2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

അമ്മ, ഞാനും

മൂര്‍ധാവില്‍ അച്ഛന്‍ ഉമ്മവച്ചേടത്തു-
നിന്നൊരു മിന്നല്‍പ്പിണര്‍ പുളഞ്ഞ്,
അടിവയറ്റില്‍ തൊട്ട് ,
ഒരു നിണപ്പുഴയൊഴുക്കി,
വേദനിപ്പിച്ച് , കരഞ്ഞ്. പിടഞ്ഞ്, വഴുക്കി
പുറത്തേയ്ക് വന്നതാണ് ഞാനെന്ന്,
അമ്മ........

ഇനിയും ജീവന്‍ കിളിര്‍പ്പിച്ച്,
വേദനിച്ച് പുളഞ്ഞൊടുവിലൊരു,
അമ്മ വിളികേട്ട്,
നിറവില്‍ ചിരിയ്ക്കേണ്ടവളാണ് ഞാനെന്ന്,
വെറുതേ വീണ്ടും വീണ്ടും,
അമ്മ പറഞ്ഞുകൊണ്ടേയിരിക്കുന്നു.....

ഒട്ടും പുതുമയില്ലെന്ന് പറഞ്ഞ്...
ചിറികോട്ടി ചിരിച്ചപ്പോള്‍,
ദേഷ്യം കനപ്പിച്ച് അമ്മ,
വീണ്ടും അടുക്കളച്ചൂടിലേയ്ക്ക്,
ഒന്നുമറിയാതെ അകത്ത് അച്ചന്റെ,
മുറിയില്‍ ഒരു നേര്‍ത്ത താരാട്ട് മുറിയുന്നു....

മനസ്സിലൊഴുകിപ്പരന്ന നിണപ്പുഴയില്‍
എത്ര പേര്‍ ജനിച്ചു മരിച്ചു......
കണക്കില്ലാത്ത സ്വപ്ന ബീജങ്ങള്‍,
കൈകാല്‍ മുളച്ചെഴുന്നേറ്റുവന്നു,
തൊട്ടടുത്ത ശൈത്യത്തില്‍ മരവിച്ചും,
പിന്നാലെ വന്ന വേനലില്‍,
പൊള്ളിയും മരിച്ചുപോയ്.......

ഇടര്‍ച്ച തളര്‍ത്തുന്ന,
ചില നേരങ്ങളില്‍,
അമ്മയ്ക്ക് മുഖം കൊടുക്കാതെ,
ചില ശുഭ്ര സ്വപ്നങ്ങളിനിയുമുണ്ടന്ന് ,
കള്ളം പറഞ്ഞ്, പ്രതീക്ഷയുടെ
ഒരു പിടി പാഴ്വാക്കുകളുച്ചരിച്ച്,
മടക്കയാത്രയ്ക്ക് ഭാണ്ഡം മുറുക്കുന്നു.....

അമ്മ വീണ്ടുമൊരു സ്വപ്നത്തിന്,
വെള്ളവും വളവും കോരി,
വീണ്ടും അടുക്കളവേവില്‍,
പലഹാരങ്ങള്‍ പൊതികെട്ടിയൊരുക്കി......

ഒടുവില്‍ ഞാന്‍ പടിയിറങ്ങുന്പോള്‍,
ഇവിടെ ഞങ്ങള്‍ രണ്ടുപേര്‍,
നിന്നിലൂടൊരു ജന്മപുണ്യത്തിന്,
കാത്തിരിക്കയാണെന്നോര്‍മ്മിപ്പിച്ച്,
അച്ഛന്റെ ഇടംചുമലില്‍ തലചേര്‍ത്തമ്മ
വീണ്ടും സാരിത്തലപ്പ് മുഖത്തേയ്ക്കടുപ്പിച്ചു........

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

നിള

ഊഷരമായൊരു മടിത്തട്ടാണ് നീയിപ്പോള്‍,
പണ്ടൊരു നദിയൊഴുകിയ വഴിയെന്നാരോ,
പിറുപിറുത്തിരിക്കുന്നു,
മുഖഛായ മാറി നീ മുറിഞ്ഞുപോയിരിക്കുന്നു.

അന്ന്, ആ കര്‍ക്കിടകത്തില്‍
നീ മദിച്ചുപായുന്നതിനിടെ,
മുത്തശ്ശനെ ധ്യാനിച്ച്,
എള്ളും പൂവിമിട്ടൊരുക്കിയ
ഒരു പിടി വറ്റും ഇലച്ചീന്തില്‍ തന്ന്,
അച്ഛനെന്നെ നിന്നിലേയ്ക്കയച്ചിരുന്നു.

നീ നാഭിച്ചുഴിയിലേയ്ക്ക് വലിച്ചടുപ്പിച്ച്
ഓളക്കൈകള്‍ കഴുത്തില്‍ മുറക്കി
ഒരു വേള ശ്വാസം നിലപ്പിച്ചതാണ്
ആരോ കരയ്ക്കടുപ്പിച്ചിരുന്നു,
ജീവന്‍ തിരിച്ചെന്നിലേയ്ക്കുവന്ന്
തളര്‍ച്ചയിലേയ്ക്ക്,
തൊട്ടുണര്‍ത്തുകയായിരുന്നു.....

ഇന്ന്, ഇപ്പോഴിതാ വീണ്ടും,
നിന്നിലേയ്ക്കായ് വന്നിരിക്കുന്നു,
സ്വന്തം പേരുച്ചരിച്ച് എള്ളും പൂവിമിട്ട്
ഒരു പിടി വറ്റുണ്ട്.......
പക്ഷേ, മനംനിറഞ്ഞു
നീയേറ്റുവാങ്ങുവതെങ്ങനെ?

ആരോ ദുരയില്‍,
കീറിമുറിച്ചിട്ട നിന്റെ നെഞ്ചിടം.....
നടന്നു വലഞ്ഞുപോയിരിക്കുന്നു.
ദൂരെയൊരു പൊട്ടുപോല്‍,
ഒരുതുള്ളി വെള്ളം!

വെറുതെയൊരു മരീചികയാണ്,
ഒഴുക്കും ആഴവുമില്ലാതെ,
നീയെനിയ്ക്കെങ്ങനെ മരണമേകും?
മരണമില്ലാതെങ്ങനെ മോക്ഷമാവും?

തിരിച്ചിനി പിന്നോട്ടില്ല,
വെറുതെ നിന്നിലൂടെ മുന്നോട്ടു നടക്കട്ടെ
അടുത്ത വര്‍ഷംവരെ നടപ്പുനീളട്ടെ.....
മഴപെയ്തു കുളിര്‍ത്തു നീ പരന്നൊഴുകുന്പോള്‍
കൂടെയൊഴുക്കിയേക്കുക

ഇരുണ്ട ചുഴികളൊരുക്കി വലിച്ചടുപ്പിച്ച്
ഇനിയും ജനിമൃതികളില്ലാത്ത
അഗാധതതകളിലേയ്ക്ക്
പുണര്‍ന്നെടുത്തുകൊള്ളുക

നീ നിള, നിള മാത്രമെന്ന് മന്ത്രിച്ച് ,
കയ്യിലീ ആത്മപിണ്ഡവുമായി,
ഞാന്‍ നടക്കുകയാണ്,
ഊഷരമായ ഈ മണല്‍വഴിയില്‍
ഒരു തുള്ളി മോക്ഷത്തിന്റെ നനവു ദാഹിച്ച് .........