2009 ജൂൺ 11, വ്യാഴാഴ്‌ച

കുടിയിറക്കല്‍


കുടിയിറക്കപ്പെട്ടവരുടെ മനസ്സ്‌
നാടുകടത്തപ്പെട്ടവരുടെ മനസ്സ്‌
അവയ്‌ക്കുള്ളില്‍ എന്തായിരിക്കും
അവയ്‌ക്ക്‌ അടയാളപ്പെടുത്താനുള്ളത്‌
ഒരേതരം വേദനതന്നെയാകുമോ
എങ്കില്‍ ഞാനും അവരും തമ്മില്‍ സാമ്യപ്പെട്ടിരിക്കും
ഞാനിതാ പലവട്ടം കുടിയിറക്കപ്പെട്ടിരിക്കുന്നു

ആദ്യമായി അമ്മയുടെ ഉദരത്തില്‍ നിന്നും
പിന്നെ അച്ഛന്റെ നെഞ്ചില്‍ നിന്നും
ഒടുവില്‍ ആരുടെയൊക്കെയോ മനസ്സില്‍ നിന്നും
ഇപ്പോള്‍ എന്റെയുള്ളില്‍ നിന്നുതന്നെ

ആദ്യത്തെ കുടിയിറക്കം
അമ്മയുടെ ഉദരത്തില്‍ നിന്നും
ഭൂമിയിലേയ്‌ക്ക്‌ കുടിയിറക്കപ്പെട്ടപ്പോള്‍
എല്ലാവരും അതൊരാഘോഷമാക്കി

അച്ഛന്റെ നെഞ്ചിലും മടിയിലും
ഇരിക്കാവുന്ന കാലം കഴിഞ്ഞുപോയെന്ന്‌ കാണിച്ച്‌
വീണ്ടുമൊരു കുടിയിറക്കല്‍
അതൊരു ആഘോഷമായിരുന്നു
സ്വകാര്യതയുള്ള ഒരാഘോഷം

പിന്നെയുള്ള എന്റെ ചേക്കേറലുകള്‍ ആരറിഞ്ഞു
അമ്മയറിഞ്ഞത്‌ കുടിയിറക്കപ്പെട്ടുകഴിഞ്ഞാണ്‌
അച്ഛനിപ്പോഴും അത്‌ വായിച്ചു തീരാത്ത ഒരു കഥ
ഞാന്‍ സ്വയം നാടുകടത്താന്‍ തീരുമാനിച്ചു
നാടുകടത്തലോ അതോ നാടുകടക്കലോ
ആരെങ്കിലും തീരുമാനിക്കട്ടെ

ആദ്യം സ്വയം ചോദിച്ചുവാങ്ങിയ കുടിയിറക്കം
പിന്നെ അതുമറയ്‌ക്കാന്‍ ഒരൊളിച്ചോട്ടം
ചേക്കേറാനൊരിടം തന്ന്‌ വീണ്ടുമൊരു മരം വിളിച്ചു
ഒരു ദിവസം പറന്നു തളര്‍ന്നെത്തിയപ്പോള്‍
തലേന്നു കണ്ട ശിഖരമില്ല കൂടുമില്ല
ഞാന്‍ പോലുമറിയാതെ ഞാന്‍ കുടിയിറക്കപ്പെട്ടു

ഇനി ശാഖികള്‍ തേടിഞാനലയുന്നില്ല
നിതാന്തമായ നിശബ്ദതയിലേയ്‌ക്കും
അനാദിയായ അന്ധകാരത്തിലേയ്‌ക്കും
ഞാന്‍ സ്വയം നാടുകടത്തുന്നു

എന്നെങ്കിലും ഒരിക്കല്‍ കുറിച്ചിടും
സ്വയം നാടുകടത്തപ്പെട്ടവളുടെ
ദുരിതങ്ങളെക്കുറിച്ച്‌
വീണ്ടും വീണ്ടും കുടിയിറക്കപ്പെട്ടതിന്റെ
വേദനയെക്കുറിച്ച്‌

അന്നത്‌ വായിക്കപ്പെടാത്ത
ഒരാത്മകഥയായി
തേളും പാറ്റയും ഇരട്ടവാലനും കൂടുവയ്‌ക്കുന്ന
വെറും കടലാസുതാളുകളായി അവശേഷിയ്‌ക്കും

