2009 ജൂലൈ 30, വ്യാഴാഴ്‌ച

യാത്ര

അകന്നകന്നു നീ പോവതും നോക്കീ
നെഞ്ചുനീറി ഞാനന്നു വിറച്ചിരുന്നതും
നിന്‍റെ യാത്രാമൊഴി വന്നുവീണപ്പോള്‍
ആ ചൂളം വിളി വന്നലച്ചതും.....
വീണ്ടും വീണ്ടും ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്ന ഒരു യാത്രക്കിടയിലെ ഒരു പുറം കാഴ്ച

2009 ജൂലൈ 24, വെള്ളിയാഴ്‌ച

ഞാനൊരു വികലാംഗയായി

എന്താപ്പോ പറയാ മനുഷ്യജീവിതംന്നൊക്കെ വച്ചാ ഇങ്ങനെയാ രണ്ടു നാലു ദിനം കൊണ്ടെന്നൊക്കെ പൂന്താനം പറഞ്ഞതെത്ര സത്യാന്ന്‌ ഇപ്പോഴാ ഞാന്‍ ശരിക്കും മനസ്സിലാക്കുന്നേ. നിങ്ങളൊക്കെ ചിന്തിച്ചില്ലേ ങ്‌ഹേ ഇവളിതെവിടെപ്പോയി എന്ന്‌?. ചിന്തിച്ചിട്ടുണ്ടാകുംന്നെ എന്നിക്കറിയാം.

ഒരു മാസത്തിനുള്ളില്‍ ഞാനൊരു വികലാംഗയായി. അപ്പന്റിസൈറ്റിസിന്റെ സംഹാരതാണ്ഡവത്തില്‍ വീണുപോയി. പിന്നെ ശസ്‌ത്രിക്രിയ, വിശ്രമം അങ്ങനെ ഒരു മാസോ ഒരാഴ്‌ചേം ശൂന്നങ്ങ്‌ പോയി. കൃത്യമായിപ്പറഞ്ഞാല്‍ ജൂണ്‍ 16ന്‌ പുലര്‍ച്ചെ ബാംഗ്ലൂരില്‍ സെന്റ്‌ജോണ്‍സ്‌ മെഡിക്കല്‍ കോളെജിലെ സര്‍ജന്‍ ആ കൃത്യനിര്‍വ്വഹണം നടത്തി.

അന്നേ ദിവസം വൈകുന്നേരമായപ്പോള്‍ അമ്മേം അച്ഛനും അനിയന്‍കുട്ടിയുമെല്ലാം വീട്ടില്‍ നിന്നും ബാംഗ്ലൂരില്‍ ലാന്റ്‌ ചെയ്‌തു. പിന്നെ അഞ്ചു ദിവസം സുഖമായ ആശുപത്രി വാസം. സത്യം പറഞ്ഞാല്‍ ഈ വേദനയ്‌ക്കു പുറമേ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നതാണ്‌ സത്യം. സഹമുറിയത്തി മേരിയ്‌ക്കായിരുന്നു സകല പാടും വിധീം, പിന്നെ അടുത്ത വീട്ടിലെ രണ്ടു ചേട്ടന്മാര്‍ക്കും.

വേദനതാങ്ങാന്‍ കഴിയാതെ ബോധംമെല്ലെ മെല്ലെ മറഞ്ഞുപോകുമ്പോള്‍ മേരി കൂവി താഴത്തേ ചേട്ടന്മാരെ വിളിച്ച്‌ അവര്‌ രണ്ടുപേരും തൂക്കിയെടുത്ത്‌ വണ്ടിയിലിട്ടെന്നെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ വയറിലൊന്ന്‌ ആഞ്ഞൊരു അമര്‍ത്തല്‍ കിടക്കയില്‍ നിന്നും സ്‌പ്രിംങ്‌ ആക്ഷന്‍കൊണ്ടെന്നപോലെ ഞാന്‍ എഴുന്നേറ്റ്‌ ആര്‍ത്തുവിളിച്ചു.

അപ്പന്റിസൈറ്റിസ്‌ ആവാനാണ്‌ സാധ്യതയെന്ന്‌ ഡോക്ടര്‍, അപ്പോഴേയ്‌ക്കും ഡ്രിപ്പും സിറിഞ്ചം ഒക്കെയായി നഴ്‌സുമാരെത്തി പിടിച്ചുവെച്ച്‌ എന്റെ കയ്യില്‍ ഞരമ്പുകള്‍ക്കായി തിരച്ചില്‍ തുടങ്ങി. അവസാനം ഡോക്ടര്‍മാര്‍ എന്നെ സ്‌കാനിങിന്‌ വിട്ടു, അപ്പന്റിസൈറ്റിസ്‌ തന്നെ എന്ന്‌ സ്‌കാനിങ്‌ ചെയ്‌ത്‌ ലേഡി എഴുതി ഒപ്പിട്ടു.

