2012 ജൂലൈ 9, തിങ്കളാഴ്‌ച

ഞാനും കണ്ടേ ഹോളിവുഡ്

ചില കാര്യങ്ങളുണ്ട് ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും നമ്മളതിനെക്കുറിച്ച് വെറുതേ പകല്‍ക്കിനാവ് കാണും, സങ്കല്‍പ്പങ്ങളിങ്ങനെ മെനഞ്ഞുമെനഞ്ഞെടുക്കും. പണികളൊന്നും ചെയ്യാനില്ലാതെ വെറുതേയിരിക്കുന്ന സമയങ്ങളില്‍ എന്റെയൊരു പ്രധാന ഹോബി ഇത്തരം പകല്‍ക്കിനാവ് കാണലായിരുന്നു. എന്നെ ഭയങ്കര സംഭവമായി സങ്കല്‍പ്പിച്ചും. പൊതുവേ ഞാന്‍ പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍(കണക്ക്, ഹിന്ദി പോലുള്ള ചില വിഷയങ്ങള്‍) ഞാന്‍ ഭയങ്കര പുലിയായി മാറുന്നതുമെല്ലാം സങ്കല്‍പ്പിച്ച് സുഖിയ്ക്കുക, അതല്ലെങ്കില്‍ സാങ്കല്‍പ്പികമായതും കേട്ടറിഞ്ഞതുമായ സ്ഥലങ്ങളിലേയ്ക്ക് യാത്രപോവുക അങ്ങനെയങ്ങനെ പലതരം പകല്‍ക്കിനാവുകള്‍.

ഇത്തരത്തില്‍ സ്വപ്‌നം കാണാറുള്ള സ്ഥലങ്ങളില്‍ ഹിമാലയന്‍ താഴ്‌വരയും സ്വിറ്റ്‌സര്‍ലാന്റിലെ പൂപ്പാടങ്ങളുമെന്നുവേണ്ട ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത പലതുമുണ്ട്, ബിവര്‍ളി ഹില്‍സും, ഹോളിവുഡും കൂടിയുണ്ടായിരുന്നു അക്കൂട്ടത്തില്‍. പറഞ്ഞുവരുന്നത് അതിനെക്കുറിച്ചുതന്നെ, യുഎസിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ്ആഞ്ജലസ് സിറ്റിയിലുള്ള ബിവര്‍ളിഹില്‍സും ഹോളിവുഡും തന്നെ. ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന സമയത്തോ മറ്റോ ആണ് ഞാന്‍ ഈ ലോകസിനിമയെ അടക്കിവാഴുന്ന ഹോളിവുഡ് എന്നത് ലോസ്ആഞ്ജലസ് നഗരത്തിലെ ഒരു നഗരമാണെന്ന് മനസ്സിലാക്കിയത്. സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ ഏതോ അധ്യാപകന്റെ വാക്കുകളില്‍ നിന്നാണ് ആ അറിവ് വീണുകിട്ടിയത്. അക്കാലത്തൊന്നും ഞാന്‍ ഹോളിവുഡിനെ പകല്‍ക്കിനാവിലേയ്ക്ക് കൊണ്ടുവന്നിട്ടില്ല.

പി.ജി പഠിത്തവും കഴിഞ്ഞാണ് ഇംഗ്ലീഷ് ചിത്രങ്ങള്‍ കൂടുതല്‍(എന്നുവച്ച് ഞാന്‍ ഇംഗ്ലീഷ് പടമേ കാണാറുള്ള എന്ന് വിചാരിക്കരുത്, കണ്ടവ വളരെ കുറവാണ്) കാണുകയും ചെയ്തിട്ടുള്ളത്. പിന്നീട് ജേര്‍ണലിസം കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോലിയും കിട്ടിക്കഴിഞ്ഞപ്പോള്‍ ഈ താല്‍പര്യം കൂടുകയും അങ്ങനെ ആ സിനിമാ നഗരം ഒന്നുകാണാന്‍ കഴിഞ്ഞെങ്കിലെന്ന് വെറുതേ ആഗ്രഹിയ്ക്കുകും ചെയ്തുതുടങ്ങി. യാത്രാവിവരണ ബ്ലോഗുകളാണ് കാണാന്‍ സാധ്യതയില്ലാത്ത ഹോളിവുഡിനെ എന്റെ പകല്‍ക്കിനാവുകളിലേയ്ക്ക് തള്ളിക്കയറ്റിയത്.

ഹോളിവുഡിനോടുള്ള ഇഷ്ടത്തിനൊപ്പമാണ് പലപ്രമുഖ താരങ്ങളുടെയും വസതികളുള്ള ബിവര്‍ളി ഹില്‍സിനെയും ഇഷ്ടപ്പെട്ടുതുടങ്ങിയത്. ഇഷ്ടതാരമായ മൈക്കല്‍ ജാക്‌സണന്റെ വസതിയും ഇവിടെയുണ്ടെന്നും ജാക്‌സണ്‍ പഠിച്ചസ്‌കൂളും, പരിപാടികള്‍ നടത്തിയിരുന്ന ഓഡിറ്റോറിയവുമെല്ലാം ഇവിടെയാണെന്നുമൊക്കെയുള്ള വാര്‍ത്തകളും കാര്യങ്ങളും ബിവര്‍ളിയോടുള്ള ഇഷ്ടത്തെ കൂട്ടിക്കൊണ്ടിരുന്നു. ജോലിക്കിടെ ഹോളിവുഡ് കഥകള്‍ വാര്‍ത്തയാക്കേണ്ടിവന്നപ്പോള്‍ ഇവയെക്കുറിച്ച് കൂടുതലറിയേണ്ടതായി വന്നു. അങ്ങനെ ഗൂഗിള്‍ ചെയ്ത് ഗൂഗിള്‍ ചെയ്ത് ഞാന്‍ നിര്‍വൃതിയടഞ്ഞു.

ഹോളിവുഡും, ബിവര്‍ളി ഹില്‍സും പകല്‍ക്കിനാക്കളിലുണ്ടായിരുന്നെങ്കിലും ഒരു അമേരിക്കന്‍ യാത്രയെക്കുറിച്ച് ഞാന്‍ ആലോചിക്കാറുപോലുമില്ലായിരുന്നു. സ്വപ്‌നം കാണുമ്പോള്‍ ഞാന്‍ വെറുതെ ഹോളിവുഡില്‍ വന്നുനില്‍ക്കും, അങ്ങോട്ടും ഇങ്ങോട്ടും നടക്കും, ചിലപ്പോള്‍ പ്രിയതാരങ്ങളെ കണ്ടുമുട്ടും അത്രയൊക്കെയേ ഉണ്ടായിരുന്നുള്ളു. അപ്പോഴൊന്നും ഈ രണ്ടു സ്ഥലങ്ങളും അമേരിക്കയിലാണല്ലോ എന്നുപോലും ഞാന്‍ ചിന്തിക്കുമായിരുന്നില്ല. കുഞ്ഞുന്നാളില്‍ ഹിരോഷിമയില്‍ അണുബോംബിട്ട കഥ കേട്ടതുമുതല്‍ അമേരിക്കയോട് എനിയ്ക്ക് എന്തോ ഒരു വല്ലാത്ത അകല്‍ച്ചയും അനിഷ്ടവുമായിരുന്നു.

പക്ഷേ നിനച്ചിരിക്കാതെ പെട്ടെന്നൊരുനാള്‍ എനിക്ക് ബാംഗ്ലൂരും നാടുമെല്ലാം വിട്ട് ഇവിടേയ്ക്ക് വരേണ്ടിവരുന്നു, അതും കൂട്ടുകാരനൊപ്പം. കല്യാണം കഴിഞ്ഞ് രണ്ടാമത്തെമാസം ഭാണ്ഡം മുറുക്കി ഞങ്ങള്‍ പോന്നു. ആദ്യം കണ്ടപ്പോള്‍ത്തന്നെ അമേരിക്ക അമേരിക്കയെന്ന് ആളുകള്‍ വിളിച്ചുകൂവുന്ന സ്ഥലമിതാണോ എന്നതോന്നലായിരുന്നു എനിയ്ക്ക്, നാട്ടില്‍ എല്ലാവരെയും ഇട്ടിട്ടുപോന്നതിന്റെ സങ്കടം കൊണ്ടുതന്നെ ആദ്യമൊക്കെ ഇവിടം ഇഷ്ടപ്പെടാന്‍ ബുദ്ധിമുട്ടായി, അമേരിക്കന്‍ കാറ്റുകൊണ്ടാല്‍ ചര്‍ദ്ദിയ്ക്കുമെന്ന അവസ്ഥ. പിന്നെ എല്ലാം പതിവുപോലെ. ഇങ്ങോട്ട് കെട്ടുകെട്ടുമ്പോള്‍ അച്ഛനെ കാണാതിരിക്കുന്നതോര്‍ത്ത് പലപ്പോഴും ആശങ്കപ്പെട്ട എനിയ്ക്ക് അവന്‍ തന്നുകൊണ്ടിരുന്ന പ്രലോഭനം ഒരുപാട് യാത്രകള്‍ ചെയ്യാമെന്ന വാക്കായിരുന്നു.

