അക്ഷരങ്ങള്‍
  ദീര്‍ഘവും ഹ്രസ്വവുമായി നിശ്വസിച്ച്
  നിറമില്ലാത്ത അടയാളമായി
  പല്ലിളിക്കുന്ന ഒരു വഞ്ചനയായി
  പാരന്പര്യത്തെ വിളിച്ചോതി
  ഒരു ജീവചരിത്രത്തിന്റെ
  പുറം ചട്ടയില്‍ ഇടം നേടി
  സായൂജ്യമടഞ്ഞു.......

  കൊള്ളാം ..

  മറുപടിഇല്ലാതാക്കൂ
 4. ഉള്‍ക്കാമ്പുള്ള കരുത്തുറ്റ രചന.

  മറുപടിഇല്ലാതാക്കൂ
 5. പാവം ആ അക്ഷരങ്ങള്‍...
  പിന്നെ ആ 'കൊച്ചു' തെമ്മാടി പറഞ്ഞ പോലെ കുറച്ചു ഫാസ്റ്റ്‌ ആയിപ്പോയോ എന്ന് തോന്നുന്നു...

  മറുപടിഇല്ലാതാക്കൂ
 6. ഈ പരമ്പര്യത്തിന്‍റെ പാപം വമിക്കുന്ന നേര്‍ന്നുലു പൊട്ടിക്കാനായിരുന്നെങ്കില്‍.... കവിത ഏതോ ജീവിത കഥയുടെ ഒരേടാവുകയാണിവിടെ... പക്ഷെ അതിനൊക്കെ അപ്പുറത്തേക്കു സംക്രമിക്കുന്ന ഒരു ആശയമായി ഈ കവിത വ്യാപരിക്കുന്നില്ല എന്ന്‌ ഒരു കുറവായി വേണമെങ്കില്‍ പറയാം അത്രതന്നെ.. സിജീ... തുടരുക ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