ഉടന്‍ സര്‍ജറി വേണമെന്ന്‌ ഡോക്ടര്‍മാര്‍, ആശുപത്രി സാഗര്‍ അപ്പോളോ ആയതിനാല്‍ കൂടെയുണ്ടായിരുന്ന ചേട്ടന്‍ ആകെമൊത്തം ടോട്ടല്‍ എന്ത്‌ ചെലവാകുമെന്ന്‌ അന്വേഷിച്ചു. സര്‍ജറിയ്‌ക്ക്‌ മാത്രം ഒരു അറുപതിനായിരം, പിന്നെ റൂം റെന്റ്‌, കണ്‍സള്‍ട്ടിങ്‌ ഫീ, മെഡിസിന്‍ എല്ലാം കൂടി എന്തായാലും ഒരു ഒന്നന്നര ലക്ഷത്തിനടത്താക്കിത്തരാമെന്ന്‌ ആശുപത്രിക്കാന്‍ പറഞ്ഞപ്പോള്‍.

രോഗി ചത്താലും വേണ്ടില്ലെന്ന്‌ എഴുതിക്കൊടുത്ത്‌ ചേട്ടന്മാരും മേരീം എന്നെ വലിച്ച്‌ കാറിലിട്ട്‌ സെന്റ്‌ ജോണ്‍സ്‌ ലക്ഷ്യമാക്കി പറന്നു. അവിടെയെത്തി വീണ്ടും പരിശോധന, സ്‌കാനിങ്‌, അതിനിടെ മനുഷ്യനെ പേടിപ്പിക്കുന്ന മറ്റുചില വെളിപ്പെടുത്തലുകള്‍, കിടന്നകിടപ്പില്‍ മരിച്ചാമതിയെന്ന്‌ തോന്നിപ്പോയ സമയം.

അവസാനം സര്‍ജറിക്കാര്യം തീരുമാനമായി. ഇതിനിടെ ബിപി കുറഞ്ഞ്‌ എനിക്ക്‌ വിറ തുടങ്ങി. അസ്സലൊരു വാളിന്റെ കുറവേ എനിക്കുണ്ടായിരുന്നുവെന്നാണ്‌ മാര്‍ഷലേട്ടന്‍ പറയുന്നത്‌. അതുകൂടിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ നമ്മുടെ നിര്‍മ്മാല്യത്തിലെ വെളിച്ചപ്പാടിനെവരെ തോല്‍പ്പിക്കുമായിരുന്നുവത്രേ.

എന്തായാലും ടെസ്റ്റുകളൊക്കെ കഴിഞ്ഞ്‌ ഓപ്പറേഷന്‍ ടേബിളിലേയ്‌ക്ക്‌...... ഇതിനിടെ ഭര്‍ത്താവാണെന്ന്‌ കരുതി നഴ്‌സ്‌ കൂടെയുണ്ടായിരുന്ന ചേട്ടന്റെയടുത്ത്‌ ഒപ്പുവാങ്ങാന്‍ എത്തി, ചേട്ടന്‍ നിന്ന്‌ പരുങ്ങുന്നത്‌ കണ്ട്‌ ഞാന്‍ നഴ്‌സിനെ വിളിച്ച്‌ ഹി ഈസ്‌ ജസ്റ്റ്‌ എ ഫ്രണ്ട്‌ എന്നും പറഞ്ഞ്‌ എന്ത്‌ പണ്ടാരവും ചെയ്‌തോളാന്‍ ഒപ്പിട്ടുകൊടുത്തു.

പിന്നെ എല്ലാവരോടും സ്‌റ്റൈലില്‍ യാത്ര പറഞ്ഞ്‌ ഞാന്‍ തിയേറ്ററിലേയ്‌ക്ക്‌. എന്റെ നെറ്റിയിലും ചുണ്ടിലും ഹോളി ക്രോസ്‌ വരച്ചു തന്ന്‌ മേരി എന്നെ യാത്രയാക്കി. പുതിയ ഒരു ലോകം, ജീവിതത്തിലെ ആദ്യാനുഭവം. പേടിയൊക്കെ എവിടെയോ പോയി. പകരം മറ്റെന്തോ ഒരു വികാരം.

ഇതിനിടെ എത്ര കുട്ടികളുണ്ടെന്ന സര്‍ജന്റെ ചോദ്യം ഞാന്‍ മിഴിച്ചു നോക്കിയപ്പോള്‍ എന്റെ സിഖുകാരന്‍ ഡോക്ടറുടെ മറുപടി ഷി ഈസ്‌ സിങ്കിള്‍. പിന്നെ ഡോക്ടര്‍ സ്‌നേഹപൂര്‍വ്വം അനസ്‌തീഷ്യ തന്നു. പിന്നെ കണ്ണുതുറക്കുമ്പോള്‍ മൂക്കിലൂടെ ഒരു റ്റിയൂബൊക്കെയിട്ട്‌ ഞാനിങ്ങനെ ഫുള്‍ സെറ്റപ്പില്‍ മുറിയില്‍ കിടക്കുന്നു.

മേരി എന്റെ നെറ്റിയില്‍ തടവിക്കൊണ്ട്‌ അടുത്ത്‌. തൊട്ടപ്പുറത്ത്‌ ചേട്ടന്മാര്‍. പിന്നെ ആകെ തമാശയായിരുന്നു. സര്‍ജറി വൈകിയപ്പോള്‍ ഞാന്‍ ഓപ്പറേഷന്‍ ടെബിളില്‍ നിന്നും ഇറങ്ങി പിന്നാമ്പുറത്തൂടെ പോയിക്കാണുമെന്നാണ്‌ കരുതിയതെന്ന്‌ മാര്‍ഷലേട്ടന്‍. അതിനിടെ ഞാനൊരു കാര്യം കണ്ടുപിടിച്ചു. മറ്റേ ചേട്ടന്റെ കണ്ണ്‌ സദാസമയവും മേരിയുടെ മേലിങ്ങനെ പാറി പറക്കുന്നു.