വന്ന് സെറ്റിലായി അധികം കഴിയും മുമ്പേ യാത്രകള്‍ തുടങ്ങി, അങ്ങനെ പതിയെ ഇവിടത്തെ സ്ഥലങ്ങളെയും മനുഷ്യരെയും ഞാന്‍ ഇഷ്ടപ്പെടാന്‍ പഠിച്ചു. എങ്കിലും പുറത്തൊന്നു നടക്കാനിറങ്ങിയാല്‍ തൊട്ടുമുന്നില്‍ കാണുന്ന അപരിചിതര്‍ ഹായ്, ഹൗ ആര്‍ യു എന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഇയാള്‍ക്ക് വട്ടാണോയെന്നോര്‍ത്ത് ഒരുമിനിറ്റ് താമസിക്കാതെ എനിയ്ക്ക് മറുപടി പറയാനും തിരിച്ച് വിഷ് ചെയ്യാനും ഇപ്പോഴും കഴിയുന്നില്ല എന്നത് അവന് വലിയ സങ്കടമുള്ള കാര്യമാണ്. ബേസിക്കലി ഐ ആം എ കണ്‍ട്രി എന്നു പറഞ്ഞ് ഞാനിക്കാര്യത്തില്‍ അവനെ സമാധാനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

കാലിഫോര്‍ണിയയിലെ സിറ്റി ഓഫ് സാന്റ ക്ലാരയില്‍ താമസം തുടങ്ങി നാളുകള്‍ കഴിഞ്ഞിട്ടും ഹോളിവുഡ് കാണാന്‍ പോകാനുള്ളൊരു സാധ്യത എന്റെ മനസ്സില്‍ തെളിഞ്ഞില്ല. പക്ഷേ അഞ്ചാം മാസം ഓഫര്‍വന്നു, ഒരു ദിവസം ഓഫീസില്‍ നിന്നും വരുന്നത് വീക്ക് എന്‍ഡില്‍ എല്‍എയ്ക്കുപോകാം എന്നും പറഞ്ഞുകൊണ്ടാണ്. കേള്‍ക്കേണ്ടതാമസം ഞാന്‍ തയ്യാറെടുപ്പും തുടങ്ങി. അവിടെ ചെയ്യാനുള്ളതും കാണാനുള്ളതും എല്ലാം തപ്പിയെടുത്തു. മറ്റെന്തൊക്കെയുണ്ടെങ്കിലും ഹോളിവുഡും ബിവര്‍ളി ഹില്‍സും വിട്ട് ഒരു കളിയുമില്ലല്ലോ. മാത്രവുമല്ല, സാന്റ ക്ലാര സിറ്റി മുതല്‍ ലോസ്ആഞ്ജലസ് നഗരം വരെ ഡ്രൈവ് ചെയ്താണ് യാത്ര, അതും ഞങ്ങള്‍ രണ്ടും തനിച്ച്. ഹോ പ്രിയസ്ഥലത്തേയ്ക്കുള്ള യാത്ര വളരെ റൊമാന്റിക്കായിരിക്കുമെന്നോര്‍ത്ത് ഞാന്‍ പുളകം കൊണ്ടു.  

ലോസ്ആഞ്ജലസിലേയ്ക്കുള്ള വഴി

 ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് യാത്ര തുടങ്ങിയത്. പച്ചക്കറി വയലുകള്‍ക്കും പിസ്തത്തോട്ടങ്ങള്‍ക്കുമിടിയിലൂടെയും കുന്നുകയറിയും ഇറങ്ങിയുമുള്ളയാത്ര. ഇടയ്ക്ക് വിശപ്പുതീര്‍ക്കാനും വണ്ടിയില്‍ ഇന്ധനം നിറയ്ക്കാനുമായി രണ്ടിടത്ത് ഇറങ്ങിയതൊഴിച്ചാല്‍ വിശ്രമം അധികമില്ല, രാത്രി എട്ടരയോടെ ഞങ്ങള്‍ എല്‍എ നഗരം പൂകി, ഹോളിവുഡ് എന്ന പച്ചയില്‍ വെളുത്ത അക്ഷരങ്ങളുള്ള ബോര്‍ഡ് കണ്ടപ്പോള്‍ത്തന്നെ ആവേശം ഉച്ചിയിലെത്തി. പിന്നെ ഹോട്ടലിലെത്തി കുളിയുംകഴിഞ്ഞ് പിറ്റേന്നത്തെ യാത്രകളും പ്ലാന്‍ചെയ്ത് ഉറക്കം. അവന്‍ നേരത്തേ വന്നിട്ടുണ്ടെന്നതുകൊണ്ടുതന്നെ എവിടെപ്പോണം, എന്തുചെയ്യണമെന്നെല്ലാമുള്ള ആലോചനകള്‍ക്ക് വലിയ സ്ഥാനമില്ലായിരുന്നു.


കാലത്ത് ആദ്യത്തെ ലക്ഷ്യം എല്‍എ ഡൗണ്‍ടൗണ്‍ ആയിരുന്നു. ഞങ്ങള്‍ താമസിക്കുന്ന സാന്റ ക്ലാരയിലെപ്പോലെയല്ല, ആളുകളുണ്ട് നിറയെ, ബസുകളും മറ്റ് വാഹനങ്ങളുമുണ്ട് നിരത്തില്‍ , സാന്റ ക്ലാരയില്‍ ഒരു ബസ് കണ്ടുകിട്ടണമെങ്കില്‍ ചുരുങ്ങിയത് ഒരുമണിക്കൂര്‍ നടക്കണം, സിറ്റിയെന്നാണ് പറച്ചിലെങ്കിലും ചില്ലറ ഷോപ്പുകളും അപ്പാര്‍ട്‌മെന്റുകളുമൊഴിച്ചാല്‍ സാന്റ ക്ലാര എപ്പോഴും ഉറങ്ങിക്കിടക്കുന്നതുപോലെയാണ്. ആളനക്കം കേള്‍ക്കണമെങ്കില്‍ അപ്പുറത്ത് സാന്‍ ഹോസെയിലെത്തണം., ഡൗണ്‍ ടൗണിലേയ്ക്കുള്ള വഴിയില്‍ ഡിസ്‌നി കണ്‍സേര്‍ട്ട് ഹാളും, മ്യൂസിക് സെന്ററും അടുത്തുള്ള കാത്തലിക് ചര്‍ച്ചും കണ്ടു. പള്ളിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തിയകാലത്ത് ഇട്ട കോട്ടും ഇരുന്ന കസേരയുമെല്ലാം സൂക്ഷിച്ച് വച്ചിട്ടുണ്ട്. പള്ളിയിലെ ചിത്രങ്ങളും ശില്‍പങ്ങളുമെല്ലാം ഗംഭീരമാണ്.




പിന്നെ പോയത് ടോക്കിയോ ടൗണിലേയ്ക്കാണ്. ജപ്പാന്‍കാര്‍ ഏറെയുള്ള സ്ഥലമാണിത്. ജപ്പാന്‍ ശൈലിയിലുള്ള കെട്ടിടങ്ങളും ജപ്പാനീസ് ഭക്ഷണവും വസ്ത്രങ്ങളും കിട്ടുന്ന കടകളുമെല്ലാം ഏറെയുണ്ടിവിടെ. അടുത്തലക്ഷ്യം ഈ ഭാഗത്തുള്ള ചൈന ടൗണ്‍അന്വേഷിച്ചായിരുന്നു. പക്ഷേ ചെന്നെത്തിയത് പഠിച്ച മാപ്പിലൊന്നും അധികം കാണാതിരുന്ന ഒരു ഭാഗത്ത്. മെക്‌സിക്കോക്കാരുടെ ഒരു പരമ്പരാഗത വീഥിലിയേക്കാണ്. അവിടെ മെക്‌സിക്കന്‍ വസ്ത്രങ്ങളും, തുകല്‍ ഉല്‍പ്പന്നങ്ങളും കരകൗശലവസ്തുക്കളുമെല്ലാം വില്‍ക്കുന്ന ചെറിയചെറിയ കടകള്‍(നമ്മുടെ നാട്ടിലെ പെട്ടിക്കടപോലെ)നിരനിരയായി കിടക്കുന്നു. പിന്നെ മെക്‌സിക്കന്‍ ഭക്ഷണം കിട്ടുന്ന റസ്റ്റോറന്റുകള്‍ എല്ലാമുണ്ട്. കണ്ടാല്‍ ഇഷ്ടപ്പെടുന്ന എന്തൊക്കേയോ ഉണ്ട്, ചിലതെല്ലാം ഞാന്‍ വാങ്ങി, ചിലതില്‍ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിലുള്ള ഡോളര്‍ കണ്ട് ഞെട്ടി ഞാനതുപോലെതന്നെ തിരിച്ചുവച്ചു. കൂട്ടത്തില്‍ തുകല്‍ ഉല്‍പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ചില കടകളുണ്ട്, ഒറിജിനല്‍ തുകലിന്റെ മണം, തുകല്‍ ബാഗുകളും ചെരുപ്പുകളും അവിടെത്തന്നെ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ചില സാധനങ്ങള്‍ തിരഞ്ഞ് ഈ തെരുവിലൂടെ രണ്ടുവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നുകഴിഞ്ഞ് ചൈന ടൗണിന്റെ ദിശ കണ്ടുപിടിച്ച് അങ്ങോട്ട് നടന്നു.

ഒരു കൊച്ചു ചൈന സൃഷ്ടിച്ചെടുത്തപോലെയാണ് ചൈന ടൗണ്‍, ചൈനീസ് വസ്തുക്കള്‍കിട്ടുന്ന കടകള്‍, ഭക്ഷണശാലകള്‍, പലചരക്ക് കടകള്‍, കരകൗശലക്കടകള്‍. തുണിക്കടകളിലും മറ്റും അപ്രതീക്ഷിതമായ വിലക്കുറവ് കണ്ട് ഞാന്‍ ചിലതെല്ലാം സ്വന്തമാക്കുകയും ചെയ്തു. ഇവിടെവച്ചായിരുന്നു ഉച്ചഭക്ഷണം. പക്ഷേ ഭക്ഷണം ഞങ്ങളെ നിരാശപ്പെടുത്തി, ഞാന്‍ ചൈനീസ് ഫുഡ് കഴിച്ചിട്ടുള്ളത് നാട്ടിലെ ഇന്ത്യനൈസ്ഡ് ചൈനീസ് റസ്റ്റോറന്റുകളില്‍ നിന്നും പിന്നെ ഇവിടെ വന്നതില്‍പ്പിന്നെ പാണ്ഡ ഫുഡ്‌സ് പോലുള്ള അമേരിക്കനൈസ്ഡ് ചൈനീസ് റസ്‌റ്റോറണ്ടുകളില്‍ നിന്നുമാണ്. എന്നാല്‍ ആ രുചിയും പ്രതീക്ഷിച്ച് ചൈന ടൗണിലെ ഹോട്ടലില്‍ കയറിയ ഞങ്ങള്‍ക്ക് പലതരം സാധനങ്ങള്‍ വാങ്ങിച്ചെങ്കിലും നിരാശയായിരുന്നു ഫലം, അല്‍പമെങ്കിലും കഴിയ്ക്കാന്‍ കഴിഞ്ഞത് ഞണ്ടിന്റെ ഇറച്ചിയിട്ടുണ്ടാക്കിയ ഫ്രൈഡ്‌റൈസായിരുന്നു. ഭക്ഷണക്കാര്യം നിരാശതന്നുവെങ്കിലും അടുത്തത് ഹോളിവുഡിലേയ്ക്കാണല്ലോയെന്ന ചിന്ത എന്നെ സന്തോഷത്തിലേയ്ക്ക് തിരിച്ചെത്തിച്ചു.