2009 ജൂൺ 7, ഞായറാഴ്‌ച

അഗ്നി ശുദ്ധി


ഒരു വാക്കില്‍
ഒരു നോക്കില്‍
ഒരു കനല്‍ പേറി നീ
അകലെയിരിക്കുവതെന്തു താപം
വാടിത്തളരുന്നു ഞാനിതാ
നിന്‍ കനല്‍ നീറലില്‍

ഓര്‍മ്മകളില്‍ നീ മായുന്ന മരുപ്പച്ച
പിന്നെയൊരു വേവുന്ന മരുഭൂമി
പിന്നെയൊരു കൂര്‍ത്ത മുള്‍ച്ചെടി
കൊണ്ടുകോറുന്നിതായെന്റെ
ആത്മാവിലാകെയായ്‌

ഇവിടെ പെയ്യുന്നു മഴ
കൊടും തീമഴ
ഒഴുകിപ്പരക്കുന്നതും
തിളയ്‌ക്കുന്ന തീ തന്നെ

വെറുമൊരു വിറയലായി
ചെറിയൊരു പിടച്ചിലായി
ഇവിടെ ഞാനൊടുങ്ങുന്നു
നീ അഗ്നിയായ്‌ പൊഴിച്ചിട്ട
ഓര്‍മ്മകള്‍ തന്നുള്ളില്‍
നിന്‍റെ ഉള്ളിന്റെയുള്ളില്‍

സൂക്ഷിച്ചു നോക്കുക
ഇതാ എന്റെ ജഡത്തില്‍
കൂര്‍ത്തൊരു പഴുത്തിരുമ്പാല്‍
കോറിമുറിച്ചിട്ട ഒരു പേര്‌
ഇത്‌ നിന്റേത്‌ തന്നെയല്ലേ?

2009 ജൂൺ 3, ബുധനാഴ്‌ച

ഇങ്ങനെയും വരച്ചിടാം


അതൊരു മഴക്കാലമായിരുന്നു
ഒരു സമ്മാനവുമായി
നീ നനഞ്ഞൊലിച്ച്‌ കയറിവന്നത്‌
കൂരിരുട്ടില്‍ മെഴുകുതിരി തെളിയിച്ച്‌
ഞാന്‍ നിനക്ക്‌ അത്താഴം വിളമ്പിയത്‌

പിന്നെ എപ്പോഴോ നീ വന്യമായി പെയ്‌തു
മഴതോര്‍ന്നപ്പോള്‍ ഇറങ്ങിപ്പോവുകയായിരുന്നോ
പിറ്റേന്ന്‌ വെളുത്തപ്പോള്‍ ഞാന്‍ മരിച്ചിരുന്നു
നിന്നെ വിളിക്കാനായി ചുണ്ടുവിടര്‍ത്തിയപ്പോള്‍
അത്‌ തുന്നിച്ചേര്‍ത്തിരിക്കുന്നു
തെളിവുകള്‍ അവശേഷിക്കാതിരിക്കാനാവും
കറുത്ത നൂലുകള്‍ കൊണ്ട്‌
എന്റെ ചുണ്ടുകള്‍ നീ ബന്ധിച്ചത്‌

തലേന്ന്‌ നീ ബാക്കിവച്ച എച്ചിലില്‍
അപ്പോഴും ഈച്ചയാര്‍ക്കുന്നുണ്ടായിരുന്നു
മുറിയുടെ ചുമരിനരികിലൂടെ
ചാലിട്ട്‌ അരിച്ചരിച്ചു പോകുന്ന
ഉറുമ്പുകള്‍ മെല്ലെ എന്റെയടുത്തേയ്‌ക്കെത്തി
കണ്ണിലും മൂക്കിലും വായിലും
അവര്‍ കയറിയിറങ്ങി കൂടുവച്ചു
വേദനിച്ചു.....പക്ഷേ
മരിച്ചതിനാല്‍ എനിക്ക്‌ കരയാന്‍ കഴിഞ്ഞില്ല

