2010 ഡിസംബർ 19, ഞായറാഴ്‌ച

വീട്ടിലേയ്ക്കുള്ള വഴി

വീട്ടിലേയ്ക്കുള്ള എന്റെ വഴിയില്‍,
തുരുന്പുമണം പൂണ്ടൊരു കാറ്റ്‍,
ഇടക്കിടെ നിന്നെയും കടന്ന്‍,
ഇവിടെ എനിയ്ക്കടുത്തെത്തി‍,
മോഹഭംഗങ്ങളുടെ താളത്തില്‍‍,
വെറുതെയെന്തോ മൂളുന്നുണ്ട്..........

ഞാനത് കേള്‍ക്കാതിരിക്കയാണ്,
കയറിയിരിക്കുന്ന
ഈ വേനല്‍ വണ്ടിയില്‍ നിന്നിറങ്ങി.
പോന്നുപോയെങ്കിലെന്നോര്‍ത്ത്......

ഇനിയൊരു രാത്രി തിളച്ചേറ്റുന്ന ഓര്‍മ്മകളില്‍,
പഴയൊരു പാട്ടിന്റെ താളത്തില്‍,
നീയില്ലാത്തൊരു യാത്രയായി,
തനിച്ചിരുന്നു ഞാനതിനിനെ രേഖപ്പെടുത്തും.......

ഇടക്കിടെ വീട്ടിലേയ്ക്കുള്ള വഴിയില്‍,
ഞാന്‍ തനിച്ചാവുന്നു....
നിന്നെ അകലെയിവിടെ കളഞ്ഞ്,
ഒരു രാത്രിയുടെ അകലത്തില്,
ഞാന്‍ മറ്റൊരു കാലത്തില്‍,
മറ്റൊരാളായി വേഷപ്പകര്‍ച്ച തേടുന്നു....

തിരികെയവിടെ ദുഖം ഘനീഭവിപ്പിച്ച്,
പടിയിറങ്ങുന്പോള്‍,
വീണ്ടും പഴയ തുരുന്പുമണം,
പിന്നെ ദൂരെയിവിടെ കാത്തിരിക്കുന്ന,
ഓര്‍മ്മകളില്‍ സ്വപ്നത്തെ ദത്തുനല്‍കി,
വീണ്ടുമൊരുരാത്രിയില്‍ ഒറ്റയായി,
ഞാന്‍ തിരികെ വന്നിടും,
നീ ഉറക്കംവിട്ടുണരുന്പൊഴേയ്ക്കും..........

2010 ഡിസംബർ 9, വ്യാഴാഴ്‌ച

വിഷം വിതയ്ക്കുന്നവര്‍

ഇവിടെയിന്നും ഒഴുകിപ്പരക്കുന്നു,
ഒരു വിഷപ്പുഴ......
പുതിയ കൈവഴികള്‍ ജനിപ്പിച്ച്,
മരണം വിതച്ച് തലമുറകളിലേയ്ക്ക്,
ഒഴുകിപ്പരക്കുന്ന, കാളകൂടം തോല്‍ക്കുന്ന,
കൊടും വിഷപ്പുഴ.........

തീരങ്ങളില്‍ വിഷം തീണ്ടി,
മുരടിച്ച ബാല്യങ്ങള്‍,
മുട്ടിലിഴയുന്ന യൗവ്വനം,
വെളിച്ചം കെട്ട കണ്ണുകള്‍.
വിഷദ്വാരം വീണ ഹൃദയങ്ങള്‍........

അവിടെയ-
വരെക്കാത്ത് ചുറ്റിലും കണ്ണുകള്‍,
നിറംകെട്ട് നീരുവറ്റി,
കവിളില്‍ കണ്ണീര്‍ച്ചാലുണങ്ങിയവര്‍,
ഇവരത്രേ ദുരന്തങ്ങള്‍ക്ക് ജന്മമേകിയോര്‍.....

തേങ്ങിത്തേങ്ങി,
നിറം കെട്ട് ചില സ്വപ്നങ്ങള്‍,
ഇന്നും ചുറ്റിയലയുന്നു,
വെറുതെ തെല്ലിട നേരത്തേ,
നിറപ്പകര്‍ച്ച , കണ്ട് മോഹിച്ച്.....