അവിടെനിന്നും മെട്രോ തീവണ്ടിയില്‍ കയറി ഹോളിവുഡിന് ടിക്കറ്റെടുത്തു. കാലത്തു കയറിയ ബസില്‍ നിന്നും ഒരു ദിവസത്തെ യാത്രക്കുവേണ്ട ഒരു കാര്‍ഡ് എടുത്തിരുന്നതിനാല്‍ മറ്റ് പൊല്ലാപ്പൊന്നുമില്ല, കയറുന്നതിന് മുമ്പേ സ്റ്റേഷനിലുള്ള മോണിറ്ററില്‍ അത് സൈ്വപ്പ് ചെയ്യുക, തീവണ്ടി വരുമ്പോള്‍ കയറിയിരിക്കുക അത്രതന്നെ. ഹോളിവുഡില്‍ എത്തുന്നതുവരെ വളരെ കുറച്ചുദൂരം മാത്രമാണ് പുറംലോകത്തുകൂടി റെയില്‍ കടന്നുപോകുന്നത്, കൂടുതലും അണ്ടര്‍ഗ്രൗണ്ടിലൂടെയാണ് യാത്ര സ്‌റ്റേഷനുകളും അങ്ങനെതന്നെ മൂന്നും നാലും നിലകളിലായി ഭൂമിക്കടിയിലേയ്ക്ക് പണിതിരിക്കുന്ന സ്റ്റേഷനുകള്‍.
കണ്ണടച്ചുതുറക്കും മുമ്പേ ഹോളിവുഡിലെ സ്‌റ്റേഷനില്‍ വണ്ടിയെത്തി. ഹോളിവുഡിലേയ്ക്കാണല്ലോ എന്നോര്‍ത്ത് ഞാനിങ്ങനെ തുള്ളിച്ചാടി നടക്കുകയായിരുന്നു. സ്റ്റേഷനില്‍ നിന്നും കയറി പുറത്തേയ്ക്കു വന്നപ്പോള്‍ത്തന്നെ അതാ ഫുട്പാത്തില്‍ ആള്‍ക്കൂട്ടം, നോക്കുമ്പോള്‍ ഒരു പെരുമ്പാമ്പിനെയും തോളത്തിട്ട് ഒരു ചങ്ങാതി നില്‍ക്കുന്നു. പിന്നെയും മുന്നോട്ടെത്തിയപ്പോള്‍ പാമ്പാശാന്മാന്‍ ഒന്നും രണ്ടുമല്ല, മസിലുകള്‍ കാണിച്ച് കഴുത്തില്‍ പാമ്പിനെ ചുറ്റിയിട്ടും മറ്റും അവരങ്ങനെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ റെഡിയായി നില്‍ക്കുന്നു. കൂട്ടത്തില്‍ മര്‍ലിന്‍ മണ്‍റോയുണ്ട്, അര്‍നോള്‍ഡ് ഷാസ്‌നഗറുണ്ട്, എന്റെ പ്രിയതാരം മൈക്കല്‍ ജാക്‌സണുണ്ട്, കുട്ടികളെ പാട്ടിലാക്കാനായി പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും റോബോട്ടുകളുമുണ്ട്. ഇവരെയൊക്കെ നന്നായിട്ടൊന്ന് കാണണമെന്നും ഇത്തിര ഡോളര്‍ പോയാലും ജാക്‌സണ്‍ ഫിഗറിന്റെ കൂടെ നിന്നൊരു ഫോട്ടോ എടുക്കണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിടെയും ഇവിടെയുമായി കറങ്ങി നില്‍ക്കുന്ന പാമ്പിനെ തോളിലിട്ടവര്‍ എനിയ്ക്കതിനുള്ള അവസരം തന്നില്ല, രാത്രി പാമ്പിനെ സ്വപ്‌നം കാണാനുള്ള മനക്കരുത്തില്ലാത്തതിനാല്‍ എത്രയും പെട്ടെന്ന് ആ തിരക്കില്‍ നിന്നും അവനെയും പിടിച്ചുവലിച്ച് ഞാന്‍ കടന്നു.


തലേരാത്രി ഹോളിവുഡിലെ പ്രധാന വിനോദപരിപാടികള്‍ എന്താണെന്ന് തിരയുന്നതിനിടയില്‍ കണ്ട പ്രധാനപ്പെട്ടകാര്യം ബിവര്‍ളി ഹില്‍സിലെ സ്റ്റാര്‍ ഹോംസ് കണ്ടുകൊണ്ടുള്ള ഒരു റൈഡായിരുന്നു. നെറ്റില്‍ നോക്കിയപ്പോള്‍ മുടിഞ്ഞ ഫീസ്. സംഗതി പറഞ്ഞപ്പോള്‍ നല്ല കോസ്റ്റ്‌ലിയാണെന്ന അവന്റെ കമന്റും. ഹോളിവുഡിലൂടെ നടക്കുമ്പോഴും ആ യാത്രതന്നെയായിരുന്നു എന്റെ മനസ്സില്‍ കാര്യം മറ്റൊന്നുമല്ല, സ്റ്റാര്‍ ഹോംസ് ട്രിപ്പില്‍ മൈക്കല്‍ ജാക്‌സണ്‍ താമസിച്ച വീടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അങ്ങനെ തെരുവിലൂടെ ഓരോന്ന് കണ്ട് നടക്കുന്നതിനിടയില്‍ അവനെന്നേം പിടിച്ചുവലിച്ച് മറുഭാഗത്തേയ്ക്ക് നടക്കുന്നു. ചില ചെറുക്കന്മാരുമായി സംസാരിക്കുന്നു സ്റ്റാര്‍ ഹോംസ് റൈഡിന്റെ ടിക്കറ്റെടുക്കുന്നു. അങ്ങനെ എന്റെ മറ്റൊരാഗ്രഹം കൂടി സാധിയ്ക്കുന്നു. പിന്നെ വണ്ടിവരാനുള്ള കാത്തിരിപ്പായി. ഇതിനിടെ ഇവന്മാര്‍ പറ്റിയ്ക്കുമോ, വണ്ടി വരാതിരിക്കുമോയെന്നുള്ള എന്റെ പതിവ് സംശയങ്ങള്‍. എന്തായാലും വണ്ടി വന്നു. എല്ലാവരും അനുസരണയുള്ള ആട്ടിന്‍കുട്ടികളെപ്പോലെ ടിക്കറ്റെടുത്ത മുറയ്ക്ക് വണ്ടിയില്‍ കയറിയിരുന്നു. വണ്ടി കുന്നുകയറിപ്പോകുന്നു, ആദ്യം നിര്‍ത്തിയത് ഹോളിവുഡ് സൈന്‍ കാണാനാണ്. ദൂരെ മലയുടെ ചരിവിലായി എഴുതിവച്ച ഹോളിവുഡ് എന്ന സൈന്‍ വ്യക്തമായി കാണുക, ഫോട്ടോ എടുക്കുക എന്നിവയാണ് ലക്ഷ്യം. മാത്രമല്ല ഈ ഉയരത്തില്‍ കയറി നില്‍ക്കുമ്പോള്‍ താഴെ എല്‍എ ഡൗണ്‍ ടൗണിന്റെ ദൃശ്യം മനോഹരമായി കാണുകയും ചെയ്യാം. ഫോട്ടോയെടുക്കലും മറ്റും കഴിഞ്ഞ് എല്ലാവരും വീണ്ടും വണ്ടിയില്‍.
സ്റ്റാര്‍ ഹോം ടൂര്‍ എന്നാണ് പേരെങ്കിലും ഒരു സ്റ്റാര്‍ ഹോമും ശരിയ്ക്കു കാണാന്‍ അവസരമില്ലെന്നതാണ് സത്യം. ആദ്യം കണ്ടത് ജന്നിഫര്‍ അനിസ്റ്റണ്‍ന്റെ വീടാണ്. ഇതാ എന്റെ ഇടതുവശത്തായി അകലെ ആ കുന്നിന്‍ പുറത്ത് കാണുന്നതാണ് ഇന്നാരുടെ വീട്. എന്റെ വലതുവശത്തായി നീല പെയിന്റടിച്ച വീടാണ് മറ്റേയാളുടെ വീട് എന്നിങ്ങനെ ഗൈഡ് കൂടിയായ ഡ്രൈവര്‍ പറയുമ്പോള്‍ നമ്മള്‍ ചാഞ്ഞും ചരിഞ്ഞും നോക്കണം. എന്തായാലും മിന്നായം പോലെ എന്തൊക്കെയോ കാണാം. കൂട്ടത്തില്‍ ടോം ക്രൂസ്, ജാക്കി ചാന്‍ തുടങ്ങിയ വമ്പന്മാരുടെയും ചില സാധാരണ നടീനടന്മാരുടെയുമൊക്കെ വീടുകളുണ്ടായിരുന്നു. കുറേക്കഴിഞ്ഞാണ് ജാക്‌സണ്‍ താമസിച്ചിരുന്ന വീടിനടുത്തെത്തിയത്. വലിയ ചുറ്റുമതിലുള്ള വീട് വണ്ടിയിലിരുന്ന് കാണുക പ്രയാസമാണ് എന്നാലും ഗേറ്റും മുകള്‍ നിലയും മൂടിവച്ചിരിക്കുന്ന ഒരു കാറുമെല്ലാം ഞാന്‍ ക്യാമറയില്‍ പകര്‍ത്തി.


