2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഏകാന്തത


അന്നേ പറഞ്ഞതാണ്
നുരഞ്ഞുപൊങ്ങുന്ന
വീഞ്ഞുപാത്രത്തിലേക്ക്
നീയെന്നെയിങ്ങനെ
പകര്‍ത്തരുതെന്ന്

ലഹരിയാകുന്പോള്‍
അര്‍ത്ഥമില്ലാതായിപ്പോകുന്ന
എന്നെക്കുറിച്ച്
ഒരു വേളയെങ്കിലും
നിനക്കോര്‍ക്കാമായിരുന്നില്ലേ

എന്നെ കുടിച്ചിറക്കുന്പോഴേറ്റ
പൊള്ളലിന്റെ ഉന്മത്തതയെക്കുറിച്ച്
നീ വാചാലനാവുന്നതെങ്ങനെ
നോക്കൂ ഇവിടെ നിന്റെ തൊട്ടടുത്ത്
ഞാന്‍ തീര്‍ത്തും തനിച്ചാണ്

ഏകാന്തതയെന്ന വാക്ക്
ഉച്ഛരിച്ച് തുടങ്ങുന്പോഴേ
തനിച്ചായിരുന്നു
സ്പന്ദനങ്ങള്‍ പോലും
നിശ്ചലമായിപ്പോയ
ഏകാന്തത

കയങ്ങളില്‍
കുഴിച്ചിറങ്ങുന്പോള്‍
അന്തര്‍ പ്രവാഹങ്ങളില്‍
ഏകാന്തത കുടിച്ച്
അനാദികാലത്തേക്ക്
മയങ്ങിപ്പോയവരുടെ
ശരീരങ്ങളില്‍ തട്ടിവീണു

അവിടെയാണ് വീഴാന്‍ പഠിച്ചത്
പിന്നെ നടക്കാന്‍ പഠിച്ചത്
ഇവിടെത്തന്നെയാണ്
അതേ, ഇവിടെത്തന്നെയാണ്
നമ്മളാദ്യം കണ്ടത്!

ഓര്‍ക്കുക, ഇനിയും
ഈ കയങ്ങളിലേക്ക്
ഇറങ്ങി വരരുത്
ഇവിടുത്തെ
ഏകാന്തതയില്‍
നിശ്വാസങ്ങള്‍ കൊണ്ട്
പ്രകന്പനം തീര്‍ക്കരുത്

2009 ഒക്‌ടോബർ 18, ഞായറാഴ്‌ച

ഒറ്റക്കാലന്‍ സ്വപ്നങ്ങള്‍!

ഇരുട്ടിറങ്ങുന്പോള്‍
കൂടെയിറങ്ങുന്ന ചില
ഒറ്റക്കാലന്‍ സ്വപ്നങ്ങള്‍
മരണമില്ലാത്ത ആത്മാക്കള്‍

ഇറയത്തും തിണ്ണയിലും
പ്രാഞ്ചി നടന്ന്, ചടച്ചിരുന്ന്
വീര്‍ത്തകാലിലെ നീരുകുത്തി
ദുഷ്ട സ്വപനങ്ങളുടെ വിത്തുപാകന്‍
പഴുതുതേടുന്നവര്‍

പാതിരാവില്‍ ഇറയം വിട്ട്
താക്കോല്‍ പഴുതിലൂടെ
അകത്ത് കയറി
ഒറ്റക്കാലുകളില്‍
എത്തിവലിഞ്ഞ്
ഉറക്കത്തിന്റെ
കണ്‍പോളകള്‍ വലിച്ചതുറന്ന്
അകക്കണ്ണിലേയ്ക്ക്
ചലംനിറഞ്ഞ സ്വപ്നങ്ങളുടെ
വിത്തെറിയുന്നു

പകലെന്നും രാത്രിയെന്നുമില്ല
നീരുകുത്തി വീര്‍ത്ത
സ്വപ്നങ്ങള്‍
ഓര്‍മ്മയുടെ ശ്മശാനങ്ങളില്‍
പെറ്റുപെരുകുന്നു
സ്വപ്നങ്ങളുടെ വളര്‍ച്ചയളന്ന്
ഒറ്റക്കാലന്മാര്‍ ഇറയത്തിരിപ്പുണ്ട്

നീരും ചലവും വമിപ്പിക്കുന്ന
വെറുത്ത മണത്തില്‍
ജീവതമത്രയും
മുങ്ങിനിവര്‍ന്നിങ്ങിനെ
എത്രനാള്‍
ഇവയ്ക്കിടയില്‍ ഒറ്റക്കാലുകള്‍
വെട്ടിയറക്കുന്ന
ഒരേയൊരു സുന്ദരസ്വപ്നം മാത്രം

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ജീവചരിത്രം

അച്ഛന്‍റെ പ്രണയം കണ്ടുപിടിച്ച്
അമ്മയോട് സ്വകാര്യം പറഞ്ഞ ദിവസം ,
ഉറുന്പിന്‍ കൂട്ടില്‍ കെട്ടിയിട്ട്
അവന്റെ നിഷ്കളങ്കതയ്ക്കുമേല്‍
അച്ഛന്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ചു

മകന്‍ പറഞ്ഞ അച്ഛന്റെ
പ്രണയകഥ ചിരിച്ചുതള്ളിയ
അമ്മയുടെ നെഞ്ചടര്‍ത്തിക്കൊണ്ട് ആ വാര്‍ത്ത,
അമ്മയെയും മക്കളെയും
ആത്മഹത്യാമുനന്പിലേയ്ക്ക് വലിച്ചെറിഞ്ഞ്
അച്ഛന്‍ അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടി!

മരിച്ചുകൊണ്ട് ജീവിച്ച
അമ്മയുടെ വരണ്ട കണ്ണുകള്‍
കണ്ടുശീലിച്ച്
സ്വന്തം കണ്ണീര്‍ വറ്റിച്ച്
അവന്‍ നെഞ്ചകമൊരു
ഉപ്പുപാറയാക്കി

മാറൊട്ടിക്കിടന്ന കാമുകിയോട്
അമ്മയുടെ കണ്ണുനീരിന്‍റെയും
അച്ഛന്‍റെ കണ്ണുനീരില്ലായ്മയുടെയും
കഥകള്‍ പറഞ്ഞ്
മൂവന്തികളില്‍ അവന്‍
ദീര്‍ഘനിശ്വാസങ്ങള്‍ പൊഴിച്ചു

പിന്നീടൊരിക്കല്‍
ഉറക്കത്തില്‍
അവളുടെ ശരീരത്തില്‍
സ്വന്തം രക്തത്തിന്റെ തനിനിറം എഴുതിവച്ച്
അവളറിയാതെ അടര്‍ന്ന്
ഇരുളില്‍ അവന്‍ ആര്‍ക്കൊപ്പമോ ഒളിച്ചോടി

ശീതരക്തത്തില്‍ ജനിച്ച ആ അക്ഷരങ്ങള്‍
ദീര്‍ഘവും ഹ്രസ്വവുമായി നിശ്വസിച്ച്
നിറമില്ലാത്ത അടയാളമായി
പല്ലിളിക്കുന്ന ഒരു വഞ്ചനയായി
പാരന്പര്യത്തെ വിളിച്ചോതി
ഒരു ജീവചരിത്രത്തിന്റെ
പുറം ചട്ടയില്‍ ഇടം നേടി
സായൂജ്യമടഞ്ഞു