2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

അമ്മ, ഞാനും

മൂര്‍ധാവില്‍ അച്ഛന്‍ ഉമ്മവച്ചേടത്തു-
നിന്നൊരു മിന്നല്‍പ്പിണര്‍ പുളഞ്ഞ്,
അടിവയറ്റില്‍ തൊട്ട് ,
ഒരു നിണപ്പുഴയൊഴുക്കി,
വേദനിപ്പിച്ച് , കരഞ്ഞ്. പിടഞ്ഞ്, വഴുക്കി
പുറത്തേയ്ക് വന്നതാണ് ഞാനെന്ന്,
അമ്മ........

ഇനിയും ജീവന്‍ കിളിര്‍പ്പിച്ച്,
വേദനിച്ച് പുളഞ്ഞൊടുവിലൊരു,
അമ്മ വിളികേട്ട്,
നിറവില്‍ ചിരിയ്ക്കേണ്ടവളാണ് ഞാനെന്ന്,
വെറുതേ വീണ്ടും വീണ്ടും,
അമ്മ പറഞ്ഞുകൊണ്ടേയിരിക്കുന്നു.....

ഒട്ടും പുതുമയില്ലെന്ന് പറഞ്ഞ്...
ചിറികോട്ടി ചിരിച്ചപ്പോള്‍,
ദേഷ്യം കനപ്പിച്ച് അമ്മ,
വീണ്ടും അടുക്കളച്ചൂടിലേയ്ക്ക്,
ഒന്നുമറിയാതെ അകത്ത് അച്ചന്റെ,
മുറിയില്‍ ഒരു നേര്‍ത്ത താരാട്ട് മുറിയുന്നു....

മനസ്സിലൊഴുകിപ്പരന്ന നിണപ്പുഴയില്‍
എത്ര പേര്‍ ജനിച്ചു മരിച്ചു......
കണക്കില്ലാത്ത സ്വപ്ന ബീജങ്ങള്‍,
കൈകാല്‍ മുളച്ചെഴുന്നേറ്റുവന്നു,
തൊട്ടടുത്ത ശൈത്യത്തില്‍ മരവിച്ചും,
പിന്നാലെ വന്ന വേനലില്‍,
പൊള്ളിയും മരിച്ചുപോയ്.......

ഇടര്‍ച്ച തളര്‍ത്തുന്ന,
ചില നേരങ്ങളില്‍,
അമ്മയ്ക്ക് മുഖം കൊടുക്കാതെ,
ചില ശുഭ്ര സ്വപ്നങ്ങളിനിയുമുണ്ടന്ന് ,
കള്ളം പറഞ്ഞ്, പ്രതീക്ഷയുടെ
ഒരു പിടി പാഴ്വാക്കുകളുച്ചരിച്ച്,
മടക്കയാത്രയ്ക്ക് ഭാണ്ഡം മുറുക്കുന്നു.....

അമ്മ വീണ്ടുമൊരു സ്വപ്നത്തിന്,
വെള്ളവും വളവും കോരി,
വീണ്ടും അടുക്കളവേവില്‍,
പലഹാരങ്ങള്‍ പൊതികെട്ടിയൊരുക്കി......

ഒടുവില്‍ ഞാന്‍ പടിയിറങ്ങുന്പോള്‍,
ഇവിടെ ഞങ്ങള്‍ രണ്ടുപേര്‍,
നിന്നിലൂടൊരു ജന്മപുണ്യത്തിന്,
കാത്തിരിക്കയാണെന്നോര്‍മ്മിപ്പിച്ച്,
അച്ഛന്റെ ഇടംചുമലില്‍ തലചേര്‍ത്തമ്മ
വീണ്ടും സാരിത്തലപ്പ് മുഖത്തേയ്ക്കടുപ്പിച്ചു........

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

നിള

ഊഷരമായൊരു മടിത്തട്ടാണ് നീയിപ്പോള്‍,
പണ്ടൊരു നദിയൊഴുകിയ വഴിയെന്നാരോ,
പിറുപിറുത്തിരിക്കുന്നു,
മുഖഛായ മാറി നീ മുറിഞ്ഞുപോയിരിക്കുന്നു.