കുഞ്ഞായിരുന്നപ്പോള്‍ ജാക്‌സണ്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ചിരുന്ന ഒരു ഓഡിറ്റോറിയം യാത്രയുടെ തുടക്കത്തില്‍ത്തന്നെ കണ്ടിരുന്നു. ജാക്‌സണ്‍ന്റെ വീട് കണ്ടതോടെ എന്റെ ആക്രാന്തം അവസാനിച്ചു. പിന്നെയുള്ള ഒരു പ്രലോഭനം ഡേവിഡ് ബക്കാമിന്റെ വീടായിരുന്നു, അതിനെപ്പറ്റി ഡ്രൈവര്‍ ഒന്നും മിണ്ടിയില്ല, ആരും ചോദിച്ചുമില്ല. ഇടക്ക് അയാള്‍ യാത്രയുടെ ഓപ്പറേറ്റര്‍മാരുടെ ഫോണ്‍വിളികള്‍ക്ക് മറുപടി നല്‍കുന്നുണ്ടായിരുന്നു. വേഗം തിരിച്ചെത്തുക അടുത്തസംഘം അക്ഷമരായി കാത്തുനില്‍ക്കുന്നു എന്നതു തന്നെയായിരുന്നു ഫോണ്‍ വിളികളുടെ ഉള്ളടക്കം, തിരക്കായതുകൊണ്ടാകാം അയാള്‍ ബക്കാമിന്റെ വീട് കാണിച്ചില്ല.
പിന്നെ തിരികെ വീണ്ടു ഹോളിവുഡിലേയ്ക്ക്, അപ്പോഴേയ്ക്കും വേകുന്നേരമായിരുന്നു. തെരുവില്‍ നല്ല തിരക്ക്. യാത്രാക്ഷീണം തീര്‍ക്കാന്‍ ഭക്ഷണം കഴിച്ചശേഷം വീണ്ടും തെരുവ് തെണ്ടല്‍. ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുന്ന ഡോള്‍ബി തിയേറ്റര്‍, തൊട്ടടുത്തായുള്ള മാഡം തുസ്സേഡ് മെഴുകു മ്യൂസിയം ഇതെല്ലാം കണ്ടിറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പുതിയൊരു താല്‍ക്കാലിക ഹോബി കണ്ടുപിടിച്ചു. ഹോളിവുഡ് വീഥിയിലെ ഫുട്പാത്തുകളിലെല്ലാം കറുത്ത ഗ്രാനൈറ്റ് പതിച്ചിട്ടുണ്ട്, അതിന് മുകളിലായി ചുവന്ന നിറത്തിലുള്ള നക്ഷത്രങ്ങളാണ് ഈ നക്ഷത്രങ്ങളിലെല്ലാം പുകള്‍പെറ്റ അഭിനേതാക്കള്‍, കാര്‍ട്ടൂണ്‍, അനിമേഷന്‍ കഥാപാത്രങ്ങള്‍, ഗായകര്‍, വാദ്യോപകരണവിദഗ്ധര്‍, ടെലിവിഷന്‍ താരങ്ങള്‍ തുടങ്ങിയവരുടെ പേരുകള്‍ സ്വര്‍ണനിറത്തില്‍ പതിച്ചിരിക്കുകയാണ്. വാക്ക് ഓഫ് ഫെയിം എന്നാണിതിന് പേര്. ഇക്കൂട്ടത്തില്‍ അറിയാവുന്നവരുടെയൊക്കെ പേരുകള്‍ കണ്ടുപിടിച്ച് ആ നക്ഷത്രങ്ങള്‍ ക്യാമറയിലാക്കുകയായിരുന്നു പിന്നത്തെ പരിപാടി. ടോം ക്രൂസിനെയും ഷാസ്‌നഗറിനെയും ഷ്രക്കിനെയുമൊക്കെ ഞാനങ്ങനെ സ്വന്തമാക്കി. ഹോളിവുഡിലെ തിരക്കുള്ള ഭാഗം കഴിഞ്ഞ് പുറത്തേയ്ക്കും നീളുന്നുണ്ട് വാക്ക് ഓഫ് ഫെയിം.
പിന്നത്തെ ലക്ഷ്യം ഇവിടത്തെ സുവനീര്‍ കടകളായിരുന്നു. പലേടത്തായി കയറിയിറങ്ങി കുറേ സുവനീറുകളും സംഘടിപ്പിച്ചു. അപ്പോഴേയ്ക്കും ഏതാണ്ട് ഇരുട്ടായിത്തുടങ്ങി. അതോടെ വിശപ്പിന്റെ വിളിയും തുടങ്ങി, ബ്രഡിനുള്ളില്‍ ഇറച്ചി വച്ചുകഴിയ്ക്കുന്ന ഇടപാടിനോട് എനിയ്ക്ക് വലിയ താല്‍പര്യമില്ലാത്തതിനാല്‍ത്തന്നെ ഹോളിവുഡില്‍വച്ച് എന്ത് കഴിയ്ക്കുമെന്ന് ആലോചിച്ച് കണ്‍ഫ്യൂഷനായി നടക്കുകയാണ് ഞങ്ങള്‍. അപ്പോഴതാ പെട്ടെന്ന് ഒരു ബോര്‍ഡ് തിളങ്ങുന്നു അര്‍ബന്‍ മസാലയെന്ന പേരില്‍ ഒരു ഇന്ത്യന്‍ റസ്‌റ്റോറന്റ്, പിന്നെ അമാന്തിച്ചില്ല കയറിച്ചെല്ലുന്നു ഓര്‍ഡര്‍ ചെയ്യുന്നു, വെജും നോണ്‍വെജുമെല്ലാമുണ്ട്. അമേരിക്കയിലെത്തി കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ഇത്രയും രുചിയോടെ നമ്മുടെ സ്വന്തം ചിക്കന്‍ കറിയും റൈസും വേറെ എവിടെയും കിട്ടിയിട്ടില്ല.

വയറിന്റെകാര്യം തരപ്പെട്ടസന്തോഷത്തില്‍ ഞങ്ങള്‍ വീണ്ടുംകുറച്ച് നടന്ന് ഹോളിവുഡ് വീഥിയുടെ കവാടത്തിലെത്തി പടങ്ങളൊക്കെയെടുത്തു. കുറച്ച് ഇരുട്ടുന്നതുവരെ അവിടെ കറങ്ങിനടക്കാമെന്നുവച്ചത് രാത്രിയിലെ ഹോളിവുഡ് കാണുകയെന്ന ഉദ്ദേശത്തോടെയായിരുന്നു. എന്നാല്‍ എട്ടുമണിയായതോടെ കടകളെല്ലാം അടച്ചുതുടങ്ങി, പിന്നെ ചില ഹോട്ടലുകളും ബാറുകളും മാത്രമേ തുറന്നുകിക്കകുന്നുള്ളു, ആളുകളൊഴിയുകയും ചെയ്തു. എന്നാല്‍പ്പിന്നെ നിന്നിട്ടുകാര്യമില്ലെന്ന് തോന്നിയതോടെ എട്ടരമണിയോടെ ബസ് പിടിച്ച് ഞങ്ങള്‍ വീണ്ടും ഹോട്ടലിലേയ്ക്ക്. ഒട്ടും പ്രതീക്ഷിക്കാതെ ഏറെ ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം എനിയ്ക്കപ്പോഴും അവിശ്വസനീയമായി തോന്നുകയായിരുന്നു.

അടുത്ത ദിവസത്തെ ലക്ഷ്യം യൂണിവേഴ്‌സല്‍ സ്റ്റുഡിയോ കാണുകയെന്നതായിരുന്നു. പലതരം റൈഡുകളുണ്ട് റൈഡുകളുണ്ട് എന്ന് അവന്‍ ഉറങ്ങുന്നതിന് മുമ്പായി ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. എന്തായിരിക്കും ഈ സംഭവങ്ങള്‍ എന്നോര്‍ത്ത് ആകാംഷയോടൊപ്പം ചെറിയ പേടിയുമുണ്ടായി. നാട്ടിലെ തീം പാര്‍ക്കുകളിലെ ചില വാട്ടര്‍ റൈഡുകളൊക്കെ എനിയ്ക്ക് വല്ലാത്ത പേടിയാണ്, ഇനി അതുപോലെ വല്ലതുമാവുമോയെന്ന് സംശയം എന്തായാലും വേണ്ടില്ല വരുന്നേടത്ത് വച്ച് കാണാം എന്ന് വിചാരിച്ച് ഞാനും ഉറക്കത്തിലേയ്ക്ക് പോയി.

2012 മേയ് 21, തിങ്കളാഴ്‌ച

കുളി, വിയര്‍പ്പ്, നാറ്റം അങ്ങനെ പലവിധം.......!

വിയര്‍പ്പുമണമാണത്രേ!

നാളേറെയായി മാറാത്ത അഴുക്കുടുപ്പുകളില്‍,

വിയര്‍പ്പ് ഉണങ്ങിപ്പൊടിയുന്നെന്ന്....

ലഹരി നല്‍കുന്ന മാല്‍ബറോ മണത്തിനും മീതേ,

ലാവണ്ടര്‍ നീരിന്‍റെ ഉന്മത്തഗന്ധത്തിനും മീതേ,
വിയര്‍പ്പു നാറ്റം പടരുന്നുവെന്ന്....!



