2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പൂര്‍ണവിരാമത്തിലേയ്ക്ക്

ഇരുണ്ട അകത്തളങ്ങളില്‍,
തേങ്ങി വിറച്ചൊരു കാറ്റ്....
പഴയ മാറാലകളില്‍,
മുഖം ചേര്‍ത്തു വിതുന്പുന്ന,
മൃത സ്മരണകളില്‍
ഒരു ചെറുതലോടലായി
വെറുതേ വേച്ചു വീശുന്നു.....

ദിക്കറിയാതെയലഞ്ഞൊ-
ടുക്കമീ പ്രണയം,
ഉള്‍ച്ചൂടേറ്റ്, മരണവേദനയില്‍,
കണ്ണീരായൊഴുകി,
ഉപ്പു പൊടിഞ്ഞ,
ചാലായുണങ്ങിക്കിടക്കുന്നു....

ഇനിയുമുണ്ട് വേപഥുപൂണ്ട
അടയാളങ്ങള്‍,
നിനക്കൊരിക്കലും വഴിതെറ്റാതിരിക്കാന്‍
നിരനിരയായി ഒരുക്കിവച്ചിരിക്കുന്നു.....
മുറ്റത്തുണ്ട് വേദനകളുടെ
ചില പടുമുളകള്‍,
മഴകാത്ത് വാടിക്കിടക്കുന്നു...

തെക്കേത്തൊടിയില്‍,
സ്വപ്നങ്ങളുടെ ചുടുകാട്...
അവിടെ ഇപ്പോഴുമുണ്ട്,
മുഴുവന്‍ മരിയ്ക്കാത്ത,
ചില സ്വപ്ന ശകലങ്ങള്‍....
വെറുതേ നീ വരുന്നതും കാത്ത്
കാലങ്ങളായി,
ചാരത്തില്‍ ഇടയ്ക്കൊന്ന് തിളങ്ങി,
ജീവനുണ്ടെന്ന് ഉറപ്പുവരുത്തുന്നു.....

ഇനി വെറുമൊരു തേങ്ങലിനു
മാത്രമേ ത്രാണിയുള്ളു
അതു ഞാനടക്കിപ്പിടിക്കുകയാണ്....
വെറുമൊരു തുള്ളിക്കണ്ണീരായി
എന്റെ പ്രണയം നിനക്ക് കൈമാറി
ഒന്നു ദീര്‍ഘമായ് തേങ്ങി
പിടച്ചിലില്ലാത്തൊരു പൂര്‍ണവിരാമത്തിലേയ്ക്ക്
ഞാന്‍ കാത്തിരിക്കയാണ്....

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

കറുപ്പിലും വെളുപ്പിലും

ഇരുട്ടിലും വെളിച്ചത്തിലും
തീര്‍ത്ത കള്ളികളില്‍
ആരോ കരുവാക്കിക്കളിയ്ക്കുന്നു.......
മറുഭാഗത്തുണ്ട് വിജയി,
ആര്‍ത്തുചിരിച്ച് വിജയമുറപ്പിക്കുന്നു...
കള്ളക്കരുനീക്കങ്ങളാണ്,
ഉള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന
ഏതോ കിരാത ചിന്തയിലേയ്ക്കുള്ള
വഴിവെട്ടുകയാണ്
ഓരോ കരുക്കളും....

ഓരോ തോല്‍വിയിലും
കരുവിനാണു പഴി .....
ഗുരുത്വമില്ലെന്ന പഴി.......
കളികഴിഞ്ഞരങ്ങൊഴിയുന്പോള്‍
തനിച്ചാണ്, വെറുതേയീ
കറുത്ത കള്ളികളില്‍ മാത്രം വിരലോടിച്ച്
നാളത്തെ മത്സരം വരെ കാത്തിരിക്കണം....