അന്ന്, ആ കര്‍ക്കിടകത്തില്‍
നീ മദിച്ചുപായുന്നതിനിടെ,
മുത്തശ്ശനെ ധ്യാനിച്ച്,
എള്ളും പൂവിമിട്ടൊരുക്കിയ
ഒരു പിടി വറ്റും ഇലച്ചീന്തില്‍ തന്ന്,
അച്ഛനെന്നെ നിന്നിലേയ്ക്കയച്ചിരുന്നു.

നീ നാഭിച്ചുഴിയിലേയ്ക്ക് വലിച്ചടുപ്പിച്ച്
ഓളക്കൈകള്‍ കഴുത്തില്‍ മുറക്കി
ഒരു വേള ശ്വാസം നിലപ്പിച്ചതാണ്
ആരോ കരയ്ക്കടുപ്പിച്ചിരുന്നു,
ജീവന്‍ തിരിച്ചെന്നിലേയ്ക്കുവന്ന്
തളര്‍ച്ചയിലേയ്ക്ക്,
തൊട്ടുണര്‍ത്തുകയായിരുന്നു.....

ഇന്ന്, ഇപ്പോഴിതാ വീണ്ടും,
നിന്നിലേയ്ക്കായ് വന്നിരിക്കുന്നു,
സ്വന്തം പേരുച്ചരിച്ച് എള്ളും പൂവിമിട്ട്
ഒരു പിടി വറ്റുണ്ട്.......
പക്ഷേ, മനംനിറഞ്ഞു
നീയേറ്റുവാങ്ങുവതെങ്ങനെ?

ആരോ ദുരയില്‍,
കീറിമുറിച്ചിട്ട നിന്റെ നെഞ്ചിടം.....
നടന്നു വലഞ്ഞുപോയിരിക്കുന്നു.
ദൂരെയൊരു പൊട്ടുപോല്‍,
ഒരുതുള്ളി വെള്ളം!

വെറുതെയൊരു മരീചികയാണ്,
ഒഴുക്കും ആഴവുമില്ലാതെ,
നീയെനിയ്ക്കെങ്ങനെ മരണമേകും?
മരണമില്ലാതെങ്ങനെ മോക്ഷമാവും?

തിരിച്ചിനി പിന്നോട്ടില്ല,
വെറുതെ നിന്നിലൂടെ മുന്നോട്ടു നടക്കട്ടെ
അടുത്ത വര്‍ഷംവരെ നടപ്പുനീളട്ടെ.....
മഴപെയ്തു കുളിര്‍ത്തു നീ പരന്നൊഴുകുന്പോള്‍
കൂടെയൊഴുക്കിയേക്കുക

ഇരുണ്ട ചുഴികളൊരുക്കി വലിച്ചടുപ്പിച്ച്
ഇനിയും ജനിമൃതികളില്ലാത്ത
അഗാധതതകളിലേയ്ക്ക്
പുണര്‍ന്നെടുത്തുകൊള്ളുക

നീ നിള, നിള മാത്രമെന്ന് മന്ത്രിച്ച് ,
കയ്യിലീ ആത്മപിണ്ഡവുമായി,
ഞാന്‍ നടക്കുകയാണ്,
ഊഷരമായ ഈ മണല്‍വഴിയില്‍
ഒരു തുള്ളി മോക്ഷത്തിന്റെ നനവു ദാഹിച്ച് .........

2010, ജൂലൈ 28, ബുധനാഴ്‌ച

മരണം; അല്ല പ്രണയം

കറുത്തപക്ഷത്തില്‍,
ഉലഞ്ഞാടുന്ന,
മരത്തലപ്പുകള്‍ക്കിടയിലൂടെ,
നിന്നെ കാണുകയാണ്.
കുനിഞ്ഞിരുന്ന വിതുന്പുന്ന,
ഒരു നിഴല്‍പോലെ.....