വാഗ്ദാനങ്ങള്‍,
ചൂണ്ടയില്‍ക്കുരുക്കി അധികാരമേറി,
ഇടക്കിടെ ശുഭ്രവേഷത്തില്‍ച്ചിലര്‍,
കവലപ്രസംഗത്തിനെത്തുന്നു.....
ഇവരുടെ നിഴലില്‍,
വീണ്ടും ചിലര്‍ നാടുകയറി,
വിഷം ചീറ്റിച്ച് മരണമാം ഭൂതത്തെ,
പുകയായ് പുറത്തേയ്ക്കയയ്ക്കുന്നു....

നീറുക മുന്നിലുള്ളൊരീ സത്യങ്ങളില്‍,
പിടഞ്ഞൊടുങ്ങുക വിഷം വിതയ്ക്കുന്ന ഭാവിയില്‍,
ഒടുവില്‍ ഓരോ വിഷം തീണ്ടിയ ജീവനും,
പൊലിഞ്ഞുതീരുന്പോള്‍,
രക്ഷയായെന്നുറച്ച് മറ്റൊരു തുള്ളി,
വിഷജലത്തിലൊടുങ്ങാം....

പിന്നെയവര്‍ നാടു കേറട്ടെ,
കാടുകേറട്ടെ,
അവിടെയാകെ,
മൃത്യുവിന്റെ വിത്തു വിതയ്ക്കട്ടെ,
വിഷപ്പുഴകള്‍ക്ക് കൈവഴി തീര്‍ക്കട്ടെ ..........

{മുന്പ് കൂട്ടുകാര്‍ക്കൊപ്പം എന്‍ഡോസള്‍ഫാന്‍ ദുരിതം വതയ്ക്കുന്ന കാസര്‍കോട്ടെ ചില ഗ്രാമങ്ങളില്‍ നടത്തിയ ഒരു യാത്ര, അന്ന് കണ്ട അംഗവൈകല്യം വന്ന ചില കുട്ടികള്‍, അവരുടെ അച്ഛനമമ്മമാര്‍, ഉത്തരംകിട്ടാതെ നില്‍ക്കുന്ന നാട്ടുകാര്‍........ഇപ്പോള്‍ എന്‍സള്‍ഫാന്‍ വിഷയത്തില്‍ നേതാക്കള്‍ പരസ്പരം വിഴുപ്പലക്കുന്പോള്‍ അന്നത്തെ അതേ നീറ്റലോടെ വീണ്ടും ആ ഓര്‍മ്മ.........ഓര്‍ത്തോര്‍ത്തിരുന്നപ്പോള്‍ വെറുതേ ഇങ്ങനെ തോന്നി............}

2010 നവംബർ 17, ബുധനാഴ്‌ച

മരുക്കാലം

ചില വരണ്ട മണല്‍ക്കാറ്റുകള്‍ക്കൊടുവിലാണ്
നീറ്റിപ്പുകയ്ക്കുന്ന,
ഒരു മണല്‍ത്തരിയായി,
നീ കണ്ണിലേയ്ക്കു കടന്നുവന്നത്.

അവിടെയിരുന്നൊരു ഒരു മരുഭൂമിയുടെ
കഥപറഞ്ഞെന്നെ,.
കരയിച്ച് ഒടുക്കമെന്റെ കണ്ണുനീരിലലിഞ്ഞൊ-
ഴുകിപ്പോയതെങ്ങോട്ടാണ്?

ഇനിയും ആഞ്ഞുവീശുന്നൊരു,
കാറ്റിനെക്കാത്തിരിക്കയാവാം,
മരുക്കാട്ടിലെ മണല്‍മഴയുടെ,
കള്ളക്കഥ പറഞ്ഞെന്റെ,
തേങ്ങലില്‍ ഊറിച്ചിരിക്കാന്‍....

നിന്റെ കഥകേട്ടൊടുക്ക-
മെന്റെയുള്ളിരൊരു,
മരൂഭൂമി പിറന്നുവീഴുന്നു.....
അവിടെ മരുക്കാറ്റുവീശി,
മണല്‍ പഴുത്തുഷ്ണം തിളയ്ക്കുന്നു....