കാര്യം സ്വകാര്യമായി മേരിയോട്‌ പറഞ്ഞപ്പോഴാണ്‌ ആ സത്യം ഞാനറിഞ്ഞത്‌. തലേന്ന്‌ എന്നെ സാഗര്‍ അപ്പോളോയില്‍ കൊണ്ടുപയോതുമുതല്‍ മറ്റേ ചേട്ടന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന്‌. അതുകേട്ട്‌ ഉറക്കെ ചിരിച്ചപ്പോള്‍ വയറ്റില്‍ നിന്നൊരു വല്ലാത്ത വേദന തൊണ്ടയിലൊരു കുരുങ്ങല്‍, ഹോ അപ്പോഴാണ്‌ ഈ സര്‍ജറീടെ കാര്യവും മൂക്കിലെ കുഴലിന്റെ കാര്യവും ഞാനോര്‍ത്തത്‌.

എന്റെ ഭക്ഷണകാര്യത്തെക്കുറിച്ച്‌ ഡോക്ടറോട്‌ ചോദിക്കാനായി മേരി പുറത്തപോയപ്പോള്‍ ചേട്ടന്‍മാര്‍ പറഞ്ഞകാര്യം കേട്ട്‌ അതുവരെയുള്ള തമാശകളൊക്കെ മാറി എനിക്ക്‌ കുറേശ്ശെ സങ്കടം വന്നു തുടങ്ങി. തിയേറ്ററിലേയ്‌ക്ക്‌ എന്നെ കൊണ്ടുപോയതുമുതല്‍ പുറത്തെത്തുന്നതുവരെ എന്റെ മേരി മുട്ടുകാലില്‍ നിന്ന്‌ കൊന്ത ചൊല്ലുകയായിരുന്നുവെന്ന്‌ കേട്ടപ്പോള്‍.

അവള്‍ തിരിച്ചെത്തി എന്റെയടുത്ത്‌ വന്നിരുന്ന്‌ വീണ്ടും നെറ്റിയില്‍ തലോടാന്‍ തുടങ്ങി. കൈപിടിച്ചപ്പോള്‍ എന്റെ നാവില്‍ വന്നത്‌ താങ്ക്‌സ്‌ എന്ന ആ നശിച്ച വാക്കായിരുന്നു. പക്ഷേ ബദ്ധപ്പെട്ട്‌ ഞാനത്‌ വിഴുങ്ങി അവളുടെ കയ്യില്‍ ഒരു മുത്തം കൊടുത്തു. അവള്‍ കുനിഞ്ഞ്‌ എന്റെ നെറ്റിയില്‍ ഒരു മുത്തം തന്ന്‌ ഞാനുണ്ടെടാ എന്ന്‌ പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും അടുത്തില്ലാഞ്ഞതിന്റെ സങ്കടമൊക്കെ എവിടെയോ അലിഞ്ഞുപോയി. കുറച്ചു കഴിഞ്ഞ്‌ മൂക്കിലെ റ്റിയൂബ്‌ വലിച്ചെടുക്കുന്ന നഴ്‌സിന്റെ സാഹസം കണ്ട്‌ എന്റെ സഹപ്രവര്‍ത്തകയ്‌ക്ക്‌ തലചുറ്റി. അപ്പോഴാണ്‌ ഈ വായ്‌യ്‌ക്കും വയറിനും ഇടയില്‍ എത്ര കിലോമീറ്റര്‍ ഉണ്ടെന്ന്‌ എനിക്ക്‌ മനസ്സിലായത്‌.

പിന്നെ വൈകീട്ടായപ്പോള്‍ അച്ഛന്‍ അമ്മ അനിയന്‍ എല്ലാവരും എത്തി അച്ഛന്റെ പതിവുള്ള അടക്കിപ്പിടിച്ചുള്ള കരച്ചില്‍ അമ്മയുടെ മുഖത്തെ വേദന, അനിയന്റെ വെപ്രാളം ആകെ കുറേനേരം സെന്റിസീനുകളായിരുന്നു. പിന്നെ സുഹൃത്തുക്കളുടെ ഇടവിടാതെയുള്ള സന്ദര്‍ശനം. അപ്പോഴാണ്‌ ഞാനോര്‍ത്തത്‌ വെറും മൂന്നു വര്‍ഷം കൊണ്ട്‌ ഇവിടെ എനിക്ക്‌ സ്വന്തമെന്ന്‌ പറയാന്‍ എത്രയോ പേരുണ്ടായിരിക്കുന്നു.

ചുരിദാര്‍ തുന്നിത്തരുന്ന ചേച്ചി മുതല്‍ സ്ഥിരമായി സാധനം വാങ്ങിക്കുന്ന കടയിലെ ചേട്ടന്‍വരെ എന്റെ സൗഹൃദ വലയം കണ്ട്‌ അച്ഛനും അമ്മേം അമ്പരന്നുപോയെന്നതാണ്‌ സത്യം. അഞ്ചു ദിവസം ആശുപത്രി മുറി ഞങ്ങളൊരു കോമഡി സിനിമപോലെയാക്കി മാറ്റി.