ദേഹം ചീഞ്ഞഴുകിയപ്പോഴാണ്‌
തുറന്നിട്ട വാതില്‍ കണ്ട്‌ ആളുകള്‍ കയറിയത്‌
അനന്തരം അവരെന്നെ ഒരു പായയില്‍ പൊതിഞ്ഞ്‌
പുറത്തേയ്‌ക്കെടുത്തു
തുറക്കാന്‍ കഴിയാതെ അടഞ്ഞുകിടന്നകണ്ണുകള്‍
അവ വലിച്ചുതുറന്ന്‌ ഞാന്‍
നിനക്കുവേണ്ടി തിരഞ്ഞു ഇല്ല,
പക്ഷേ എവിടെയോ
നിന്റെ ശബ്ദം എനിക്ക്‌ കേള്‍ക്കാമായിരുന്നു

ആളുകള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു
ആരൊക്കെയോ മൂക്കിലും കണ്ണിലും വായിലും
കയറിപ്പാര്‍ത്ത ഉറുമ്പുകളെ തട്ടിമാറ്റി
അവസാനം ആരോ കയ്യില്‍പ്പിടിച്ചു
അതില്‍ ഞാന്‍ മുറികെപ്പിടിച്ചിരുന്നു
നിന്റെ സമ്മാനം!!!!!!!!!!
അയാളെന്റെ കൈവിടര്‍ത്താന്‍ തുനിഞ്ഞു
അപ്പോള്‍ നിന്റെ ശബ്ദം.... അതെടുക്കരുത്‌

ഞാനാശ്വസിച്ചു നീയെന്നെ തിരിച്ചറിഞ്ഞല്ലോ
പിന്നെ ആളുകള്‍ കൂട്ടം കൂടിനിന്ന്‌
തര്‍ക്കം തുടങ്ങി
എവിടെ സംസ്‌കരിക്കും
ഒരാള്‍ പറഞ്ഞു വഞ്ചിക്കപ്പെട്ടവര്‍ക്കായുള്ള
സ്ഥലത്ത്‌ കുഴിയെടുക്കാം
വീണ്ടും നിന്റെ ശബ്ദം
വേണ്ട ആത്മവഞ്ചന നടത്തിയവര്‍ക്കുള്ളിടത്താവട്ടെ

അവസാനം ആ ആറടി നീളമുള്ള
കുഴിയിലേക്ക്‌ ഞാന്‍ എറിയപ്പെട്ടു
ആദ്യ പിടി മണ്ണു വന്നു വീണത്‌ ചുണ്ടിലായിരുന്നു
അതു ചെയ്‌തത്‌ നീയായിരുന്നോ
അതില്‍ നിന്റെ വിരലുകളുടെ തണുപ്പുണ്ടായിരുന്നു
പിന്നെ മണ്ണുംകല്ലുംവന്നു വീണുകൊണ്ടേയിരുന്നു
ആത്മവഞ്ചന ചെയ്‌തവരുടെ കൂട്ടത്തില്‍
നീയെന്നെ സസൂക്ഷ്‌മം
രേഖപ്പെടുത്തിയിരിക്കുന്നു

പക്ഷേ അനാദികാതം അകലെ ആരോ ഒരാള്‍
വിലങ്ങുവീണ കൈകള്‍ കൊണ്ട്‌
എന്നെയൊരു നേര്‍രേഖയായി വരച്ചിടാന്‍ ശ്രമിക്കുന്നു
ആ വര പൂര്‍ത്തിയാകുന്നില്ല
എന്റെ കൈകള്‍ മണ്ണിനുള്ളിലാണല്ലോ
ഞാനതെങ്ങനെ വരച്ച്‌ പൂര്‍ത്തിയാക്കും
വേണ്ട അത്‌ പൂര്‍ത്തിയാവാതെതന്നെ കിടക്കട്ടെ

2009 മേയ് 31, ഞായറാഴ്‌ച

ഇനിയും പൂക്കും ആ നീര്‍മാതളം പക്ഷേ....


ഇന്നലെ സഹപ്രവര്‍ത്തകന്റെ കോളാണെന്നെ ഉണര്‍ത്തിയത്‌. ആ വിളിച്ചുണര്‍ത്തല്‍ തന്നത്‌ സഹിക്കാന്‍ വയ്യാത്ത ഒരു പിടയലായിരുന്നു. മാധവിക്കുട്ടി മരിച്ചു. പത്തുമണികഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ കിടന്ന എന്റെയുള്ളില്‍ നിന്നും ഞായറാഴ്‌ചയുടെ മടിയും ആലസ്യവും എവിടെയോ പോയൊളിച്ചു.