ജീവിതം! കരുവാക്കപ്പെടല്‍തന്നെ
കറുപ്പം വെളുപ്പം,
ഭാഗ്യവും നിര്‍ഭാഗ്യവുമായി,
കളി തുടരുന്പോള്‍,
നടുക്ക് ആരോ നീക്കിവച്ചൊരു
കരുവായി നിന്ന്.......
ഞാന്‍ നീ പറഞ്ഞതോര്‍ക്കുകയാണ്.....
ജീവിതമെന്നാല്‍ തനിയെ!
കളിക്കളത്തില്‍,
ബാക്കിയാവുന്നൊരൊറ്റക്കരുവോളം
തനിച്ച് ......

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

സ്വപ്നവേഴ്ച....!

രാത്രിമഴയുടെ കുളിരിനൊപ്പമാണ്....
കനത്ത കാലടികള്‍ അടുത്തേയ്ക്ക് വന്നത്,
കുത്തുവിളക്കിന്റെ നേര്‍ത്ത വെളിച്ചത്തിലാണ്.....
തറ്റുടുത്തിരിക്കുന്ന ഭീമശരീരം കണ്ടത്.....

പതുക്കെയെന്നെയെഴുന്നേല്‍പ്പിച്ചു-
കൊണ്ടാണടുത്തിരുന്നത്,
പരിചയപ്പെടല്‍ പോലുമില്ലാതെയാണ്
പറഞ്ഞുതുടങ്ങിയത്,
കഥകള്‍........
കുന്തി, അരക്കില്ലം, കര്‍ണ്ണന്‍,
ഹിഡുംബി, ഒടുവില്‍ പാഞ്ചാലപുത്രി.....
പിന്നെയെപ്പോഴോ കഥ നിലച്ചപ്പോഴാണ്
രണ്ടാമൂഴക്കാരനെന്ന ആത്മനിന്ദയുതിര്‍ന്നത്

കേട്ടിരിക്കവയ്യാതെയാണ്
ധീരമായൊരു പരിരംഭണത്തിന് മുതിര്‍ന്ന്
ശ്മശ്രുക്കള്‍ വളരാത്ത താടിയില്‍ത്തടവി
ചേര്‍ന്നിരുന്നത് .......
കാട്ടുപൂക്കള്‍ വീണ നദിക്കരയിലാണ്
ഒടുക്കം ഞാന്‍ തളര്‍ന്നുറങ്ങിയത്.......


ഫോണിന്റെ കിണുക്കം,
വല്ലാത്തൊരപശ്രുതിപോലെ
മധുരമായ തളര്‍ച്ചയിലേയ്ക്കുവന്നെന്നെ
ഉലച്ചുണര്‍ത്തി....

അങ്ങേത്തലയ്ക്കല്‍ നിന്റെ ശബ്ദം!
അകമേ വിറച്ചുകിടുങ്ങി-
യൊരു കാറ്റുവീശിയകന്നു....
വിശ്വാസവഞ്ചനയുടെ കുറ്റബോധം!
നീ സംശയിച്ചില്ലേ?
പതിവില്ലാത്ത എന്റെ സ്നേഹത്തെ!

നിന്റെ സല്ലാപത്തിനിടെയാണ്
തലയിണമാറി അത് പുറത്തുവന്നത്
ചുവന്ന പുറംചട്ടയില്‍ പാണ്ഡവരില്‍
രണ്ടാമന്റെ ഭൂതവടിവ് വരച്ച പുസ്തകം!
നിരാശയോടെയാണ് ഞാനതറിഞ്ഞത്
എല്ലാം ഒരു സ്വപ്നമായിരുന്നു......
വെറുമൊരു സ്വപ്നവേഴ്ച......!

2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

സ്വപ്നഭ്രൂണം

നേര്‍ത്തൊരു ചാറ്റല്‍ മഴയുടെ,
അകന്പടിയോടെയായിരുന്നു യാത്രപറച്ചില്‍...
അതേ മഴയാണ്......
പിന്നെ നിലച്ചതേയില്ല.......