ഇനിയും നീ വെറുതേ കാറ്റിലേറി,
വന്നു കണ്ണില്‍ വീഴാതിരിക്കുക.
വീണ്ടും മരുക്കഥകള്‍ പറ‍ഞ്ഞെന്റെയുള്ളില്‍,
വലിയ മരുക്കാലങ്ങള്‍ സൃഷ്ടിക്കാതിരിക്കുക......

കണ്ണടച്ചിരിക്കയാണ്,
മരുക്കാലത്തിനൊടുക്കമൊരു-
മഴക്കാലം വന്ന്,
മരുഭൂമി തളിര്‍ക്കുമെന്നാശിച്ച്........

അന്ന് നീ വരുക,
പതുക്കെ കാറ്റിലൂ-,
ളിയിട്ടെന്റെ കണ്ണില്‍ കടന്ന്,
നീറ്റിപ്പുകച്ചാ പഴയ,
മരുക്കാലത്തെയോര്‍മ്മിച്ച്,
അടഞ്ഞുപോയ കണ്ണില്‍,
അകലെയവിടെപ്പെയ്യുന്ന,
മണല്‍മഴയുടെ,
ചിത്രങ്ങളെഴുതുക......

2010 നവംബർ 9, ചൊവ്വാഴ്ച

നീ

തല്ലിയുടഞ്ഞുപോകുന്ന വേദനകളിലേയ്ക്ക്,
ഇടയ്ക്കു നീയിങ്ങനെ ,
കയറി വന്നുപോകുന്പോള്‍,
വീണ്ടും വര്‍ത്തമാനത്തിന്റെ-
ചടുലതകളിലേയ്ക്ക് ,
ഇന്നുകള്‍ ഒന്നു പിടഞ്ഞുണരുന്നു...

ഉറഞ്ഞുപോയ പഴയ മഞ്ഞുകാലത്തില്‍,
ഇലപൊഴിഞ്ഞു തീര്‍ന്ന്,
പിന്നെ വന്ന ഗ്രീഷ്മത്തില്‍,
കാട്ടുതീയ്ക്ക് പുല്‍കാന്‍ പാകത്തില്‍,
മരിച്ചു നിന്ന മരങ്ങളില്‍,
സ്വപ്നങ്ങളുടെ ചില പച്ചപ്പൊട്ടുകള്‍......

കടുത്ത ഗ്രീഷ്മമെന്നപോലെയാണ്,
നിന്റെ ചടുലപ്രവേശം, പിന്നെ....
വേഗത്തിലൊന്നു സ്വയം കുടഞ്ഞു
നീ വിതയ്ക്കുന്ന പൂക്കാലങ്ങള്‍.......
പഠിച്ചിരിക്കുന്നു, എന്റെ പക്ഷികള്‍,
നിനക്കുകേള്‍ക്കെമാത്രം,
പാട്ടുമൂളിപ്പറക്കാന്‍.....

അവിടെ താഴ്വാരത്തില്‍ നിലച്ച,
പുഴകള്‍ ഒഴുകാന്‍ തുടങ്ങുന്നു.
നരച്ചു നേര്‍ത്ത ഗ്രീഷ്മത്തെ മറന്ന്,
തെളി നീലിമയില്‍ അവര്‍,
അഗാധത തേടി പരക്കുന്നു,

പതുക്കെ വീണ്ടും,
ഇരുള്‍ കനക്കാന്‍ തുടങ്ങുന്നു....
നീ ഇറങ്ങാന്‍ സമയമായി,
ഞാന്‍ വീണ്ടും കണ്ണുകളടച്ച്,
പഴയ പാതിമയക്കത്തിലേയ്ക്ക്.....
ഇനി നിന്റെ കാലൊച്ച തിരികെയത്തുവോളം,
ഉണര്‍വ്വില്ല, പകലില്ല, വെളിച്ചവും......