അഞ്ചാം ദിവസം ഡിസ്‌ചാര്‍ജ്‌ ആവുമ്പോള്‍ യാത്രപറയാന്‍ മലയാളി നഴ്‌സുമാര്‍ ഓരോരുത്തരും എത്തി. അവസാനം ഡോക്ടറും അച്ഛന്‍ വാങ്ങിത്തന്ന പേന അദ്ദേഹത്തിന്‌ കൊടുത്ത്‌ ഞാന്‍ താങ്ക്‌സ്‌ പറഞ്ഞു. അപ്പോ ഡോക്ടര്‍ പറഞ്ഞത്‌ തിരിച്ചെത്തിയാല്‍ വന്ന്‌ കാണണം ഡിപ്രഷന്‌ നല്ലൊരു കൗണ്‍സിലിങ്‌ ഏര്‍പ്പെടുത്തിത്തരാമെന്നായിരുന്നു.

പിന്നെ വീട്ടിലേയ്‌ക്ക്‌ ബന്ധുക്കളും സുഹൃത്തുക്കളും ഇടമുറിയാതെ.... ആദ്യം മുതല്‍ അവസാനം വരെ കഥ പറഞ്ഞുപറഞ്ഞ്‌ എനിക്ക്‌ ഏതാണ്ട്‌ മടുത്തു. ഒരു മാസോം ഒരാഴ്‌ചേം വളരെ വേഗത്തില്‍ ഓടിപ്പോയി. തിരിച്ചുവരുമ്പോള്‍ വീണ്ടും അച്ഛന്റേം അമ്മേടേം വേദന തിങ്ങിയ മുഖം.

എന്നാലും ഞാന്‍ തിരിച്ചുപോന്നു. ഓഫീസിലെത്തിയപ്പോള്‍ ആകെ ഒരു വ്യത്യാസം പോലെ, എന്തുപറ്റിയെന്നുചോദിച്ച്‌ ചേര്‍ത്ത്‌ പിടിച്ച്‌ എന്നെ വരവേറ്റത്‌ ഞങ്ങളുടെ ഹൗസ്‌ കീപ്പിങ്‌ ആന്റിയായിരുന്നു. രണ്ടുപേരും ഒരു പോലെ ഇമോഷണല്‍ ആയിപ്പോയി. ആന്റിയുടെ കണ്ണില്‍ സ്‌നേഹത്തിന്റെ വല്ലാത്ത ഒരു തിളക്കം, പതിവില്‍ക്കൂടുതല്‍ സന്തോഷം കാണിച്ച്‌ ഞാനാ സങ്കടത്തെ അലിയിച്ചു കളഞ്ഞു.

ഇപ്പോ വീണ്ടും ജോലി, മുറിയിലെ തമാശകള്‍, മേരി, പ്രിയങ്ക, ബന്ധുക്കളെപ്പോലെയായ താഴത്തെ വീട്ടിലെ ചേട്ടന്മാര്‍. ഇതിനിടെ പാച്ചിക്കുട്ടിച്ചേച്ചി എന്നെ കാണാനില്ലാഞ്ഞ്‌ മെയിലുകള്‍ അയച്ചു. അവസാനം സിജിയെ കണ്ടവരുണ്ടോയെന്ന്‌ ചോദിച്ച്‌ പോസ്‌റ്റ്‌ ഇടുന്നതിന്റെ തൊട്ടുമുന്നേ ഞാന്‍ മെയിലിന്‌ മറുപടി കൊടുത്തു. ഇല്ലെങ്കില്‍ ബൂലോകത്ത്‌ ഞാനാകെ നാറി നാണം കെട്ടേനെ. എന്റെ പാച്ചിക്കുട്ടിച്ചേച്ചീ എന്നോട്‌ ക്ഷമിയ്‌ക്കൂ.

2009 ജൂൺ 11, വ്യാഴാഴ്‌ച

കുടിയിറക്കല്‍


കുടിയിറക്കപ്പെട്ടവരുടെ മനസ്സ്‌
നാടുകടത്തപ്പെട്ടവരുടെ മനസ്സ്‌
അവയ്‌ക്കുള്ളില്‍ എന്തായിരിക്കും
അവയ്‌ക്ക്‌ അടയാളപ്പെടുത്താനുള്ളത്‌
ഒരേതരം വേദനതന്നെയാകുമോ
എങ്കില്‍ ഞാനും അവരും തമ്മില്‍ സാമ്യപ്പെട്ടിരിക്കും
ഞാനിതാ പലവട്ടം കുടിയിറക്കപ്പെട്ടിരിക്കുന്നു

ആദ്യമായി അമ്മയുടെ ഉദരത്തില്‍ നിന്നും
പിന്നെ അച്ഛന്റെ നെഞ്ചില്‍ നിന്നും
ഒടുവില്‍ ആരുടെയൊക്കെയോ മനസ്സില്‍ നിന്നും
ഇപ്പോള്‍ എന്റെയുള്ളില്‍ നിന്നുതന്നെ