തണുത്തുറഞ്ഞ,
സിമന്റുബെഞ്ചിലായിരുന്നു നമ്മള്‍,
എന്റെ തണുത്ത കൈത്തലം
മെല്ലെയെടുത്ത് മടിയില്‍വച്ചാണ്,
യാത്രയ്ക്ക് മുന്പേ നീയത് സമ്മാനിച്ചത്......

ഒരു സ്വപ്നഭ്രൂണം!
ഇവിടെ ഈ മഴത്തണുപ്പേല്‍ക്കാത,
ഞാനത് കാത്തുവച്ചിരിക്കയാണ്,
നിനക്കൊപ്പം വരുന്ന മഴയില്‍,
പതുക്കെ നനച്ചെടുത്ത്...
സ്വപ്നം മുളച്ച് വിടരുന്നതൊ-
രുമിച്ചിരുന്ന് കാണാന്‍.....

അകത്തിരുന്നതു വിതുന്പുന്നുണ്ടൊന്നു
വിടരാന്‍, പതുക്കെയൊന്ന് മുളച്ചുപൊങ്ങാന്‍,
മഴതീരും മുന്പ് വന്നേയ്ക്കുക...
കാറും കോളുമില്ലാതെ,
നനുത്തൊരു ചാറ്റല്‍മഴയെ കൂട്ടുവിളിച്ച്.....

2011, ജൂലൈ 3, ഞായറാഴ്‌ച

മകള്‍ക്ക്...

നെഞ്ചില്‍ച്ചേര്‍ത്തു കാത്തുവയ്ക്കവയ്യിനി,
വിരല്‍ത്തുന്പിലൊട്ടു പിടിച്ചിരിക്കയുമില്ല
നീ....വളര്‍ന്നിരിയ്ക്കുന്നു.....
മകളേ, നിന്നെ ഞാനെങ്ങനെ കാത്തുവെയ്ക്കേണ്ടു?
സ്വപ്നങ്ങളിലുണ്ട് നിന്റെ വളര്‍ച്ചയുടെ വഴികള്‍,
ഉള്ളില്‍ കരുത്തൂതിയിരുക്കിത്തന്നാണ്,
നിന്നെ ഞാന്‍ യാത്രയാക്കുന്നത്,
നിനക്കു നീ തന്നെ കാവലാള്‍....

വൈകീട്ട്, അമ്മയെന്നൊരു വിളി കേള്‍ക്കുവോളം,
പിന്നെ ഇരുട്ടിന്റെ മറ നീങ്ങും വരേയ്ക്കും,
വീണ്ടും പകലിന് നീളം കൂടിയെന്ന് ശപിച്ച്,
ഉരുകിയുരുകി കാത്തിരിക്കയാണമ്മ...........

പത്രത്തലക്കെട്ടുകള്‍, ചാനലില്‍ തത്സമയം....
പിച്ചിയെറിയപ്പെട്ടവരില്‍,
നിന്നെപ്പോലെയെത്രമക്കള്‍...
നീ വൈകുകയാണെന്നറിയേ,
അമ്മ നെഞ്ചിടറിച്ചെല്ലുന്നത്,
അലമാരയിലെ ഉഗ്രവിഷക്കുപ്പിയുടെ,
പാതിവഴിയോളം......

വയ്യ, അമ്മയ്ക്കിനിയും വയ്യ,
ദുസ്വപ്നങ്ങളില്‍,
ഭയത്തിന്റെയീ കട്ടപിടിച്ചോരിരുട്ടിലേയ്ക്ക്,
നീ തനിയെ പടിയിറങ്ങിപ്പോകുന്നു,
പിന്നെയെപ്പോഴോ കീറിപ്പറിഞ്ഞ് നീ,
തിരികെയെത്താനാവാതെ......

