2009, ജനുവരി 21, ബുധനാഴ്‌ച

ഒരു പടുഹൃദയം


നിനക്കു തരാനായി എന്റെ കയ്യില്‍ ഒന്നുമില്ല
പുഴുക്കുത്തുവീണ്‌ ദ്രവിച്ച ഒരു ഹൃദയമല്ലാതെ
അതേറെക്കുറെ നിറം മങ്ങി വെറുങ്ങലിച്ചും പോയിരിക്കുന്നു
ഒരു തരം നരച്ച ചുവപ്പുനിറം

എല്ലാവരും പറഞ്ഞു നീ വരുമ്പോഴേയ്‌ക്കും
ഇത്തിരി കടുംവര്‍ണ്ണം വാങ്ങി അതിന്‌ മുകളില്‍ തൂവിയിടാന്‍
ആദ്യനോട്ടത്തിലെങ്കിലും സുന്ദര ഹൃദയം എന്ന്‌ നിനക്ക്‌ ആത്മഗതം കൊള്ളാന്‍
ഞാനതിനെക്കുറിച്ച്‌ ഓര്‍ക്കാതെയല്ല

അവസാനം പക്ഷേ മനസ്സുവന്നില്ല
ഇങ്ങനെ നിറം മങ്ങി നരച്ച്‌ വെറുങ്ങലിച്ച്‌ തന്നെയിരിക്കാം
നീ വരുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചില്ലെന്നതാണ്‌ സത്യം
പിന്നെയെന്തിന്‌ ഞാന്‍ ചായം തേച്ചൊരുങ്ങണം

ഇടവഴിയില്‍ നിന്റെ തലവെട്ടം കണ്ടപ്പോള്‍
എന്റെ ഹൃദയം ക്ഷീണത്തോടെ തുടിച്ചു
അതേവഴിയില്‍ നിന്നും നീ അടുത്ത കൈവഴിയിലേയ്‌ക്ക്‌ നീങ്ങിയപ്പോള്‍
മറ്റൊരു ക്ഷീണിച്ച തുടിപ്പോടെ അത്‌ നിശ്ചലവുമായി

പോയവഴിയിലെവിടെയെങ്കിലും ചുടുരക്തം തുളുമ്പുന്ന
ഒരു സുന്ദരഹൃദയം നിനക്ക്‌ സ്വന്തമായിരിക്കുമെന്ന്‌ ഞാന്‍ കരുതട്ടെ
കാത്തുകൊള്ളുക ആ ഹൃദയത്തെ
നരയ്‌ക്കാതെ വെറുങ്ങലിക്കാതെ പുഴുക്കുത്തുവീഴാതെ

6 അഭിപ്രായങ്ങൾ:

  1. തിരസ്കരിയ്ക്കപ്പെടുന്നതിന്റെ വേദനയോ....ആഗ്രഹിച്ചതു കിട്ടാത്ത നിരാശയോ.....എല്ലാംകൂടി സമ്മിശ്രമായൊരു വികാരം നിറഞ്ഞു നില്‍ക്കുന്നു....നന്നായിട്ടുണ്ട്‌.......

    മറുപടിഇല്ലാതാക്കൂ
  2. അതൊക്കെ വെറുതെ തോന്നുന്നത്.എത്രയുടങ്ങലും പിന്നേയും കൂടിച്ചേരും മനസ്സ്.അതിനുള്ള കരുത്ത് സ്വയം നേടുക :)

    മറുപടിഇല്ലാതാക്കൂ
  3. വരികള്‍ വളരെ നന്നായിരിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