ഇടയ്ക്ക് സംശയിയ്ക്കുന്നുമുണ്ട്,

വിയര്‍പ്പല്ലിത് ഏതോ വില കുറഞ്ഞ,

പഴയകാല ഫില്‍ട്ടറില്ലാ സിഗരറ്റിന്‍റെ ഗന്ധമാണെന്ന്...
...ഹാ!



ഇനിയുമൊന്ന് സ്വയം കഴുകിത്തുടച്ചില്ലെങ്കില്‍

കുളിയ്ക്കായ്മയുടെ ഈ

മധുരപ്പതിനേഴാം ദിനത്തില്‍

അവന്‍ കാലിന്‍റെ കത്രികപ്പൂട്ടില്‍ കുടുക്കി

ഞെരിച്ചമര്‍ത്തി പുറത്തേയ്ക്ക്
വലിച്ചെറിയും !



കുളിപ്പിയ്ക്കാനൊരു മഴപോലുമില്ല!

അതിനാല്‍

ഇനി ഞാന്‍ കുളിയ്ക്കട്ടെ

കുളിപ്പാത്രത്തില്‍ നിവര്‍ന്നുകിടന്ന്

വക്കിലെ പച്ചപ്പായലില്‍

വിയര്‍പ്പുകണത്തിന്‍റെ

രൂപങ്ങള്‍ നഖമുനയാല്‍ കണ്ടെടുത്ത്

ചൂടുവെള്ളത്തില്‍ സ്വയം കുതിര്‍ത്തെടുത്ത്

ചളി തുടച്ചകറ്റി

മാല്‍ബറോയ്ക്കും മീതെ

സുഗന്ധം പരത്തി ഞാന്‍ കിടപ്പറ പൂകട്ടെ....!

2012 മേയ് 2, ബുധനാഴ്‌ച

സ്വന്തം വീട്ടില്‍ വിരുന്നുകാരിയായപ്പോള്‍

വളരെപ്പണ്ടുമുതലേ തന്നെ എന്നു വച്ചാല്‍ തിരിച്ചറിവുണ്ടാകുന്നതിനും എത്രയോ മുമ്പേ കല്യാണമെന്ന സംഗതിയോട് വലിയ എതിര്‍പ്പു തോന്നിയിട്ടുണ്ട്. എന്നെ ഓമനിച്ചും ലാളിച്ചും കൊണ്ടുനടന്ന അമ്മയുടെ അനിയത്തി കല്യാണം കഴിഞ്ഞു പോയതോടെയാണ് യഥാര്‍ത്ഥത്തില്‍ ഈ എതിര്‍പ്പ് ഉള്ളിലുടലെടുത്തത്. ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോഴായിരുന്നു ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ചേച്ചിയെ ഭര്‍തൃവീട്ടിലാക്കി തിരികെ എല്ലാരും കൂടി വീട്ടിലെത്തിയപ്പോള്‍ ഞാനനുഭവിച്ച ശൂന്യത, കുഞ്ഞായിരുന്ന എനിയ്ക്കന്ന് തേങ്ങലടക്കാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട് വീട്ടില്‍ നിന്നും പലരും കല്യാണം കഴിഞ്ഞ് പോയി, ചിലരെ കല്യാണം കഴിച്ച് കൊണ്ടുവന്നു. അതിന്‍റെ ആഘോഷങ്ങള്‍ക്കിടയിലെല്ലാം ഞാനിങ്ങനെ തിത്തയ്യം വച്ച് നടക്കാറുണ്ടായിരുന്നെങ്കിലും എന്‍റെ ജീവിത്തതില്‍ ഇങ്ങനെയൊരു ദിവസം വന്നുചേരുകയില്ലെന്നും ഞാനൊരിക്കലും അതിനോളം വലുതാവുകയില്ലെന്നുമുള്ള കുറേ ധാരണകളും കൊണ്ടായിരുന്നു സ്കൂള്‍ കാലത്ത് നടന്നിരുന്നത്. പിന്നെ പതിയെ പത്താം ക്ലാസ് കഴിയുമ്പോഴേയ്ക്കും കല്യാണം കഴിയ്ക്കേണ്ട എന്ന് ഞാനങ്ങ് തീരുമാനിയ്ക്കുകയും ചെയ്തു. ഇതിനെന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്ന് ചോദിച്ചാല്‍ തലവേദനപിടിച്ച ഒരുതരം ഏര്‍പ്പാടാണ് ഈ കല്യാണമെന്ന തോന്നലില്‍ക്കൂടുതല്‍ ഒന്നുമുണ്ടായിരുന്നില്ലതാനം. എന്നാല്‍ പ്രണയത്തിന് ഞാനൊട്ട് എതിരായിരുന്നുമില്ല.

പിന്നീട് പഠിപ്പിനിടെ വരുന്ന കല്യാണാലോചനകള്‍ തലവേദനയായി മാറിയപ്പോള്‍ ഞാന്‍ വീട്ടില്‍ നടത്തിയ സമരങ്ങള്‍ക്ക് കണക്കില്ല. വേണ്ടതിലേറെ സ്വാതന്ത്ര്യം തന്നാണ് വളര്‍ത്തിയതെങ്കിലും ഞാന്‍ കല്യാണം കഴിച്ചു കാണമെന്നുള്ള പരന്പരാഗത മോഹത്തില്‍ നിന്നും എന്‍റെ അച്ഛനും അമ്മയും ബാക്കിയുള്ളവരും മുക്തരായിരുന്നില്ല.ഞാന്‍ തിരിച്ചറിവെത്തിയപ്പോള്‍ കുടുംബത്തില്‍ വീണ്ടും കല്യാണങ്ങള്‍ നടന്നു കസിന്‍ ചേച്ചിമാരില്‍ ഒരാളുടെ കല്യാണം കഴിഞ്ഞപ്പോള്‍ അതുണ്ടാക്കിയ വേദനയ്ക്കും കണക്കില്ല. വളര്‍ന്നുകഴിഞ്ഞിട്ടും കുഞ്ഞുന്നാളിലുള്ള അതേ വാത്സല്യം എനിയ്ക്ക് തന്നിരുന്നു ചേച്ചി, കല്യാണം കഴിഞ്ഞിട്ടും അതിന് മാറ്റമൊന്നുമുണ്ടായില്ലെങ്കിലും, എന്തോ ഒരു മാറ്റമുണ്ടെന്നകാര്യം തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നു. ഇതിനിടെ ഞാന്‍ കെട്ടേണ്ടിവരുമെന്ന പല അവസ്ഥകളില്‍ നിന്നും ബുദ്ധിപൂര്‍വ്വം തടിയൂരിപ്പോന്നുകൊണ്ടിരുന്നു. തീര്‍ത്തും അസാധാരണമായ എന്‍റെ തീരുമാനത്തിന്‍റെ ഗുട്ടന്‍സ് പിടികിട്ടാതെ വീട്ടുകാര്‍ പകച്ചിരിക്കെ ഞാന്‍ ഒരു ജോലിയും സംഘടിപ്പിച്ച് ബാംഗ്ലൂരിലേയ്ക്ക് പോയി.



എന്നെ മനസ്സിലാക്കാന്‍ കഴിയുന്നയാളെ കിട്ടുമെന്നുറപ്പുണ്ടോ? പെട്ടെന്നൊരു ദിവസം ഒരാളെ എങ്ങനെ സ്നേഹിക്കാന്‍ കഴിയും? എന്നു തുടങ്ങി, അച്ഛനും അമ്മയ്ക്കും വ്യക്തമായി ഉത്തരം തരാന്‍ കഴിയില്ലെന്നറിയാവുന്ന ചോദ്യങ്ങള്‍ ചോദിച്ച് ഞാന്‍ പലപ്പോഴും വിപ്ലവക്കൊടിയുയര്‍ത്തി. പിന്നെ ഒടുക്കം അവരെ സമാധാനിപ്പിക്കാനായി കല്യാണം കഴിയ്ക്കണമെന്ന് തോന്നുമ്പോള്‍ തീര്‍ച്ചയായും വീട്ടില്‍ വന്നു പറയുമെന്ന് ഒരു ഉറപ്പം കൊടുത്തു. പിന്നെപ്പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്ന് വന്നതോടെ അച്ഛന്‍റെയും അമ്മയുടെയും നിര്‍ബ്ബന്ധങ്ങളുടെ ശക്തികുറഞ്ഞു. ബാംഗ്ലൂരില്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരൊക്കെ പലവഴിയ്ക്കായതോടെ ഒറ്റപ്പെടലും സങ്കടവും എന്നുവേണ്ട ആകെക്കൂടി പ്രശ്നങ്ങള്‍. ഈ ഒറ്റപ്പെടലിനിടെ പഴയ എഴുത്തുപരിപാടി പൊടിതട്ടിയെടുത്ത് ഞാനൊരു ബ്ലോഗറായി. പതിവായി ബ്ലോഗാന്‍ തുടങ്ങിയതോടെ ഒരു കൂട്ടം പുതിയ കൂട്ടുകാരെക്കിട്ടി.