മരണമെന്നത്‌ യാഥാര്‍ത്ഥ്യമാണെങ്കിലും ഒരിക്കലും മരിക്കാതിരുന്നെങ്കില്‍ എന്ന്‌ ഞാനാഗ്രഹിച്ചവരുടെ കൂട്ടത്തില്‍ എന്റെ പ്രിയകഥാകാരിയും ഉണ്ടായിരുന്നു. ഈ യാഥാര്‍ത്ഥ്യം എനിക്ക്‌ സമ്മാനിച്ചത്‌ മൂടിക്കെട്ടിയ ഒരു മെയ്‌മാസ ദിനമായിരുന്നു. വേര്‍പാടിയില്‍ വിങ്ങിയെന്നപോലെ പ്രകൃതിയും കണ്ണീര്‍ തോര്‍ത്തു, പതിവില്ലാതെ മഴ.... ആ മഴയൊടുങ്ങിയപ്പോഴാണ്‌ ഒരിത്തിരിയെങ്കിലും ആ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞത്‌.

ആദ്യമായി ഞാന്‍ വായിച്ചത്‌ അവരുടെ നെയ്‌പ്പായസമെന്ന ചെറുകഥയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വെക്കേഷന്‍ കാലത്ത്‌ പനിവന്നുകിടന്ന ഒരു ദിവസമാണ്‌ ആ കഥ വായിച്ചത്. മക്കള്‍ക്കുവേണ്ടി നെയ്‌പ്പായസമൊരുക്കിവച്ച്‌ മരിച്ചുപോയ ഒരമ്മ. കഥാകാരി വരച്ചുവച്ച സ്‌നേഹത്തിന്റെയും മരണത്തിന്റെയും തണുപ്പൂറിയ ആ നെയ്‌പ്പായസത്തിന്റെ ചിത്രത്തിന്‌ വല്ലാത്ത രുചിയും മണവുമുണ്ടായിരുന്നു.

ആ കഥ തന്നെ വായനാസുഖത്തില്‍ നിന്നാണ്‌ ഞാന്‍ മാധവിക്കുട്ടിയെ പ്രണയിച്ചുതുടങ്ങിയത്‌. പിന്നീട്‌ പുസ്‌തകക്കൂട്ടത്തിലുള്ളതെല്ലാം കഴിഞ്ഞപ്പോള്‍ ഇല്ലാത്തവ തേടപ്പിടിച്ച്‌ വായിച്ചു. എന്നിട്ടും വായിക്കാന്‍ കഴിയാതെ പോയി പലതും. നീര്‍മാതളം പൂത്തകാലവും നഷ്ടപ്പെട്ട നീലാംബരിയും തന്നത്‌ തീര്‍ത്തും വ്യത്യസ്ഥമായ വായനാനുഭവങ്ങള്‍. പലരും പറയാന്‍ മടിച്ചത്‌ വിളിച്ചുപറയുന്ന അവര്‍ക്ക്‌ എന്റെയുള്ളില്‍ ധീരയായ സ്‌ത്രീയുടെ പരിവേഷമായിരുന്നു.

ടിവിയിലെ അഭിമുഖങ്ങളില്‍ കാണുമ്പോള്‍ പലപ്പോഴും ഞാനാഗ്രഹിച്ചിരുന്നു ഒന്ന്‌ നേരിട്ട്‌ കാണാന്‍ കഴിഞ്ഞെങ്കിലെന്ന്‌. അത്‌ സാധിച്ചത്‌ കാലമേറെക്കഴിഞ്ഞാണ്. ഒരു സാഹിത്യയാത്രയെന്ന്‌ പേരിട്ട്‌ തസറാക്കിലേയ്‌ക്കുള്‍പ്പെടെ നടത്തിയ യാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ കയറിയത്‌ മലയാളത്തിന്റെ കഥാകാരിക്കടുത്തായിരുന്നു.