ഇനി നീ പതിയെ മടിയിലേയ്ക്ക് ചായുക,
അമ്മ നാവിലിറ്റിയ്ക്കാം ഒരു തുള്ളി വിഷം,
അമ്മിഞ്ഞപ്പാലെന്നുകരുതി നീ,
മധുരമായ് കുടിച്ചിറക്കുക....
നമുക്കൊരുമിച്ച് നടക്കാം...
ഒരുമിച്ച് ദഹിച്ചൊടുങ്ങാം...
സ്വപ്നങ്ങള്‍ നഷ്ടമായെങ്കിലെന്ത്?
നമ്മള്‍ ഇനി മാനഭംഗപ്പെടാത്തവര്‍....
മൃത്യുകൊണ്ട് മാനം മുറുകെപ്പിടിച്ചവര്‍.......

2011, മേയ് 8, ഞായറാഴ്‌ച

വിട..........

ഒടുവില്‍ നീ പറന്നകലന്നു.....
പൂകൊഴിഞ്ഞൊരീ ചില്ലയില്‍,
ചോര്‍ന്നൊലിക്കൊന്നൊരിക്കൂട്ടില്‍,
ഇനിയൊറ്റയെന്ന് ഞാന്‍,
വീണ്ടും ഉച്ചത്തില്‍ പറഞ്ഞു,
പഠിയ്ക്കട്ടെ..........

വിടപറച്ചില്‍,
ആവര്‍ത്തനങ്ങളിനിയും വയ്യ....
പഴയമുറിവുകള്‍,
വിങ്ങിത്തുടങ്ങിയപ്പോള്‍,
ഞാനൊളിച്ചോടിയതാണ്.........
നെഞ്ചില്‍ ഞെരിഞ്ഞുപൊട്ടുന്ന,
ഒരു തുണ്ടുവേദനയുമായി ........

ചിലച്ചുപറന്ന്, കൊത്തിപ്പിരിഞ്ഞ്
വീണ്ടും ചിക്കിച്ചികഞ്ഞടുത്തുവന്ന്
മഴയിലും മഞ്ഞിലും നമ്മളീ
മരച്ചില്ലയില്‍ കാലംകഴിച്ചത്....

ഒടുവില്‍ പുതിയൊരു പൂമരം,
അവിടെയകലെ നിന്നെ വിളിക്കുന്നു...
ഇവിടെ വരാന്‍വൈകുന്നൊരു,
വസന്തത്തെക്കാതോര്‍ത്ത്,
ഞാനും....


നമ്മള്‍ ഒരിക്കലും പിരിയുന്നില്ലെന്ന് പറഞ്ഞ് എന്റെ മേരി ഇന്നു പോകുന്നു....കടങ്ങളും കടപ്പാടുകളും ബാക്കി

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

സ്വപ്നം

ചില സ്വപ്നങ്ങള്‍,
ചാരം മാറി തിളങ്ങുന്ന,
പകയുടെ കനല്‍പോലെ.....
സമ്മതം തേടാതെ,
തുറന്നിട്ട ജാലകപ്പാളിയിലൂടെ,
അകത്തേയ്ക്ക്.....

പതുക്കെ ഒരു നിഴലുപോലെ,
അടുത്ത് വന്നിരിക്കുന്പോള്‍,
ശരിയ്ക്കും ഒരു സുന്ദരസ്വപ്നത്തിന്റെ ഭാവം.....
വൈകാതെ പുറത്തേയ്ക്കു നീളുന്ന കൂര്‍ത്തനഖം!
പുതിയ മുറിവുകള്‍ എഴുതിച്ചേര്‍ക്കാനുള്ള
ഒരുക്കം കൂട്ടല്‍!
രക്ഷതേടിഓടുന്പോള്‍ പിന്നാലെ കൂടി,
ഓടിയാലെത്താത്ത
വഴികളില്‍
പഴയമുറിവുകളുടെ
പൊറ്റപൊളിച്ചിട്ട്
തടസ്സപ്പെടുത്തുന്നു....

അടര്‍ന്നുവീഴുന്ന പൊറ്റകള്‍
അകത്തിപ്പോഴും
ചോരപൊടിയുന്നുവെന്നോര്‍മ്മിപ്പിച്ച്
ഇരുട്ടില്‍ ചുവന്നു തിളങ്ങുന്നു.......