ആദ്യത്തെ കുടിയിറക്കം
അമ്മയുടെ ഉദരത്തില്‍ നിന്നും
ഭൂമിയിലേയ്‌ക്ക്‌ കുടിയിറക്കപ്പെട്ടപ്പോള്‍
എല്ലാവരും അതൊരാഘോഷമാക്കി

അച്ഛന്റെ നെഞ്ചിലും മടിയിലും
ഇരിക്കാവുന്ന കാലം കഴിഞ്ഞുപോയെന്ന്‌ കാണിച്ച്‌
വീണ്ടുമൊരു കുടിയിറക്കല്‍
അതൊരു ആഘോഷമായിരുന്നു
സ്വകാര്യതയുള്ള ഒരാഘോഷം

പിന്നെയുള്ള എന്റെ ചേക്കേറലുകള്‍ ആരറിഞ്ഞു
അമ്മയറിഞ്ഞത്‌ കുടിയിറക്കപ്പെട്ടുകഴിഞ്ഞാണ്‌
അച്ഛനിപ്പോഴും അത്‌ വായിച്ചു തീരാത്ത ഒരു കഥ
ഞാന്‍ സ്വയം നാടുകടത്താന്‍ തീരുമാനിച്ചു
നാടുകടത്തലോ അതോ നാടുകടക്കലോ
ആരെങ്കിലും തീരുമാനിക്കട്ടെ

ആദ്യം സ്വയം ചോദിച്ചുവാങ്ങിയ കുടിയിറക്കം
പിന്നെ അതുമറയ്‌ക്കാന്‍ ഒരൊളിച്ചോട്ടം
ചേക്കേറാനൊരിടം തന്ന്‌ വീണ്ടുമൊരു മരം വിളിച്ചു
ഒരു ദിവസം പറന്നു തളര്‍ന്നെത്തിയപ്പോള്‍
തലേന്നു കണ്ട ശിഖരമില്ല കൂടുമില്ല
ഞാന്‍ പോലുമറിയാതെ ഞാന്‍ കുടിയിറക്കപ്പെട്ടു

ഇനി ശാഖികള്‍ തേടിഞാനലയുന്നില്ല
നിതാന്തമായ നിശബ്ദതയിലേയ്‌ക്കും
അനാദിയായ അന്ധകാരത്തിലേയ്‌ക്കും
ഞാന്‍ സ്വയം നാടുകടത്തുന്നു

എന്നെങ്കിലും ഒരിക്കല്‍ കുറിച്ചിടും
സ്വയം നാടുകടത്തപ്പെട്ടവളുടെ
ദുരിതങ്ങളെക്കുറിച്ച്‌
വീണ്ടും വീണ്ടും കുടിയിറക്കപ്പെട്ടതിന്റെ
വേദനയെക്കുറിച്ച്‌

അന്നത്‌ വായിക്കപ്പെടാത്ത
ഒരാത്മകഥയായി
തേളും പാറ്റയും ഇരട്ടവാലനും കൂടുവയ്‌ക്കുന്ന
വെറും കടലാസുതാളുകളായി അവശേഷിയ്‌ക്കും

2009 ജൂൺ 7, ഞായറാഴ്‌ച

അഗ്നി ശുദ്ധി


ഒരു വാക്കില്‍
ഒരു നോക്കില്‍
ഒരു കനല്‍ പേറി നീ
അകലെയിരിക്കുവതെന്തു താപം
വാടിത്തളരുന്നു ഞാനിതാ
നിന്‍ കനല്‍ നീറലില്‍

ഓര്‍മ്മകളില്‍ നീ മായുന്ന മരുപ്പച്ച
പിന്നെയൊരു വേവുന്ന മരുഭൂമി
പിന്നെയൊരു കൂര്‍ത്ത മുള്‍ച്ചെടി
കൊണ്ടുകോറുന്നിതായെന്റെ
ആത്മാവിലാകെയായ്‌

ഇവിടെ പെയ്യുന്നു മഴ
കൊടും തീമഴ
ഒഴുകിപ്പരക്കുന്നതും
തിളയ്‌ക്കുന്ന തീ തന്നെ

വെറുമൊരു വിറയലായി
ചെറിയൊരു പിടച്ചിലായി
ഇവിടെ ഞാനൊടുങ്ങുന്നു
നീ അഗ്നിയായ്‌ പൊഴിച്ചിട്ട
ഓര്‍മ്മകള്‍ തന്നുള്ളില്‍
നിന്‍റെ ഉള്ളിന്റെയുള്ളില്‍

സൂക്ഷിച്ചു നോക്കുക
ഇതാ എന്റെ ജഡത്തില്‍
കൂര്‍ത്തൊരു പഴുത്തിരുമ്പാല്‍
കോറിമുറിച്ചിട്ട ഒരു പേര്‌
ഇത്‌ നിന്റേത്‌ തന്നെയല്ലേ?