എല്ലാവരും ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കാറ്റില്‍ ചെറുതായി ആടുന്ന അവരുടെ ശിരോവസ്‌ത്രവും കയ്യിലെ മൈലാഞ്ചിച്ചോപ്പും കണ്ണിലെ തിളക്കവും നോക്കിയിരുന്നത്‌. അതെ ശരിയ്‌ക്കും അവര്‍ സ്‌നേഹത്തിന്റെ ഒരു സ്ഥായീ ഭാവമായിരുന്നു.

പിന്നീട്‌ അവിടെനിന്നും പോരുമ്പോള്‍ മതം മാറ്റത്തിന്റെ പേരില്‍ അവരെ ചോദ്യം ചോദിച്ച്‌ കുഴക്കിയ കൂട്ടുകാരോട്‌ ഞാന്‍ വഴക്കിട്ട്‌ പിണങ്ങി. എന്റേത്‌ ആവശ്യമില്ലാത്ത അന്ധമായ ആരാധനയാണെന്ന്‌ പറഞ്ഞ്‌ അവരോരോരുത്തരും എന്നെ കുറ്റപ്പെടുത്തി. അതേ എനിക്ക്‌ അന്ധമായ ആരാധന തന്നെയാണ്‌.

മതം മാറിയെങ്കില്‍ അതവരുടെ അവകാശം, നമുക്ക്‌ വായിക്കാന്‍ ഒട്ടേറെ എഴുതിത്തന്നുവെന്നും അതിന്റെ പേരില്‍ അറിയപ്പെട്ടുവെന്നും കരുതി. അവര്‍ക്ക്‌ മതം മാറാനും മാറാതിരിക്കാനും ഒക്കെ അവകാശമില്ലേ. ഉണ്ട്‌. എല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും അവകാശങ്ങളുണ്ട്‌.

അതിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കുകയും പകല്‍മാന്യത ചമഞ്ഞ്‌ അവരെ അന്തിക്കൂട്ടിന്‌ വിളിച്ചുകൊണ്ടുവരെ കത്തുകളെഴുതുകയും ചെയ്‌തവരെയാണ്‌ കല്ലെറിയേണ്ടത്‌. ഇക്കൂട്ടരെല്ലാം അവരുടെ വ്യക്തിത്വത്തില്‍ അസൂയപ്പെട്ടിരുന്നുവെന്നുതന്നെ വിശ്വസിക്കാനാണ്‌ അവരെ ആരാധിക്കുന്നവര്‍ക്ക്‌ തോന്നുക, ഞാനും അക്കൂട്ടത്തിലാണ്‌.

അവര്‍ വരച്ചിട്ട എത്രയോ ചിത്രങ്ങള്‍, നീര്‍മാതളവും, നാലപ്പാട്ട്‌ തറവാടും, ആമിയെന്ന കൗമാരക്കാരിയും തേളും തേരട്ടയും വിഹരിക്കുന്ന നാലപ്പാട്ടെ കുളിമുറിയും വരെ തെളിമയോടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നില്ലേ. മരണത്തിന്‌ അവയെ കവര്‍ന്നെടുക്കാന്‍ കഴിയില്ലല്ലോ. അവയിലൂടെ രൂപമില്ലാത്ത ഒരു വിഗ്രഹമായി മാധവിക്കുട്ടിയെന്ന ദീപ്‌തമായ ഓര്‍മ്മ..........................

ഇന്നും എനിക്കൊരു സങ്കടം ബാക്കിയാണ്‌ എവിടെയൊക്കെ തിരഞ്ഞിട്ടും ഓര്‍മ്മകളില്‍ പൂവിട്ട്‌ നില്‍ക്കന്ന ഒരു നീര്‍മാതളത്തിന്റെ തൈ കണ്ടെത്താന്‍ എനിക്ക്‌ കഴിഞ്ഞില്ല. പുന്നയൂര്‍ കുളത്തുപോയി അത്‌ കാണാനും എനിയ്‌ക്കവസരമൊത്തില്ല. എനിക്കറിയില്ല അവര്‍ വാക്കുകള്‍ കൊണ്ട്‌ വരച്ചിട്ടത്‌ കണ്ട്‌ ഞാന്‍ മനസ്സില്‍ വരച്ചിട്ട നീര്‍മാതളത്തിന്‌ പുന്നയൂര്‍കുളത്തെ നീര്‍മാതളത്തിന്റെ അതേ രൂപമാണോയെന്ന്‌. ഞാനതിന്റെ ഒരു കുഞ്ഞുതൈയ്‌ക്കുവേണ്ടി ഇപ്പോഴും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌. എന്നെങ്കിലും ആ നീര്‍മാതളം എന്റെ മുറ്റത്ത്‌ പൂവിടും.