ഹൃദയം പകുത്തെടുത്ത്
ചോരനനവുള്ള
നഖം കൊണ്ട് വീണ്ടും വീണ്ടും കോറിവരച്ച്
ഒടുക്കം തളര്‍ന്നുവീഴുന്പോള്‍
കയ്യൊഴിഞ്ഞ്,
യാത്രപറച്ചില്‍പോലുമില്ലാതെ, സ്വപ്നം
അതേ ജാലകപ്പാളിയിലൂടെ
തിടുക്കത്തില്‍ കടന്നു പോകുന്നു

പിന്നില്‍ ചോരതൂവന്ന പുതിയ മുറിവും,
നഗ്നമാക്കപ്പെട്ട പഴയ മുറിവുമായി,
ഉഷ്ണം തിളയ്ക്കുന്ന വേനലില്‍,
ഉറക്കമില്ലാതെ........

2011, മാർച്ച് 10, വ്യാഴാഴ്‌ച

വാക വേനലിനോട്

പതിവില്ലാതെ ഒരാര്‍ദ്ര ഭാവം!
നീയൊന്ന് പൊള്ളിച്ച് ചുവപ്പിക്കുമെന്ന്
കരുതിയാണ്,
പുല്‍കാന്‍ നീട്ടിയ കൈത്തലത്തില്‍,
ഞാനൊന്നുമമ്മവച്ചത്....

തണുത്തിരിക്കുന്നു പതിവില്ലാത്തവിധം,
നഷ്ടമായിരിക്കുന്നു പഴയ വന്യത,
മോഹിക്കാന്‍,
വളരെനേര്‍ത്തൊരു വിയര്‍പ്പുമണം മാത്രം.......
അതിനപ്പുറം വേനല്‍.......
നീ വല്ലാതെ നരച്ചിരിക്കുന്നു........

ഒരു ചെന്പൂവിതള്‍ പോലുമില്ലാതെ,
ഞാനും നരച്ചിരിക്കുന്നു.....
നിന്റെ ചെങ്കനല്‍ത്തിളക്കം കാത്താണ്,
മഴയും മഞ്ഞുമേറ്റ് , ഞാനിരുന്നത്,
നീ ചൂടേറ്റിയൊന്നു തഴുകുക,
ഉഷ്ണം പഴുത്ത് ഞാനൊന്ന് പൊള്ളി വിറയ്ക്കട്ടെ,
വേവില്‍ പഴയ വേനല്‍ച്ചുവപ്പൊന്നു-
ള്ളിലോര്‍ത്ത് സ്വയം മറക്കട്ടെ......

വിയര്‍പ്പില്‍ കടും ചുവപ്പ് ചാലിച്ച്,
ചൂടേറ്റിയൊന്നാഞ്ഞുപുല്‍കി,
ഒരു പൂക്കാലം തരുക,
അതു നിന്റെ പ്രണയമാണെന്ന്,
അടയാളപ്പെടുത്തുക..........
എനിയ്ക്കൊന്ന് വിടരാന്‍ വെന്പലായി..............

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

സ്മരണകളിലെ ചിദംബരസ്മരണ......

പണ്ടെന്നോ മനസ്സില്‍ കൊണ്ടു നടക്കുകയും പിന്നീടെപ്പോഴോ മറക്കുകയും ചെയ്ത ഒരു പേരായിരുന്നു ചിദംബരസ്മരണ, അടുത്തിടെ സഹപ്രവര്‍ത്തകനാണ് വീണ്ടും ഈ വാക്ക് ഓര്‍മ്മയില്‍ കോറിയിട്ടത്.

സംസാരത്തിനിടയില്‍ എപ്പോഴോ കൂട്ടുകാരനോട് ഞാനതിനെക്കുറിച്ചു പറഞ്ഞു. വായിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അവനും പറഞ്ഞു. പിന്നെ അത് വീണ്ടും മറവിയില്‍, പക്ഷേ അധികം വൈകാതെ, പിന്നീട് ഒന്ന് ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യാതെ പുതുവര്‍ഷസമ്മാനമായി അവനത് കൊണ്ടുവന്നിരിക്കുന്നു.