പേരിഷ്ടമില്ലെന്ന നിന്റെ പിറുപിറുക്കല്‍,
കേള്‍ക്കുന്നുണ്ട്, ഇടയ്ക്കുയരുന്ന
നെടുവീര്‍പ്പിനുള്ളില്‍ ഉറഞ്ഞുകൂടുന്ന,
അമര്‍ഷധ്വനികളും....

പേരെന്തുമാവട്ടെ,
എത്രപേര്‍ നിന്നെ
പ്രണയിച്ച് അടുത്തുകൂടുന്നു,
ഒരുവട്ടം വന്നപ്പോള്‍
ഞാനോര്‍ക്കുന്നു,

പച്ച ജാലകവിരിയുള്ള മുറിയ്ക്കുള്ളില്‍
കടന്നുവന്ന് മോഹിപ്പിച്ച്
കൂടെവിളിച്ച്, പിന്നെ
നരച്ചൊരു വരാന്തയില്‍വച്ച് ,
പാതിവഴിയില്‍ കൈവിടുവിച്ച്,
കളഞ്ഞിട്ടു പോയത്......

‍ഞാനിനിയും വരുകയാണ്,
വീണ്ടും നീ ജാലകം തുറന്ന്,
നല്ലനേരംനോക്കി കൈപിടിച്ചേറ്റി...
കൂടെ ഇടതുഭാഗത്തായി,
ഇരുത്തുമെന്നോര്‍ത്ത്......

എന്തിനീ കണ്ണുനീര്‍?
മറന്നേയ്ക്കുക, മരണമെന്ന,
ആരോ തന്നൊരാ പേര്,
പ്രണയമെന്ന് ഞാനത് തിരുത്തുട്ടെ......
കറുത്തപക്ഷത്തില്‍
ചുവപ്പു കടുത്ത് കറുത്തുപോയ,
എന്റെ പ്രണയം........

2010, ജൂലൈ 16, വെള്ളിയാഴ്‌ച

വെളുത്ത രക്തം

വെളുത്ത രക്തബിന്ദുക്കളാണ്,
കുടിയിറക്കപ്പെട്ടവളെന്ന് അടയാളപ്പെടുത്തുന്നത്.
ഞാനറിയാതെയാണ്,
അടയാളങ്ങള്‍ വന്നുവീണത്.
അന്ന് ഇറക്കിവിട്ടപ്പോള്‍,
മുറിഞ്ഞ് പൊടിഞ്ഞിറ്റിയതാണിത്.....

വെറുതെയൊന്ന് താഴേയ്ക്ക് നോക്കു,
അവിടെ ആ വാതില്‍പ്പടിയിലുണ്ട്,
വെളുത്ത പൊട്ടുകളായി,
ഉണങ്ങിയൊട്ടിയിരിക്കുന്നു,
വെള്ളത്തിലലിയാത്തവിധം.....

അന്ന് അതിറ്റുവീണപ്പോള്‍,
വെള്ള നിറം കയ്യില്‍ തൊട്ടെടുത്ത്,
മുഖത്തു മിന്നിച്ച ഭാവങ്ങള്‍,
തേഞ്ഞുപഴകിയ,
ഒരു ക്ലീഷേയെ ഓര്‍മ്മപ്പെടുത്തി.....

പലവുരു കേട്ടുപഴക്കമേറിപ്പോയതാണ്,
ചെവി കൊടുക്കാതെ തിടുക്കത്തില്‍,
ഇറങ്ങാനൊരുങ്ങിയപ്പോഴാണ്,
കൈത്തലത്തില്‍ കുരുക്കി,
ഇറയത്ത് കെട്ടിയിട്ട ഇരുന്പു ചങ്ങല,
ഒരു ചോദ്യമെറിഞ്ഞു തന്നത്......

തന്നേ പൊട്ടിച്ചുകൊള്‍കെന്ന നിന്റെ,
ദുശ്ശാഠ്യത്തിന് മുന്നില്‍ വിറച്ചുകൊണ്ടീ,
വലം കൈ പകരം കൊടുത്താണ്,
ഒടുക്കം ഞാനിറങ്ങിയത്.....
അപ്പോഴാണ് അവിടമാകെ ഇറ്റുവീണത്,
ആ വെളുത്ത അടയാളങ്ങള്‍......