2009 ജൂൺ 3, ബുധനാഴ്‌ച

ഇങ്ങനെയും വരച്ചിടാം


അതൊരു മഴക്കാലമായിരുന്നു
ഒരു സമ്മാനവുമായി
നീ നനഞ്ഞൊലിച്ച്‌ കയറിവന്നത്‌
കൂരിരുട്ടില്‍ മെഴുകുതിരി തെളിയിച്ച്‌
ഞാന്‍ നിനക്ക്‌ അത്താഴം വിളമ്പിയത്‌

പിന്നെ എപ്പോഴോ നീ വന്യമായി പെയ്‌തു
മഴതോര്‍ന്നപ്പോള്‍ ഇറങ്ങിപ്പോവുകയായിരുന്നോ
പിറ്റേന്ന്‌ വെളുത്തപ്പോള്‍ ഞാന്‍ മരിച്ചിരുന്നു
നിന്നെ വിളിക്കാനായി ചുണ്ടുവിടര്‍ത്തിയപ്പോള്‍
അത്‌ തുന്നിച്ചേര്‍ത്തിരിക്കുന്നു
തെളിവുകള്‍ അവശേഷിക്കാതിരിക്കാനാവും
കറുത്ത നൂലുകള്‍ കൊണ്ട്‌
എന്റെ ചുണ്ടുകള്‍ നീ ബന്ധിച്ചത്‌

തലേന്ന്‌ നീ ബാക്കിവച്ച എച്ചിലില്‍
അപ്പോഴും ഈച്ചയാര്‍ക്കുന്നുണ്ടായിരുന്നു
മുറിയുടെ ചുമരിനരികിലൂടെ
ചാലിട്ട്‌ അരിച്ചരിച്ചു പോകുന്ന
ഉറുമ്പുകള്‍ മെല്ലെ എന്റെയടുത്തേയ്‌ക്കെത്തി
കണ്ണിലും മൂക്കിലും വായിലും
അവര്‍ കയറിയിറങ്ങി കൂടുവച്ചു
വേദനിച്ചു.....പക്ഷേ
മരിച്ചതിനാല്‍ എനിക്ക്‌ കരയാന്‍ കഴിഞ്ഞില്ല

ദേഹം ചീഞ്ഞഴുകിയപ്പോഴാണ്‌
തുറന്നിട്ട വാതില്‍ കണ്ട്‌ ആളുകള്‍ കയറിയത്‌
അനന്തരം അവരെന്നെ ഒരു പായയില്‍ പൊതിഞ്ഞ്‌
പുറത്തേയ്‌ക്കെടുത്തു
തുറക്കാന്‍ കഴിയാതെ അടഞ്ഞുകിടന്നകണ്ണുകള്‍
അവ വലിച്ചുതുറന്ന്‌ ഞാന്‍
നിനക്കുവേണ്ടി തിരഞ്ഞു ഇല്ല,
പക്ഷേ എവിടെയോ
നിന്റെ ശബ്ദം എനിക്ക്‌ കേള്‍ക്കാമായിരുന്നു

ആളുകള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു
ആരൊക്കെയോ മൂക്കിലും കണ്ണിലും വായിലും
കയറിപ്പാര്‍ത്ത ഉറുമ്പുകളെ തട്ടിമാറ്റി
അവസാനം ആരോ കയ്യില്‍പ്പിടിച്ചു
അതില്‍ ഞാന്‍ മുറികെപ്പിടിച്ചിരുന്നു
നിന്റെ സമ്മാനം!!!!!!!!!!
അയാളെന്റെ കൈവിടര്‍ത്താന്‍ തുനിഞ്ഞു
അപ്പോള്‍ നിന്റെ ശബ്ദം.... അതെടുക്കരുത്‌

ഞാനാശ്വസിച്ചു നീയെന്നെ തിരിച്ചറിഞ്ഞല്ലോ
പിന്നെ ആളുകള്‍ കൂട്ടം കൂടിനിന്ന്‌
തര്‍ക്കം തുടങ്ങി
എവിടെ സംസ്‌കരിക്കും
ഒരാള്‍ പറഞ്ഞു വഞ്ചിക്കപ്പെട്ടവര്‍ക്കായുള്ള
സ്ഥലത്ത്‌ കുഴിയെടുക്കാം
വീണ്ടും നിന്റെ ശബ്ദം
വേണ്ട ആത്മവഞ്ചന നടത്തിയവര്‍ക്കുള്ളിടത്താവട്ടെ

അവസാനം ആ ആറടി നീളമുള്ള
കുഴിയിലേക്ക്‌ ഞാന്‍ എറിയപ്പെട്ടു
ആദ്യ പിടി മണ്ണു വന്നു വീണത്‌ ചുണ്ടിലായിരുന്നു
അതു ചെയ്‌തത്‌ നീയായിരുന്നോ
അതില്‍ നിന്റെ വിരലുകളുടെ തണുപ്പുണ്ടായിരുന്നു
പിന്നെ മണ്ണുംകല്ലുംവന്നു വീണുകൊണ്ടേയിരുന്നു
ആത്മവഞ്ചന ചെയ്‌തവരുടെ കൂട്ടത്തില്‍
നീയെന്നെ സസൂക്ഷ്‌മം
രേഖപ്പെടുത്തിയിരിക്കുന്നു

പക്ഷേ അനാദികാതം അകലെ ആരോ ഒരാള്‍
വിലങ്ങുവീണ കൈകള്‍ കൊണ്ട്‌
എന്നെയൊരു നേര്‍രേഖയായി വരച്ചിടാന്‍ ശ്രമിക്കുന്നു
ആ വര പൂര്‍ത്തിയാകുന്നില്ല
എന്റെ കൈകള്‍ മണ്ണിനുള്ളിലാണല്ലോ
ഞാനതെങ്ങനെ വരച്ച്‌ പൂര്‍ത്തിയാക്കും
വേണ്ട അത്‌ പൂര്‍ത്തിയാവാതെതന്നെ കിടക്കട്ടെ

2009 മേയ് 31, ഞായറാഴ്‌ച

ഇനിയും പൂക്കും ആ നീര്‍മാതളം പക്ഷേ....