2009 മേയ് 30, ശനിയാഴ്‌ച

അവര്‍ ഇത്രേം വളര്‍ന്നു




ഓര്‍ക്കുന്നില്ലേ ഇവരെ കൊച്ചുണ്ടാപ്രീം കിച്ചുണ്ടാപ്രീം (ഷാവേസ് ലാല്‍ , സഫ്ദര്‍ ലാല്‍)
രണ്ടുപേരും മഹാകുറുന്പന്മാരാണെന്നാണ് അവള്‍ പറയുന്നത്. അവര്‍ അമ്മയോടൊപ്പം
.

2009 മേയ് 28, വ്യാഴാഴ്‌ച

വഴുക്കുന്ന മഴപ്പച്ച

അന്ന് പെയ്ത മഴ നീ ഓര്‍ക്കുന്നുവോ?
മുറ്റത്തെ വഴുക്കില്‍ ഞാനിന്ന് വഴുതി വീണു
മഴയുടെ പച്ചപിടിച്ച വഴുക്ക്
അന്ന് നീ വിടപറഞ്ഞപ്പോള്‍ പെയ്ത മഴ....

പിന്നെ ഞാന്‍ മഴ കണ്ടില്ല
മഴ കേട്ടുമില്ല.....
പക്ഷേ മുറ്റത്തിപ്പോഴും ആ മഴപ്പച്ച
അതില്‍ അന്നത്തെ മഴപ്പെരുക്കം

നിന്‍റെ വിടപറച്ചില്‍
വണ്ടിയെടുക്കും വരെ ഒരു കുടയില്‍
പപ്പാതി നനഞ്ഞ് നമ്മള്‍ നിന്നത്
ആരൊക്കെയോ അത് നോക്കി നിന്നത്
അവര്‍ കണ്ണുകള്‍ കൊണ്ട് ചോദ്യങ്ങള്‍ ചോദിച്ചത്

വേര്‍പാടിന്‍റെ വേദനയില്‍
നെഞ്ചു പിടഞ്ഞുകൊണ്ട് കയ്യില്‍ അമര്‍ത്തിപ്പിടിച്ച്
ഇനിയും വരുമെന്ന് നീയെന്നോട് പറഞ്ഞത്
നിനക്കോര്‍മ്മയില്ലേ?
ഞാനിവിടെ കാത്തിരിക്കുകയാണ്...

മഴയ്ക്കിടയില്‍ നിന്‍റെ ചിരിയുടെ
താളപ്പെരുക്കം കേള്‍ക്കാന്‍
പഴങ്കഥകള്‍കേട്ട് അതിശയിക്കാന്‍
കാത്തുകാത്തെന്‍റെ കണ്ണു കഴയ്ക്കുന്നു

ഞാന്‍ നരച്ചുപോയിരിക്കുന്നു
പ്രായം ചെന്നനക്ഷത്രങ്ങള്‍
ജന്മം വെടിഞ്ഞ് ഉരുകിയൊലിച്ച് പെയ്യുന്നു
നിറമില്ലാത്ത മഴയായി
നിന്‍റെ പ്രണയം പോലെ, നിറമില്ലാതെ.....

ഇനിയും നക്ഷത്രങ്ങള്‍ പിറക്കും കൊഴിയും
അന്നും ഞാനീ ഓര്‍മ്മകളുടെ വഴുക്കില്‍
തെന്നിവീണുകൊണ്ടേയിരിക്കും
എത്ര മഴക്കാലങ്ങള്‍ പെയ്തുപോയാലും.........

2009 മേയ് 25, തിങ്കളാഴ്‌ച

നീ ഇറങ്ങി വരുകയാണോ?