ഇപ്പോഴും പൊടിഞ്ഞു തൂവുകയാണ്,
കുടിയറക്കപ്പെട്ടുവെന്ന്,
എല്ലായിടത്തും അടയാളപ്പെടുത്തിക്കൊണ്ട്,
ഇറ്റുവീഴുകയാണ്....
ഈ വെളുത്ത രക്തബിന്ദുക്കള്‍.....

2010, ജൂലൈ 6, ചൊവ്വാഴ്ച

ഉടയുന്ന ചിത്രങ്ങള്‍

ഏറെ ആര്‍ദ്രമെന്ന് തോന്നിയ്ക്കുന്ന,
ചില പറച്ചിലുകള്‍ക്കൊടുവില്‍,
ഒരു വാക്കു തട്ടി,
പഴയൊരു ചിത്രം കണ്ണില്‍ നിന്നൂര്‍ന്ന്,
നെഞ്ചില്‍ വീണ് ചിതറിയുടയുന്നു.....

പിന്നെ പഴമണമുള്ളൊരു കാറ്റില്‍
വീണ്ടുമെത്തുന്നു
ചില ദിശതെറ്റിയ വാക്കുകള്‍
കല്ലുകളുടെ വേഗത്തില്‍
പഴയ ചിത്രങ്ങളില്‍ച്ചെന്ന് തറഞ്ഞ്
ചിതറിച്ചുടയ്ക്കുന്നു

പറയുന്നുണ്ട്, ചില വാക്കുകള്‍
ചില്ലിട്ടുവച്ചേയ്ക്കരുതെന്ന്,
കണ്ണിലും മനസ്സിലും,
വെറുതെ മാറാല തൂങ്ങുന്ന,
ഭിത്തിയില്‍പ്പോലും.....

വീണ്ടും വീണ്ടും പറയുന്നുണ്ട്,
വീണ്ടുമിങ്ങനെ പഴമണമേറ്റി,
കാറ്റടിയ്ക്കുമെന്ന്.....
ദിക്കറിയാതെയാവും കാറ്റെത്തുക
ദിശയറിയാതെ വാക്കുകളുമെന്ന്....

എന്നുമിങ്ങനെ, ഇതാ....
അലിഞ്ഞുതീര്‍ന്നേയ്ക്കുമെന്ന്,
തോന്നിയ്ക്കുന്ന ചില ആദ്രതകള്‍
അവയ്ക്കിടയിലാണ്
മുരള്‍ച്ചയുമായി വാക്കുകളെ
വേര്‍പെടുത്തിയെടുത്ത്
വീണ്ടും വീണ്ടും
കാറ്റുവന്നെത്തുന്നത്.................

2010, ജൂൺ 27, ഞായറാഴ്‌ച

തീരം

കാതോര്‍ത്തിരിക്കയാണ് ഈ അനന്തതയ്ക്കരികെ,
ഇടയ്ക്കെങ്കിലും നീയൊന്ന്
ചിരിച്ചെങ്കിലെന്നോര്‍ത്ത്.....
വെറുതെയൊന്ന് വിതുന്പുകയെങ്കിലും
ചെയ്യുമെന്നോര്‍ത്ത്......
ഇന്നും ഓര്‍ക്കുന്നവെന്ന് കരുതിയൊരു
നെടുവീര്‍പ്പിടാന്‍....

അവിടെ അങ്ങേ അറ്റത്ത്
നോക്കിയാല്‍ കാണാത്തിടത്ത്
നിന്റെ പേര് നൂറാവര്‍ത്തി ഉരുവിട്ട്
ഞാനെന്റെ സ്വപ്നഭ്രൂണങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നു
വേലിയേറ്റങ്ങളില്‍ വെറുതെ ഒന്നു നനച്ചുപോന്നേയ്ക്കുക

ജനിയ്ക്കുന്പോള്‍ അവ നിന്നെത്തേടിയെത്തും,
നിന്റെ ഗാഡനീലിമയിലേയ്ക്കുതന്നെ വന്നിടും,
അവിടെവച്ചല്ലേ,
അമാവാസികളില്‍
നിന്റെ മൗനത്തിന്റെ വെളുത്തപൊട്ടുകളായി
ഞാനവരെ ഗര്‍ഭം ധരിച്ചത്.....