പാതിവഴിയ്ക്ക് നീ,
പിന്‍തിരിയുമെന്നോര്‍ത്താണ്,
ഇവിടെ ഒളിഞ്ഞുനില്‍ക്കാറുള്ളത്
വെറുതെ, വെറുതേയാണാ തോന്നല്‍,
നീ പിന്‍തിരിയാറില്ല, ഒരാള്‍മാത്രം നടക്കുന്ന,
നേര്‍ത്ത നേര്‍രേഖകള്‍ മാത്രമാണു
നിന്റെ വഴികള്‍........
വെറും നേര്‍രേഖകള്‍.....

2010 ഒക്‌ടോബർ 21, വ്യാഴാഴ്‌ച

പഴയവഴി

എന്നില്‍ നിന്നു നീയും
നിന്നില്‍ നിന്നു ഞാനും
അടര്‍ന്നു മാറുന്പോള്‍
നമ്മളില്ലാതാകുമെന്നോര്‍ക്കാതെ
ഞാനിന്നും ചില മിനുങ്ങുവെട്ടങ്ങളെത്തേടി
കാറ്റിനും മഴയ്ക്കുമൊപ്പം
പഴയവഴികളിയെ യാത്രക്കാരിയാകുന്നു...........

മതിലരികില്‍ എന്റെ കണ്ണിലെ നനവു തൊട്ടു,
നീ വരച്ചിട്ട ചിത്രങ്ങള്‍,
പായല്‍പിടിച്ച് മങ്ങിയ പച്ചനിറത്തില്‍,
ഇപ്പൊഴും കഥ പറഞ്ഞേയിരിക്കുന്നു......

എത്രയോ സത്യമായിരിക്കുന്നു,
പഴയ വഴി വീണ്ടും വന്നിരിക്കുമെന്ന്,
എന്നെയോര്‍ത്തുനീ ആത്മഗതം കൊണ്ടത്,
ഒടുക്കം വാതുവച്ച് കരയിച്ചത്........

ഇനി പല മഴയത്തും
തനിച്ചായിരിക്കുമെന്നോര്‍മ്മിപ്പിച്ച്,
ഉള്ളംകയ്യിലേയ്ക്ക് ധൈര്യമാവാഹിച്ചുതന്ന്,
പഴയമഴക്കാലത്തില്‍ ചേര്‍ത്തുനടത്തിയത്,
ഇന്നലെ അതേ മഴയുടെ ആവര്‍ത്തനത്തില്‍
ഞാന്‍ കുതിര്‍ന്ന്, വിറകൊണ്ട് തനിയേ നടന്നു

ഒരിക്കലും ഒന്നുചേരില്ലെന്ന് ശഠിച്ച് ,
ചില ഒറ്റയടിപ്പാതകള്‍,
നീണ്ടു നനഞ്ഞു കിടക്കുകയാണ്....
ചില വഴുക്കിന്റെ പാടുകള്‍ കാണിച്ച്,
ഓര്‍മ്മകളില്‍ മുറുകെപ്പിടിച്ചുകൊള്ളുകയെന്ന്,
മൗനമായ്പ്പറഞ്ഞ്,
അരികിലുണ്ടെന്നോര്‍മ്മിപ്പിച്ച്,
വെറുതെയൊരു മഴപ്പാട്ട്......
കാലംതെറ്റിപ്പെയ്യുന്ന മഴയ്ക്കൊപ്പം,
ഈണം തെറ്റി ആരോ പാടുന്നു,
പഴയ അതേ മഴപ്പാട്ട് .......

2010 ഒക്‌ടോബർ 2, ശനിയാഴ്‌ച

പ്രണയം തീണ്ടി മരിച്ചവള്‍

ഞാന്‍ ഇതാ ഇവിടെയാണ്.
നിന്റെ കണ്ണിന്റെ നീലച്ച അഗാധത്തില്‍,
വെറുതെ പരന്നൊഴുകി,
പിന്നെ വറുമൊരു തണുത്ത തുള്ളിപോല്‍,
അലിഞ്ഞിറങ്ങി ശൂന്യമാവുകയാണ്.......

അവിടെയാ ശൂന്യ ബിന്ദുവില്‍,
എന്റെ പ്രണയം മുളയ്ക്കുന്നു......