ഇന്നലെ സഹപ്രവര്‍ത്തകന്റെ കോളാണെന്നെ ഉണര്‍ത്തിയത്‌. ആ വിളിച്ചുണര്‍ത്തല്‍ തന്നത്‌ സഹിക്കാന്‍ വയ്യാത്ത ഒരു പിടയലായിരുന്നു. മാധവിക്കുട്ടി മരിച്ചു. പത്തുമണികഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ കിടന്ന എന്റെയുള്ളില്‍ നിന്നും ഞായറാഴ്‌ചയുടെ മടിയും ആലസ്യവും എവിടെയോ പോയൊളിച്ചു.

മരണമെന്നത്‌ യാഥാര്‍ത്ഥ്യമാണെങ്കിലും ഒരിക്കലും മരിക്കാതിരുന്നെങ്കില്‍ എന്ന്‌ ഞാനാഗ്രഹിച്ചവരുടെ കൂട്ടത്തില്‍ എന്റെ പ്രിയകഥാകാരിയും ഉണ്ടായിരുന്നു. ഈ യാഥാര്‍ത്ഥ്യം എനിക്ക്‌ സമ്മാനിച്ചത്‌ മൂടിക്കെട്ടിയ ഒരു മെയ്‌മാസ ദിനമായിരുന്നു. വേര്‍പാടിയില്‍ വിങ്ങിയെന്നപോലെ പ്രകൃതിയും കണ്ണീര്‍ തോര്‍ത്തു, പതിവില്ലാതെ മഴ.... ആ മഴയൊടുങ്ങിയപ്പോഴാണ്‌ ഒരിത്തിരിയെങ്കിലും ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞത്‌.

ആദ്യമായി ഞാന്‍ വായിച്ചത്‌ അവരുടെ നെയ്‌പ്പായസമെന്ന ചെറുകഥയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വെക്കേഷന്‍ കാലത്ത്‌ പനിവന്നുകിടന്ന ഒരു ദിവസമാണ്‌ ആ കഥ വായിച്ചത്. മക്കള്‍ക്കുവേണ്ടി നെയ്‌പ്പായസമൊരുക്കിവച്ച്‌ മരിച്ചുപോയ ഒരമ്മ. കഥാകാരി വരച്ചുവച്ച സ്‌നേഹത്തിന്റെയും മരണത്തിന്റെയും തണുപ്പൂറിയ ആ നെയ്‌പ്പായസത്തിന്റെ ചിത്രത്തിന്‌ വല്ലാത്ത രുചിയും മണവുമുണ്ടായിരുന്നു.

ആ കഥ തന്നെ വായനാസുഖത്തില്‍ നിന്നാണ്‌ ഞാന്‍ മാധവിക്കുട്ടിയെ പ്രണയിച്ചുതുടങ്ങിയത്‌. പിന്നീട്‌ പുസ്‌തകക്കൂട്ടത്തിലുള്ളതെല്ലാം കഴിഞ്ഞപ്പോള്‍ ഇല്ലാത്തവ തേടപ്പിടിച്ച്‌ വായിച്ചു. എന്നിട്ടും വായിക്കാന്‍ കഴിയാതെ പോയി പലതും. നീര്‍മാതളം പൂത്തകാലവും നഷ്ടപ്പെട്ട നീലാംബരിയും തന്നത്‌ തീര്‍ത്തും വ്യത്യസ്ഥമായ വായനാനുഭവങ്ങള്‍. പലരും പറയാന്‍ മടിച്ചത്‌ വിളിച്ചുപറയുന്ന അവര്‍ക്ക്‌ എന്റെയുള്ളില്‍ ധീരയായ സ്‌ത്രീയുടെ പരിവേഷമായിരുന്നു.

ടിവിയിലെ അഭിമുഖങ്ങളില്‍ കാണുമ്പോള്‍ പലപ്പോഴും ഞാനാഗ്രഹിച്ചിരുന്നു ഒന്ന്‌ നേരിട്ട്‌ കാണാന്‍ കഴിഞ്ഞെങ്കിലെന്ന്‌. അത്‌ സാധിച്ചത്‌ കാലമേറെക്കഴിഞ്ഞാണ്. ഒരു സാഹിത്യയാത്രയെന്ന്‌ പേരിട്ട്‌ തസറാക്കിലേയ്‌ക്കുള്‍പ്പെടെ നടത്തിയ യാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ കയറിയത്‌ മലയാളത്തിന്റെ കഥാകാരിക്കടുത്തായിരുന്നു.