ഇടയ്ക്കൊന്ന് ആഞ്ഞടിച്ച് കയറി വന്നെങ്കില്‍,
ഉപ്പുപുളി പരത്തിയൊന്ന് നീറ്റിപ്പുകച്ചെങ്കില്‍
ശ്വാസത്തെ നെഞ്ചിലേയ്ക്കു തിരികെ വിളിച്ച്,
കണ്ണുകളിറുക്കിയടച്ച് അലിഞ്ഞുചേര്‍ന്നേയ്ക്കാം....

മൂന്നുനാള്‍ അപ്പുറം തിരികെ നീ ഈ
തീരമായ്ത്തന്നെ എറിഞ്ഞിട്ടുപോകുമെങ്കിലും,
കാതിലീ ഇരന്പവും കണ്ണിലീ അഗാധതയുമായി
ഞാന്‍ കാത്തിരിപ്പാണ്......

തീരമെന്ന, ഈ വിളി കേട്ട് മടുത്തിരിക്കുന്നു
ഈ വര്‍ഷത്തിലെങ്കിലും, കാറ്റുംകോളുമായി
എന്നിലേയ്ക്കുകൂടി ഒഴുകിപ്പരന്നേയ്ക്കുക...
ഇനിയും തീരമായിരിക്കേണ്ട.....
ആഴമില്ലാത്തൊരടിത്തട്ടെങ്കിലുമായ്ക്കി മാറ്റുക.....
അവളെ കടലെടുത്തുവെന്നവര്‍ വിളിച്ചുകൂവട്ടെ....

2010, ജൂൺ 16, ബുധനാഴ്‌ച

വീണ്ടും ഇതിഹാസ വായന

"മഴപെയ്യുന്നു മഴമാത്രമേയുള്ളു
കാലവര്‍ഷത്തിന്റെ വെളുത്തമഴ
മഴ ഉറങ്ങി, മഴ ചെറുതായി, രവി
ചാഞ്ഞുകിടന്നു, അയാള്‍ ചിരിച്ചു
അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം
ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി
രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു
മുകളില്‍ വെളുത്ത കാലവര്‍ഷം
പെരുവിരലോളം ചുരുങ്ങി
ബസ് വരുവാനായി രവി കാത്തുകിടന്നു...."

വായിച്ചാലും വായിച്ചാലും മതിവരാത്ത ഈ ഇതിഹാസത്തിന്റെ പുതുമ മാറാതെ വീണ്ടും വീണ്ടുമുള്ള വായനകള്‍, ഓരോ വായനയിലും അനാവൃതമാകുന്ന പുതിയ പുതിയ താളുകള്‍, കഥകള്‍... ഈ മഴക്കാലത്തും പതിവു തെറ്റിക്കാന്‍ കഴിഞ്ഞില്ല, ഒരേയിരുപ്പിലിരുന്ന് നേര്‍ത്തും പേര്‍ത്തും പെയ്യുന്ന മഴയുടെ പശ്ചാത്തലത്തില്‍ വീണ്ടുമൊരു വായന. മഴനനഞ്ഞ് തസറാക്കിലൂടെ നടന്ന യാത്രയുടെ തണുപ്പോര്‍മ്മിപ്പിച്ച താളുകള്‍....

ആദ്യവായനയില്‍ ഇതിഹാസം എന്നെനോക്കി കൊഞ്ഞനം കുത്തുകയായിരുന്നു, അറിയപ്പെടാത്ത കാലവും ലോകവും ചെതലിമലയേക്കാള്‍ വലുപ്പത്തില്‍ മുന്നിലങ്ങനെ നിന്നു. ഏഴാംക്ലാസിലെ ബുദ്ധി അതിന് പോരെന്ന് മനസ്സിലായപ്പോള്‍ വായന പലതവണയാവര്‍ത്തിച്ചു.