അങ്ങനെയിരിക്കെയാണ് എന്‍റെ തല്ലിപ്പൊളി കവിതകള്‍ നന്നാവുന്നുണ്ടെന്ന അഭിപ്രായവുമായി ബ്ലോഗ് വിട്ട് മെയില്‍ ഇന്‍ബോക്സിലേയ്ക്ക് ഒരു സന്ദേശം വരുന്നത്. പതിവായുള്ള വിലയിരുത്തലുകള്‍, പതിയെ അങ്ങോട്ടുമിങ്ങോട്ടുമുള്ള മെയിലുകളുടെ എണ്ണം കൂടി. ഒടുവില്‍ പ്രതീതിയാഥാര്‍ത്ഥ്യത്തില്‍ നിന്നും ആളതാ ഒരു ദിവസം എന്‍റെ ഓഫീസിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. നേരിട്ട് പരിചയപ്പെട്ടപ്പോ കുഴപ്പമില്ലെന്ന് പരസ്പരം തോന്നിയതോടെ, മെയിലുകള്‍ കുറയുകയും കൂടിക്കാഴ്ചകള്‍ കൂടുകയും ചെയ്തു. എന്‍റെ ഏകാന്തത എവിടേയ്ക്കോ പോയൊളിച്ചു. പതുക്കെ സൗഹൃദമതാ പ്രണയത്തിന് വഴിമാറുന്നു, എന്തു ചെയ്യാന്‍ ഞങ്ങള്‍ നിസ്സഹായരായി നോക്കിനിന്നു. പ്രണയപ്പനിയുടെ ആദ്യലക്ഷണം കണ്ടുതുടങ്ങിയനാള്‍ തന്നെ ഞാന്‍ അച്ഛന് ഫോണ്‍ ചെയ്ത് ചെലപ്പോ ഞാന്‍ ഒരാളെ പ്രണയിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചു.



പതിയെ പനിയങ്ങനെ അസ്ഥിയിലേയ്ക്ക് വ്യാപിയ്ക്കാന്‍ തുടങ്ങി. പക്ഷേ കല്യാണത്തെക്കുറിച്ചൊന്നും ഞങ്ങള്‍ ചിന്തിച്ചതേയില്ല. സിനിമയ്ക്ക് പോവുക, പുറത്ത് കഴിയ്ക്കാന്‍ പോവുക, അവധി ദിവസങ്ങളില്‍ നീളന്‍ ഡ്രൈവിന് പോവുക തുടങ്ങിയ ഹോബികള്‍. എന്തായാലും അധികം വൈകിയില്ല, ജീവിതത്തില്‍ ഒരുമിച്ചാവാമെന്ന തീരുമാനത്തിലേയ്ക്ക് ഞങ്ങള്‍ എത്തിപ്പെടാന്‍. പിന്നെ 2വര്‍ഷം ഒരുമിച്ച് നടന്നു. എന്നും കൂട്ടുകൂടി നടക്കാമെന്നാണെങ്കിലും രണ്ടുപേര്‍ക്കും കല്യാണമെന്ന സാഹസത്തോട് വലിയ താല്‍പര്യമില്ല. എന്ന് വച്ച് 'ലിവിങ് ടുഗതറി'നോട് ഒരിതും. വീട്ടില്‍ പറയാതെ ആ പണി പറ്റില്ല, പറഞ്ഞാല്‍ സമ്മതവും കിട്ടില്ല. പലനാള്‍ ആലോചിച്ചിട്ടും വഴിയൊന്നും കണ്ടില്ല, ഒടുക്കം ഒരുമിച്ച് പോവണമെങ്കില്‍ ആ സാഹസം തന്നെ വേണമെന്ന് വന്നു, കല്യാണം. എന്‍റെയൊരു കാര്യം നോക്കണേ, പലതും മനസ്സില്‍ കൊണ്ടു നടന്നിട്ട്, ഒടുവില്‍.. പിന്നെ രണ്ടാളും പരസ്പരം പറയുന്നത് ഇങ്ങനെയായി. വീട്ടുകാരുടെ സമാധാനത്തിന് കല്യാണം, നമുക്ക് കല്യാണം കഴിച്ചിട്ടില്ലെന്ന് വിചാരിയ്ക്കാം, ഭാര്യയും ഭര്‍ത്താവുമായി സ്വയം കണക്കാക്കേണ്ട, എന്നും സുഹൃത്തുക്കള്‍ മാത്രമായിരിക്കാം- ഓകെ എന്നാല്‍ അങ്ങനെ.



അങ്ങനെ ഇക്കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞു. ആളും തരവും ഒക്കെ അന്വേഷിച്ചപ്പോള്‍ അച്ഛനും അമ്മയ്ക്കും സമ്മതക്കുറവില്ല, പക്ഷേ ഒറ്റ കണ്ടീഷന്‍ ലവന്‍റെ വീട്ടില്‍ സമ്മതിക്കണം, അല്ലേല്‍ ബുദ്ധിമുട്ടാകുമെന്ന് അച്ഛന്‍. അവരുടെ കാര്യത്തില്‍ ചില ആശങ്കകള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും ആരും സമ്മതക്കുറവ് പറഞ്ഞില്ല, ഏകമകന് വേണ്ടി അവര്‍ സമ്മതം മൂളി എന്ന് പറയുന്നതാവും ശരി. പിന്നെ വീട്ടുകാരുടെ ചര്‍ച്ചകള്‍, പോക്കുവരവുകള്‍ തുടങ്ങി പതിവ് കലാപരിപാടികള്‍. ഇതിനിടെ കല്യാണം കഴിയ്ക്കാന്‍ പോകുന്നുവെന്ന ചിന്ത തരുന്ന അസ്വസ്ഥകളുമായി ഞാന്‍, കല്യാണശേഷം ഉണ്ടായേയ്ക്കാവുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചിന്തിച്ച് തലപുകച്ച് അവനും. ഇടക്ക് പലപ്പോഴും ഇനി കല്യാണം കഴിയ്ക്കുമ്പോഴേയ്ക്കും പ്രണയം മരിയ്ക്കുമോയെന്ന് ഞങ്ങള്‍ സംശയിക്കുകപോലുമുണ്ടായി. കാരണം ഞാന്‍ കല്യാണമെന്ന ഇഷ്ടക്കേടിലേയ്ക്ക് കാലെടുത്തുവെയ്ക്കുന്നതിന്‍റെ ഫ്രസ്ട്രേഷന്‍ തീര്‍ക്കുന്നത് അവന്‍റെ മേല്‍. അവന്‍ തിരിച്ചും. പിന്നെ പറയണോ പൂരം, ഒരാള്‍ യുഎസിലും മറ്റേയാള്‍ ബാംഗ്ലൂരിലുമാണെങ്കിലും ഫോണിലൂടെയും ചാറ്റിലൂടെയുമെല്ലാം അടിയോടടി.



വീട്ടുകാരെ വിളിച്ച് കല്യാണം വേണ്ടെന്ന് വെയ്ക്കാന്‍ പറഞ്ഞാലോയെന്ന ചിന്തവരെയെത്തി പലപ്പോഴും കാര്യങ്ങള്‍. ഒടുവില്‍ കല്യാണമടുത്തുവരുന്നു. എനിയ്ക്കാണെങ്കില്‍ ഒരിടത്തും സ്വസ്ഥത കിട്ടാതായി ജോലിയില്‍ ശ്രദ്ധയില്ല, ഉറക്കമില്ല. കല്യാണം കഴിഞ്ഞാല്‍ കഥയെന്താവുമെന്ന് ഓര്‍ത്ത് പേടി. സ്വാതന്ത്ര്യങ്ങള്‍ നഷ്ടപ്പെടുമോ, മറ്റുള്ളവരുടെ ഇഷ്ടത്തിന് നടക്കേണ്ടിവരുമോ എന്നിങ്ങനെ ഉള്ളില്‍ ഒരായിരം ചോദ്യങ്ങള്‍. പിന്നെ അച്ഛന്‍, അമ്മ, അനിയന്‍ , എന്‍റെ വീട്, എന്‍റെ മുറി അങ്ങിനെ സെന്‍റിമെന്‍റ്സ് പലവിധം. പിന്നെ കല്യാണം അച്ഛന് സാമ്പത്തിക ബാധ്യത വല്ലതും വരുത്തിവച്ചേയ്ക്കുമോ, കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്നു തുടങ്ങിയുള്ള ആശങ്കകള്‍. കല്യാണത്തലേന്നുരാത്രിവരെ കെട്ടുന്നതിന്‍റെ പിറ്റേമാസം വേര്‍പിരിയുമെന്ന ലൈനിലായിരുന്നു ഞങ്ങളുടെ തല്ലുകളുടെ പോക്ക്. ഇതിനിടെ ഐഡന്‍റിറ്റി ക്രൈസിസ്, അവിടത്തെ വീട്ടുകാര്‍ എങ്ങനെ പെരുമാറുമെന്ന ആലോചനയുണ്ടാക്കുന്ന അരക്ഷിതാവസ്ഥ. വീട്ടിലുള്ളവരെ ഞാനിതിനകം പരിചയപ്പെടുകയും അടുത്തറിയുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും എന്തോ ഒരു പേടി.



ഒടുക്കം പിറ്റേന്ന് രാവിലെയായപ്പോഴേയ്ക്കും വല്ലാത്തൊരു നിസ്സംഗതയിലേയ്ക്ക് ഞാനെത്തിയിരുന്നു. പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് ആ നിസ്സംഗത ഞാന്‍ സ്വയം അഭിനയച്ചതായിരുന്നുവെന്ന് കല്യാണവും സദ്യയും കഴിഞ്ഞ് ഞങ്ങള്‍ പടിയിറങ്ങിയപ്പോള്‍ അച്ഛന്‍റെ കണ്ണിലുണ്ടായിരുന്ന വേദന, അമ്മയുടെ മുഖത്തെ അങ്കലാപ്പ്, സങ്കടം പുറത്തുകാണിക്കാതിരിക്കാന്‍ പാടുപെടുന്ന അനിയന്‍, സകല നിയന്ത്രവും വിട്ട് ഞാന്‍ കരഞ്ഞപ്പോള്‍ അന്തിച്ചുപോയത് പാവം അവനാണ്.കാറിലിരുന്ന് വീടെത്തുന്നതുവരെ പിന്നേം ഞാന്‍ കരഞ്ഞു, ശരിയ്ക്കും പറഞ്ഞാല്‍ കൊല്ലാന്‍ കൊണ്ടുപോകുന്ന ഒരു അവസ്ഥയുണ്ടായിരുന്നു മനസ്സില്‍. അവനോട് തീര്‍ത്താല്‍ തീരാത്ത ദേഷ്യവും തോന്നിത്തുടങ്ങി. കരച്ചിലടങ്ങുന്ന ചില നേരങ്ങളില്‍ ഇത് പ്രണയവിവാഹം തന്നെയാണോയെന്നുപോലും എനിയ്ക്ക് സംശയമുണ്ടായി. പിന്നെ അവിടുത്തെ സ്വീകരണം ആനയിക്കല്‍, വിരുന്നുസല്‍ക്കാരം ... ഞങ്ങളാണെങ്കില്‍ പരസ്പരം അറിയാത്ത രണ്ടാളുകളെപ്പോലെ വരുന്നവരോട് ചിരിച്ച് കാണിച്ച് മണിക്കൂറുകള്‍ തള്ളിനീക്കി.