രാവില്‍ മഴപ്പക്ഷികള്‍ ഉഴറിക്കരയുമ്പോള്‍
മനസ്സില്‍ നീ ഇറങ്ങി നടക്കാന്‍ തുടങ്ങുന്നു
മഴത്തുള്ളികളുടെ നേര്‍ത്ത ശബ്ദത്തിനിടയില്‍
മഴപ്പക്ഷിയുടെ ഉള്ളിടറിയ കരച്ചിലിനിടയില്‍
വെറുതെ ഒരു പദനിസ്വനത്തിന്‌
കാതോര്‍ത്ത്‌ ഞാനിരിക്കുന്നു

ഇവിടെ എന്റെ വിഭ്രമം തുടങ്ങുന്നു
നിന്റെ കൈകളില്‍ക്കിടന്ന്‌ ബോധം നശിയ്‌ക്കണമെന്നും
നിന്റെ മടിയില്‍ക്കിടന്ന്‌ മരണത്തെ വരിക്കണമെന്നും
ഞാനത്രമേല്‍ ആശിച്ചുപോകുന്നു
അത്രമേല്‍ ഞാനെന്നെ തനിച്ചാക്കിയിരിക്കുന്നു

നിന്നെയോര്‍ക്കുമ്പോള്‍
എന്റെ ശ്വാസഗതിപോലും
ഇന്നും വിറയ്‌ക്കുന്നതെന്താണ്‌
നീ അരികത്തുണ്ടെന്നപോലെ
ഞാന്‍ താരാട്ട്‌ മൂളുന്നതെന്തിനാണ്‌
വെറുതെ പിറിപിറുക്കുന്നതെന്തിനാണ്‌

ഇന്നും ചോരമണമുള്ള ഒരോര്‍മ്മയായി നീ
എന്നിലവശേഷിക്കുന്നു
നീ തന്ന മുറിവുകളില്‍ ചോര തോര്‍ന്നിട്ടില്ല
എനിക്ക്‌ മരിക്കാന്‍ തോന്നുമ്പോള്‍
നിന്നെയൊന്ന്‌ കാണാന്‍
എനിക്ക്‌ ജീവിക്കാന്‍ തോന്നുമ്പോള്‍
നിന്നെയൊന്നു മറക്കാന്‍
ഞാന്‍ എവിടെയാണ്‌ കാണിക്കയിടേണ്ടത്‌

ഓര്‍മ്മകള്‍ ഉരുകിയൊലിച്ച്‌ പരക്കുകയാണ്‌
അതില്‍ തിരിച്ചറിയാനാകാത്ത ഗന്ധങ്ങള്‍
കൂടിക്കലരുകയാണ്‌
എവിടെയായിരുന്നു എന്റെ തുടക്കം?
എവിടെയായിരിക്കും എന്റെ ഒടുക്കം?
നിനക്ക്‌ പറഞ്ഞുതരാന്‍ കഴിയുമോ?

ആഴക്കയത്തിലേയ്‌ക്ക്‌ ഞാനൂര്‍ന്നുപോകുമ്പോള്‍
നീട്ടിയ കൈ പിന്‍വലിച്ച്‌ നീ നടന്നകന്നത്‌
ഒരിക്കലും ഞാന്‍ കൈ നീട്ടിയിരുന്നില്ലെന്ന്‌
നീ എല്ലാവരോടും വിളിച്ചുപറഞ്ഞത്‌

അതെന്റെ ചെവിയിലിപ്പോഴും മുഴങ്ങുന്നു
നിന്റെ ശബ്ദമാണെന്റെ ബോധം നിറയെ
നിന്റെ ഗന്ധമാണെന്റെ ഓര്‍മ്മ നിറയെ
നീ തന്നെ മുറിവുകളാണെന്റെ ഉടല്‍ നിറയെ

നിനക്കെങ്ങനെ കഴിയുന്നു?
അതോ നിനക്കും കഴിയുന്നില്ലേ?
എല്ലാം സ്വപ്‌നമായിരുന്നിരിക്കാം
ആ സ്വപ്‌നത്തിന്‌ കടുന്നുവരാതിരിക്കാമായിരുന്നു
ഓര്‍മ്മകളില്‍ എന്നെ ഇത്രമേല്‍
തനിച്ചാക്കാതിരിക്കാന്‍
വേദനകളും വിഭ്രമവും തന്നെന്നെ
മൃതപ്രായയാക്കാതിരിക്കാന്‍