വെറുതെ ആവാഹിച്ചെടുത്ത്,
അവിടെയാ അഗാധത്തില്‍,
ചുഴിയും മലരിയും സൃഷ്ടിച്ച്,
പുറംകാഴ്ചകളില്‍ നിന്നകറ്റി,
അകത്ത് ഗൂഡമായ് തീര്‍ത്തൊരറയില്‍,
നീലച്ചായത്തില്‍ കുതിര്‍ത്ത്,
ആത്മാവില്‍ ചേര്‍ത്ത് വച്ചേയ്ക്കുക.......

പിന്നെ ഞാന്‍ കണ്ടെടുക്കും,
നിലാവിന്റെ നീലപോലെ,
നിന്റെയുള്ളിലെ നേര്‍ത്ത നനവില്‍
ചേര്‍ന്നിരുന്ന്,
പെറ്റുപെരുകുന്ന എന്റെ പ്രണയം.......

വേനലില്‍ നിന്റെയുള്ളില്‍,
വലിയ വര്‍ഷമായ് പെയ്തുതിറങ്ങി,
ഒടുക്കമൊരു തുള്ളിമാത്രമായ്,
കണ്ണിലെ തിളങ്ങുന്ന നീലയായ്,
ഇറ്റുവീഴുന്ന ഒരു തുള്ളിതേങ്ങലായ്,
വീണ്ടും തിരികെയലിഞ്ഞു ചേരും.

ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍,
എന്റെ ജീവന്‍, അവിടെ ,
നിന്റെ നെഞ്ചിന്റെ ആഗാധത്തിലേയ്ക്ക് ,
പതുക്കെ വീണിടറി, പ്രണയം തീണ്ടി മരിയ്ക്കും.
ഒടുക്കം പരക്കുന്ന നീല നിറം,
തനിയേ കുറിച്ചുവെയ്ക്കും,
ഇവള്‍ പ്രണയം തീണ്ടി മരിച്ചവള്‍.........

2010 സെപ്റ്റംബർ 8, ബുധനാഴ്‌ച

ഏകാന്തതയുടെ ഗന്ധങ്ങള്‍

നീയില്ലാതെ സായന്തനങ്ങള്‍,
നരച്ചു പഴകിയ കരിന്പടം കണക്കെ,
ഓര്‍മ്മകളുടെ ചൂരടിപ്പിച്ച്,
ഏകാന്തതയ്ക്കും ഗന്ധങ്ങളുണ്ടെന്ന്
വെളിപ്പെടുത്തി,
ഒറ്റപ്പെടലില്‍ തണുത്തുപോകുന്ന,
ദേഹത്ത് പറ്റിച്ചേര്‍ന്നിരിക്കുന്നു......

ഇവിടെ ഞാന്‍ തനിച്ചാണ്,
ഗന്ധങ്ങള്‍ കൂടിക്കലരുന്ന-
ഈ ഏകാന്തത,
കാറ്റുപോലുമില്ലാതെ നിശ്ചലം.
പലവഴികളില്‍ പലനേരത്ത്,
വെറുതെ നടന്നു,
ഒടുക്കം പിന്നെയും പഴയഗന്ധങ്ങളുടെ,
നടുക്കായ് വന്നു വീഴുന്നു........

കാറ്റിലലിഞ്ഞേയ്ക്കാവുന്ന നിശ്വാസങ്ങള്‍
പിടിച്ചെടുത്ത് ഇഴപിരിച്ചെടുക്കാമെന്ന്
വ്യാമോഹം കൊണ്ട്, ഒടുക്കം,
തോറ്റു പിന്‍വാങ്ങുകയാണ്.
കരയാനൊരുന്പെട്ടൊരു ഗദ്ഗദം,
തൊണ്ടയില്‍ വന്നു വിങ്ങി,
വീണ്ടും നെഞ്ചിലേയ്ക്ക തിരിച്ചിറങ്ങി,
ഇടറിയൊടുങ്ങുന്നു.........

ഇവിടെ, ഈ ഗന്ധങ്ങളുടെ
കരിന്പടക്കീഴില്‍ ഞാന്‍ തനിച്ചാണ്.
വന്നേയ്ക്കുക വേഗം തിരികെ,
ഏകാന്തതയുടെ ഗന്ധങ്ങള്‍,
ഇഴവേര്‍തിരിച്ച് പങ്കിട്ടെടുക്കാന്‍ .......