എല്ലാവരും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കാറ്റില്‍ ചെറുതായി ആടുന്ന അവരുടെ ശിരോവസ്‌ത്രവും കയ്യിലെ മൈലാഞ്ചിച്ചോപ്പും കണ്ണിലെ തിളക്കവും നോക്കിയിരുന്നത്‌. അതെ ശരിയ്‌ക്കും അവര്‍ സ്‌നേഹത്തിന്റെ ഒരു സ്ഥായീ ഭാവമായിരുന്നു.

പിന്നീട്‌ അവിടെനിന്നും പോരുമ്പോള്‍ മതം മാറ്റത്തിന്റെ പേരില്‍ അവരെ ചോദ്യം ചോദിച്ച്‌ കുഴക്കിയ കൂട്ടുകാരോട്‌ ഞാന്‍ വഴക്കിട്ട്‌ പിണങ്ങി. എന്റേത്‌ ആവശ്യമില്ലാത്ത അന്ധമായ ആരാധനയാണെന്ന്‌ പറഞ്ഞ്‌ അവരോരോരുത്തരും എന്നെ കുറ്റപ്പെടുത്തി. അതേ എനിക്ക്‌ അന്ധമായ ആരാധന തന്നെയാണ്‌.

മതം മാറിയെങ്കില്‍ അതവരുടെ അവകാശം, നമുക്ക്‌ വായിക്കാന്‍ ഒട്ടേറെ എഴുതിത്തന്നുവെന്നും അതിന്റെ പേരില്‍ അറിയപ്പെട്ടുവെന്നും കരുതി. അവര്‍ക്ക്‌ മതം മാറാനും മാറാതിരിക്കാനും ഒക്കെ അവകാശമില്ലേ. ഉണ്ട്‌. എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും അവകാശങ്ങളുണ്ട്‌.

അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുകയും പകല്‍മാന്യത ചമഞ്ഞ്‌ അവരെ അന്തിക്കൂട്ടിന്‌ വിളിച്ചുകൊണ്ടുവരെ കത്തുകളെഴുതുകയും ചെയ്‌തവരെയാണ്‌ കല്ലെറിയേണ്ടത്‌. ഇക്കൂട്ടരെല്ലാം അവരുടെ വ്യക്തിത്വത്തില്‍ അസൂയപ്പെട്ടിരുന്നുവെന്നുതന്നെ വിശ്വസിക്കാനാണ്‌ അവരെ ആരാധിക്കുന്നവര്‍ക്ക്‌ തോന്നുക, ഞാനും അക്കൂട്ടത്തിലാണ്‌.

അവര്‍ വരച്ചിട്ട എത്രയോ ചിത്രങ്ങള്‍, നീര്‍മാതളവും, നാലപ്പാട്ട്‌ തറവാടും, ആമിയെന്ന കൗമാരക്കാരിയും തേളും തേരട്ടയും വിഹരിക്കുന്ന നാലപ്പാട്ടെ കുളിമുറിയും വരെ തെളിമയോടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ലേ. മരണത്തിന്‌ അവയെ കവര്‍ന്നെടുക്കാന്‍ കഴിയില്ലല്ലോ. അവയിലൂടെ രൂപമില്ലാത്ത ഒരു വിഗ്രഹമായി മാധവിക്കുട്ടിയെന്ന ദീപ്‌തമായ ഓര്‍മ്മ..........................

ഇന്നും എനിക്കൊരു സങ്കടം ബാക്കിയാണ്‌ എവിടെയൊക്കെ തിരഞ്ഞിട്ടും ഓര്‍മ്മകളില്‍ പൂവിട്ട്‌ നില്‍ക്കന്ന ഒരു നീര്‍മാതളത്തിന്റെ തൈ കണ്ടെത്താന്‍ എനിക്ക്‌ കഴിഞ്ഞില്ല. പുന്നയൂര്‍ കുളത്തുപോയി അത്‌ കാണാനും എനിയ്‌ക്കവസരമൊത്തില്ല. എനിക്കറിയില്ല അവര്‍ വാക്കുകള്‍ കൊണ്ട്‌ വരച്ചിട്ടത്‌ കണ്ട്‌ ഞാന്‍ മനസ്സില്‍ വരച്ചിട്ട നീര്‍മാതളത്തിന്‌ പുന്നയൂര്‍കുളത്തെ നീര്‍മാതളത്തിന്റെ അതേ രൂപമാണോയെന്ന്‌. ഞാനതിന്റെ ഒരു കുഞ്ഞുതൈയ്‌ക്കുവേണ്ടി ഇപ്പോഴും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നെങ്കിലും ആ നീര്‍മാതളം എന്റെ മുറ്റത്ത്‌ പൂവിടും.

2009 മേയ് 30, ശനിയാഴ്‌ച

അവര്‍ ഇത്രേം വളര്‍ന്നു




ഓര്‍ക്കുന്നില്ലേ ഇവരെ കൊച്ചുണ്ടാപ്രീം കിച്ചുണ്ടാപ്രീം (ഷാവേസ് ലാല്‍ , സഫ്ദര്‍ ലാല്‍)
രണ്ടുപേരും മഹാകുറുന്പന്മാരാണെന്നാണ് അവള്‍ പറയുന്നത്. അവര്‍ അമ്മയോടൊപ്പം
.