ഒടുവില്‍ എല്ലാ കല്യാണരാത്രികളിലും സംഭവിക്കാറുള്ളതുപോലെ ഞങ്ങള്‍ രണ്ടുപേരും ഒരേ മുറിയില്‍. അന്നുവരെയുള്ള തല്ലുകളുടെ കൊട്ടിക്കലാശം പൊടിപൊടിച്ചു ആദ്യരാത്രിയില്‍, പുറത്തുള്ളവര്‍ വല്ലവരും രണ്ടുപേരുടെയും ഡയലോഗുകള്‍ കേട്ടോയെന്ന് എനിയ്ക്കറിയില്ല. ഒക്കെക്കൂടെ സഹിയ്ക്കാന്‍ വയ്യാതെ ഞാന്‍ വീട്ടിലേയ്ക്ക് വിളിച്ച് അച്ഛനോട് പറയുന്നു, എനിയ്ക്ക് നമ്മടെ വീട്ടില്‍ വരണം, ഇവിടെ നിക്കണ്ടാ..... മേമ്പൊടിയായി കരച്ചിലും. പിന്നെ അച്ഛന്‍റെ സമാധാനിപ്പിക്കല്‍, നാളെ വരാം മോള് സമാധാനമായിരിക്കൂ. എന്താണിത് കുട്ടിക്കളിയോ, കല്യാണം കഴിഞ്ഞാല്‍ അവിടെയാണ് നിക്കേണ്ടത്, കുട്ടികളെപ്പോലെ വാശിപിടിക്കരുത്- എന്നിങ്ങനെ അമ്മ. അടികൂടി അടികൂടി ഒടുക്കം എപ്പോഴോ രണ്ടുപേരും ഉറങ്ങിപ്പോയി. ഞാനറിയാത്ത കുറേയാളുകള്‍ ആ വീട്ടിലുണ്ടായിരുന്നു, അറിയാത്തയാളുകള്‍ക്കിടയില്‍ പരിചയമില്ലാത്ത വീട്ടില്‍ എനിയ്ക്കായൊരിടം കണ്ടെത്താന്‍ കഴിയാതെ ഞാന്‍ തീന്‍ മേശയിലും അടുക്കളയിലും എന്നുവേണ്ട ആ വീടിന്‍റെ പല മൂലകളിലുമായി നിന്നും ഇരുന്നും വലഞ്ഞു. അവരെല്ലാം വലിയ സ്നേഹത്തോടെ കാര്യങ്ങള്‍ തിരക്കുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്നുണ്ടെങ്കിലും ഒന്നിനോടും ആത്മാര്‍ത്ഥമായി പ്രതികരിക്കാന്‍ പോലും എനിയ്ക്ക് കഴിഞ്ഞില്ല.



ഞാനിറങ്ങിപ്പോന്ന എന്‍റെ വീട്ടില്‍ ഒന്നു പോയിനോക്കണമെന്ന അടക്കാനാകാത്ത ആഗ്രഹം. കല്യാണം ഒരു വ്യാഴാഴ്ച, വെള്ളിയാഴ്ച ആദ്യ വിരുന്നിന് പോകാന്‍ പറ്റില്ലെന്ന് പ്രായമുള്ളവര്‍ ആരോ പറഞ്ഞപ്പോള്‍ അത് ഞായറാഴ്ച ത്തേയ്ക്ക് മാറ്റി. ഒരുതരത്തില്‍ വെള്ളിയും ശനിയും തള്ളിനീക്കി, ഞായറാഴ്ച കാലത്ത് വീട്ടിലേയ്ക്ക് തിരിച്ചു. 'നീ വല്ലാതെ ഇന്‍ഡിഫറന്‍റ് ആകുന്നു'വെന്ന് ഡ്രൈവിങ്ങിനിടെ അവന്‍റെ കമന്‍റ്. എനിയ്ക്ക് മറുപടിയില്ല. വീട്ടില്‍ എത്താറാകുന്നതിനനുസരിച്ച് ഉള്ളിലിങ്ങനെ എന്തൊക്കെയോ കാര്യങ്ങള്‍. വീട്ടിലേയ്ക്ക് കയറിയതോടെ സന്തോഷത്തിന് പകരം എന്‍റെ ഉള്ളിടറുകയായിരുന്നു. വീട്ടില്‍ എല്ലാവരുമുണ്ട്, പക്ഷേ ഒരു അതിഥി വരുന്നതുപോലെ സ്വീകരണം. ബാംഗ്ലൂരില്‍ നിന്നും ലീവിന് വരുന്നപോലെ എനിയ്ക്ക് ഓടി അടുക്കളയിലും എന്‍റെ മുറിയിലും പോകാന്‍ പറ്റുന്നില്ല. എല്ലാവരും വിശേഷങ്ങള്‍ ചോദിച്ച് എന്‍റെ വഴിമുടക്കുന്നു. കഴിയ്ക്കാന്‍ ഇരിയ്ക്കാന്‍ പറയുന്നു. എല്ലാവരും അവനോട് സംസാരിക്കുന്നതിനിടെ കിട്ടിയ ഇത്തിരി സമയത്ത് ഞാന്‍ കുളിമുറിയില്‍ കയറി വെള്ളത്തിനൊപ്പം എന്‍റെ സങ്കടങ്ങളെയും തുറന്നുവിട്ടു.



സ്വന്തം വീട്ടില്‍ ഞാനൊരു വിരുന്നുകാരിയായിക്കഴിഞ്ഞു. ഇനിയൊരിക്കലും എനിയ്ക്ക് പഴയ സ്റ്റാറ്റസ് ഇല്ല, ലീവിന് വരുമ്പോള്‍ ടൗണില്‍ ഞാന്‍ ബസ്സിറങ്ങുന്നതും കാത്ത് അച്ഛന് വരേണ്ടിവരില്ല. ഇടയ്ക്ക് മിഠായിത്തെരുവില്‍ ഒറ്റയ്ക്ക് അലഞ്ഞു തിരിയാന്‍ കഴിയില്ല. മതിലുകള്‍ കൊണ്ട് മറയ്ക്കാത്ത അയല്‍ വീടുകളില്‍ എനിയ്ക്ക് ഓടിച്ചാടി നടക്കാന്‍ കഴിയില്ല. സ്വന്തമെന്ന് ഞാന്‍ അഹങ്കരിച്ചിരുന്ന ഈ ഇടവും ഞാനും തമ്മില്‍ ഒരു അകലമുണ്ടായിക്കഴിഞ്ഞു, പകരം കിട്ടിയ ഇടത്തിന് പാകമായി ഞാനെന്നെ മാറ്റണം....... അന്ന് വീട്ടില്‍ താമസിച്ച് പിറ്റേന്ന് തിരിച്ചുപോരുമ്പോള്‍ കണ്ണീര് പുറത്തുവരാതിരിക്കാന്‍ ഞാനെന്‍റെ വേദനയെ തൊണ്ടയിലിട്ട് ഞെരിച്ചമര്‍ത്തി. പിന്നീട് ഓരോ വട്ടവും വീട്ടിലേയ്ക്ക് ചെല്ലുമ്പോള്‍ പഴയ ഇഷ്ട വസ്ത്രങ്ങള്‍ക്കുള്ളില്‍ കയറിക്കൂടി ഞാന്‍ വെറുതേ ഞാനാവാന്‍ ശ്രമിയ്ക്കുന്നു. ഞാനെന്ന യാഥാര്‍ത്ഥ്യത്തിന് മുകളില്‍ നാളേറെ കഴിയുന്പോള്‍ പുതിയ യാഥാര്‍ത്ഥ്യമാകാനുള്ള മറ്റൊരു വേഷം വന്നു വീണു കഴിഞ്ഞു. കല്യാണം കഴിഞ്ഞ് പടിയിറങ്ങിപ്പോയിട്ടുള്ള ഓരോ പെണ്ണും ഈ പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുണ്ടാകുമോ? ഉണ്ടായിരിക്കാം, എല്ലാവരും ആ വേദനകളെ ഉള്ളില്‍ സൂക്ഷിക്കുകയായിരിക്കും ചെയ്തിട്ടുണ്ടാവുക.



ഇപ്പോള്‍ നാലുമാസം പിന്നിട്ടിട്ടും ഇടക്ക് കല്യാണത്തിന് മുമ്പുള്ള എന്നെയും എന്‍റെ വീടിനെയും കുറിച്ചാലോചിയ്ക്കുമ്പോള്‍ സങ്കടപ്പെടാതിരിക്കാന്‍ എനിയ്ക്ക് കഴിയുന്നില്ല. പുതിയൊരു ലോകം ലഭിയ്ക്കുന്നതിനൊപ്പം പഴയ പ്രിയലോകം നഷ്ടമാവുകയാണ്. എങ്ങനെയാണ് അത് നഷ്ടപ്പെടുന്നതെന്ന് ചോദിച്ച് പലരും പലന്യായങ്ങള്‍ പറയുമെങ്കിലും കല്യാണത്തോടെ ചെറുക്കന്‍റെ വീട്ടില്‍ ജീവിക്കേണ്ടിവരുന്ന ഓരോ പെണ്‍കുട്ടിയും സ്വന്തം വീട്ടില്‍ നിന്നും കുടിയിറക്കപ്പെടുകതന്നെയാണ്. അത് അച്ഛനമ്മമാരുടെ സ്വപ്ന സാക്ഷാത്കാരമാകാം, പ്രണയികളുടെ കൂടിച്ചേരലാവാം, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം രൂഡമൂലമാകുന്നതിന്‍റെ ആദ്യപടിയാവാം എന്തായാലും ആ കുടിയിറങ്ങലിന് വേദനയില്ലെന്ന് മാത്രം പറയാന്‍ കഴിയില്ല.