പത്താംക്ലാസ് പരീക്ഷയുടെ സ്റ്റഡി ലീവിനിടയിലും അമ്മയറിയാതെ പുസ്തകത്തിനിടയില്‍ വച്ച് വായിച്ചു, അന്നും അപ്പുക്കിളിമാത്രം കൂട്ടായി. എന്നാല്‍ പിന്നീട് അഞ്ചും ആറും വായിച്ചപ്പോള്‍ ഖസാക്കിലെ സൗന്ദര്യം എടുത്ത് മുന്നില്‍വച്ചപോലെ, പിന്നീടങ്ങോട്ട് വായനയുടെ വസന്തം.....

ഇപ്പോള്‍ ഈ മഴക്കാലത്ത് പത്താമത്തെ വായന. രവിയെന്ന് പലയാവര്‍ത്തി വായിക്കുമ്പോള്‍ മനസ്സിലെത്തുന്ന കഥാകാരന്റെ രൂപം. പണ്ടൊരു പഠനയാത്രക്കിടെ തസറാക്കിനെ കണ്ട ഓര്‍മ്മ, ആ വഴികളിലൂടെ കഥാകാരന്‍ നടക്കുന്നതിന്റെ താളം,

മുമ്പൊരിക്കല്‍ ടൗണ്‍ഹാളിലെ ഒരു പരിപാടിക്കിടെ അച്ഛന്‍ ഒവി വിജയനാണെന്ന് പറഞ്ഞ് സ്റ്റേജിലിരിക്കുന്നയാളിനെ ചൂണ്ടിക്കാണിച്ചുതന്ന ഓര്‍മ്മ, പിന്നീടൊരിക്കല്‍ നേരിട്ടുകണ്ടപ്പോള്‍ ഒരു പുസ്തകത്തില്‍ കയ്യൊപ്പു വാങ്ങിച്ചത്, അവസാനം മരണാനന്തരം അദ്ദേഹത്തിന് ലഭിച്ച ബഹുമതി ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന്റെ ഭാര്യ തെരേസ വിജയന്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ വന്നത്.

ആ പരിപാടിയ്ക്കിടെ അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ കേട്ട അളകനന്ദയുടെ റൊമാന്റിക് ശബ്ദം എല്ലാമിങ്ങനെ ഒരു തീരശീലയിലെന്നപോലെ ഒഴുകിപ്പോയിക്കൊണ്ടിരുന്നു. രവി അദ്ദേഹം തന്നെയാണോ, എങ്കിലും ചില കൃത്യമായ അകലങ്ങള്‍, അവധൂതനും, ഈഡിപ്പസും, അസ്ഥിത്വവാദിയും, അരാജകനുമെല്ലാം ചേര്‍ന്ന നായകസങ്കല്‍പം.

ബന്ധങ്ങള്‍ പ്രകൃതി, എല്ലാമുണ്ട് ഈ ഇതിഹാസത്തില്‍. ഓരോ വായനയിലും പുതിയ അനുഭവമായി നിത്യമായി പ്രണയിക്കാന്‍ വേണ്ടത്രയും ബിംബങ്ങളുള്ള ഇതിഹാസം.

മഴക്കാലത്തെ വായനകളാണ് ഇതിഹാസത്തെ എന്റെ മനസ്സില്‍ ഒരു ദേശത്തിന്റെ സ്മാരകമാക്കി മാറ്റിയത്. മഴക്കാറുതൂങ്ങുമ്പോള്‍ വെറുതേ കയ്യിലീ പുസ്തകവും പിടിച്ചിരിക്കുമ്പോള്‍ പ്രിയ കഥാകാരാ ഞാനാ സാന്നിധ്യമറിയുന്നു, വരണ്ടുണങ്ങിയ തസറാക്കില്‍ മഴപെയ്യുമ്പോഴുള്ള ഗന്ധം നിറയുന്നു ഇവിടെ ഈ മുറി നിറയെ