2012 ഏപ്രിൽ 5, വ്യാഴാഴ്‌ച

കൂട്ടുകാരിയ്ക്ക്


നിനക്കുവേണ്ടിഞാന്‍,
ചെറിവസന്തത്തിന്‍റെ രണ്ടിതളുകള്‍
പുസ്തകത്താളില്‍ ഒളിപ്പിച്ചിരിക്കുന്നു....
പിന്നെ ഋതുസഞ്ചാരത്തിന്‍റെ നിഴലുകള്‍ വീണ,
നിറമുള്ള ഒരു കുടന്ന ഇലകളും....

ഇനിയും പിന്നിടാത്ത,
നമ്മുടെ ബാല്യത്തിന്‍റെ പീലികള്‍,
നിന്‍റെ പുസ്തകത്താളില്‍,
പെറ്റുപെരുകുന്ന സ്വപ്നം കണ്ട്,
ചെറിമരമേറി വരുന്ന വസന്തത്തെ,
ഞാനകത്തേയ്ക്ക് ക്ഷണിയ്ക്കയാണ്.....

ഇനിയുമൊരു ഋതുമാറ്റം കഴിഞ്ഞ്,
ഓടിയെത്താമെന്ന സ്വപ്നത്തില്‍
പെയ്തു കുളിര്‍ക്കുന്നൊരു
മുത്തശ്ശിമാവുണ്ട്....
അതിനുകീഴെ ഇടിമുഴക്കത്തില്‍,
ഭയന്നുവിറച്ച് നമ്മളും.....


ഇത്
ഉള്ളുപിടയ്ക്കുന്നവേദനയില്‍ ഞാന്‍ ദൂരെയാക്കിപ്പോന്ന എന്‍റെ കൂട്ടുകാരിയ്ക്ക്......

2012 മാർച്ച് 9, വെള്ളിയാഴ്‌ച

ചുവന്നമഴ........

ചുവന്നമഴയാണ്........!
ചോരത്തുള്ളികള്‍ ഇറ്റിയിറ്റിയൊരു
പുഴയായി താഴേയ്ക്ക് ഒഴുകുകയാണ്....
ചോരപ്പുഴയുടെ ഉറവിടം തേടി,
വലിയൊരാള്‍ക്കൂട്ടം,
കുന്നുകയറിയെത്തുന്നുണ്ട്........

ഇന്നലെയീ കുന്നുകയറുന്പോള്‍,
തുടങ്ങിയതാണ്,
ഈ ചുവന്ന പെയ്ത്ത്,
ഇന്നീ നേരംവരെ നിലയ്ക്കാതെ.......

അവര്‍ കണ്ടെത്തും,
താഴ്വരയില്‍ ഭീതിവിതച്ച്,
ചോരമഴപെയ്യിച്ചവളെ
അവര്‍ തിരിച്ചറിയും.....

ധമനികളില്‍ തുള വീണ്,
എന്‍റെ പ്രണയമാണ് പെയ്യുന്നതെന്ന്,
പറഞ്ഞാല്‍, അവരെന്നെ
ഈ ആത്മഹത്യാ മുനന്പില്‍ നിന്നും
താഴേയ്ക്കു തള്ളുമെന്നുറപ്പ്

അതിന് മുന്പേ ,
ഇറ്റിവീഴുന്ന ഈ ചുവന്ന തുള്ളികളില്‍,
ഞാന്‍ തിരയുകയാണ് നിന്‍റെ മുഖം,
അതിന്‍റെ പ്രതിബിംബം,
ഇല്ല ഒരുതുള്ളിയില്‍പ്പോലുമില്ല...

അതുവളരെപ്പണ്ടേ,
എന്‍റെ ഹൃദയത്തില്‍വീണ ദ്വാരത്തിലൂടെ,
ഊര്‍ന്നുപോയിരിക്കണം,
അതില്‍പ്പിന്നെയാകാം ധമനികള്‍,
പ്രണയം പെയ്യിച്ചുകളയാനുറച്ചത്.....

അവരിങ്ങടുത്തെത്തി......
അവസാനതുള്ളി പ്രണയവും
സിരയില്‍ നിന്നും ഊര്‍ന്നുപോവുകയാണ്........
വെറുമൊരു കയ്യകലത്തിലാണ്
അവരിലൊരാള്‍................

അവസാന നിശ്വാസമെടുക്കുകയാണ്........
ഒരിക്കല്‍ക്കൂടി നിന്‍റെ ഗന്ധം
വേര്‍തിരിച്ചെടുക്കാന്‍....
ഇല്ല!
എനിയ്ക്ക് ചുറ്റം ചോരച്ചൂരല്ലാതെ
മറ്റൊന്നുമില്ല!

ഏതൊക്കെയോ കൈകള്‍ അടുത്തുവരുകയാണ്
ഞാന്‍ മറയുകയാണ്
ആത്മഹത്യാമുനന്പിന്‍റെ പേര് ഒരിക്കല്‍ക്കൂടി
അന്വര്‍ത്ഥമാക്കിക്കൊണ്ട്
പ്രണയം വറ്റിയ ഒരാത്മാവുമാത്രമായി.......

2012 മാർച്ച് 6, ചൊവ്വാഴ്ച

കവിത

പാതിരകഴിയുന്പോഴും,
ഉറങ്ങാതെ കിടന്നാണ്,
പുതിയൊരു കവിത,
ഉള്ളില്‍ കുറിച്ച്,
പലവട്ടം താലോലിച്ച്,
തലക്കെട്ടിടാന്‍ തുടങ്ങുന്നത്.............

അപ്പോള്‍, ഒരുറക്കം കഴിഞ്ഞ്,
മറുവശത്തുനിന്നിഴഞ്ഞ് നീയെത്തുന്നു....
പിന്നെ നിന്‍റെ നിശ്വാസത്തിന്‍റെ
ഗതിവേഗങ്ങളില്‍,
കവിത നിശ്ചലമിരുന്ന് വെറുങ്ങലിക്കുന്നു.................
ഒടുക്കം പറിഞ്ഞകന്ന്,
വേനലിനെ ശപിച്ച്,
നീ വീണ്ടും മറ്റേയറ്റത്തേയ്ക്ക്..............

നെഞ്ചില്‍ നീ വടിച്ചിട്ട,
വിയര്‍പ്പില്‍,
ഉറക്കമിളച്ച് കുറിച്ചിട്ട,
കവിത തലക്കെട്ടഴിഞ്ഞ്,
നഗ്നമായി, നനഞ്ഞ് കുതിരുന്നു,
ഒടുക്കം നിലത്തിറ്റി ,
ചാണകത്തറയില്‍ പരക്കുന്നു............
കളഞ്ഞുപോയ കവിത സ്വപ്നം കണ്ടിനി,
നേരം വെളുപ്പിച്ചെടുക്കാം.........

2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പൂര്‍ണവിരാമത്തിലേയ്ക്ക്

ഇരുണ്ട അകത്തളങ്ങളില്‍,
തേങ്ങി വിറച്ചൊരു കാറ്റ്....
പഴയ മാറാലകളില്‍,
മുഖം ചേര്‍ത്തു വിതുന്പുന്ന,
മൃത സ്മരണകളില്‍
ഒരു ചെറുതലോടലായി
വെറുതേ വേച്ചു വീശുന്നു.....

ദിക്കറിയാതെയലഞ്ഞൊ-
ടുക്കമീ പ്രണയം,
ഉള്‍ച്ചൂടേറ്റ്, മരണവേദനയില്‍,
കണ്ണീരായൊഴുകി,
ഉപ്പു പൊടിഞ്ഞ,
ചാലായുണങ്ങിക്കിടക്കുന്നു....

ഇനിയുമുണ്ട് വേപഥുപൂണ്ട
അടയാളങ്ങള്‍,
നിനക്കൊരിക്കലും വഴിതെറ്റാതിരിക്കാന്‍
നിരനിരയായി ഒരുക്കിവച്ചിരിക്കുന്നു.....
മുറ്റത്തുണ്ട് വേദനകളുടെ
ചില പടുമുളകള്‍,
മഴകാത്ത് വാടിക്കിടക്കുന്നു...

തെക്കേത്തൊടിയില്‍,
സ്വപ്നങ്ങളുടെ ചുടുകാട്...
അവിടെ ഇപ്പോഴുമുണ്ട്,
മുഴുവന്‍ മരിയ്ക്കാത്ത,
ചില സ്വപ്ന ശകലങ്ങള്‍....
വെറുതേ നീ വരുന്നതും കാത്ത്
കാലങ്ങളായി,
ചാരത്തില്‍ ഇടയ്ക്കൊന്ന് തിളങ്ങി,
ജീവനുണ്ടെന്ന് ഉറപ്പുവരുത്തുന്നു.....

ഇനി വെറുമൊരു തേങ്ങലിനു
മാത്രമേ ത്രാണിയുള്ളു
അതു ഞാനടക്കിപ്പിടിക്കുകയാണ്....
വെറുമൊരു തുള്ളിക്കണ്ണീരായി
എന്റെ പ്രണയം നിനക്ക് കൈമാറി
ഒന്നു ദീര്‍ഘമായ് തേങ്ങി
പിടച്ചിലില്ലാത്തൊരു പൂര്‍ണവിരാമത്തിലേയ്ക്ക്
ഞാന്‍ കാത്തിരിക്കയാണ്....