ചിദംബരസ്മരണ- ബാലചന്ദ്രന്‍ ചുള്ളിക്കാട്- കടുംചുവപ്പ് നിറത്തിലെ ഈ അക്ഷരങ്ങള്‍ കണ്ടപ്പോഴേ എന്തോ സ്വന്തമാക്കിയ സന്തോഷത്തിലായിരുന്നു മനസ്സ്.

വല്ലാത്ത ഒരാവേശത്തോടെ പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ പ്രിയകവിയോട് പണ്ടേയുള്ള ആരാധന വീണ്ടും വാനോളം ഉയര്‍ന്നു . വെറുതെ സിനിമകളില്‍ കണ്ടു ശീലിച്ച ജീവിത്തത്തിന്റെ ഒരേട് ജീവിച്ചുതീര്‍ത്ത ഒരാള്‍...... എല്ലാം വിളിച്ചുപറയുന്ന ചിദംബരസ്മരണയിലെ തന്റേടം കൂടിയായതോടെ ആരാധന കത്തിപ്പടര്‍ന്നു............

ആരോടെങ്കിലുമൊക്കെ പറയാനുള്ള വെപ്രാളത്തില്‍, വായിച്ചുതീര്‍ത്തതും ഞാന്‍ ചിദംബരസ്മരണയെക്കുറിച്ച് സഹമുറിയത്തികളോട് പറഞ്ഞു( വായനയില്‍ അധികം താല്‍പര്യമില്ലാത്തവരാണെങ്കിലും). സ്വാഭാവികമായും പുസ്തകത്തിലെ ചില ഭാഗങ്ങളെ അവര്‍ അസന്മാര്‍ഗികമെന്ന് അടയാളപ്പെടുത്തി.

ഇതെഴുതിയാള്‍ തോന്ന്യാസിയെല്ലേ പിന്നെ നീയെങ്ങനെ ആരാധിക്കുന്നു എന്ന് ഒരാള്‍, ഇയാളാണോ ആരാധിക്കപ്പെടുന്ന കവിയെന്നായി മറ്റേയാള്‍. ഒടുക്കം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആരാധികയെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള എന്നെയവര്‍ അവജ്ഞയോടെ നോക്കുന്നു.

നിങ്ങളെല്ലാം വെറും പകല്‍ മാന്യര്‍ എന്ന മൂര്‍ച്ചയുള്ള ഒരു ആയുധം അവര്‍ക്കെതിരെ പ്രയോഗിച്ച് ഞാന്‍ നിരാശയോടെ തിരിഞ്ഞുകിടന്നുറങ്ങി.

പലരും പറയാന്‍ മടിയ്ക്കുന്നത് അദ്ദേഹമിങ്ങനെ തുറന്നെഴുതുന്പോള്‍ അവജ്ഞയുടേയോ അശ്ലീലത്തിന്റേതോ ആയ ഒരു കണം പോലും നമ്മുടെ മനസ്സിലേയ്ക്ക് വരില്ല. പച്ചയായ മനുഷ്യ മനസ്സ് ഇങ്ങനെയൊക്കെത്തന്നെയെന്ന് നമ്മള്‍ അടിവരയിടും.

ചിദംബരം ക്ഷേത്രത്തില്‍ അദ്ദേഹം കണ്ട വൃദ്ധ ദന്പതികള്‍, വിജലക്ഷ്മി ടീച്ചറെ ഗര്‍ഭച്ഛിദ്രം നടത്തിച്ചത്. ചൈനീസ് തിരുമ്മുകേന്ദ്രത്തില്‍ ശിശുവിന്റെ നിഷ്കളങ്കതയോടെ അദ്ദേഹം തിരുമ്മുകാരായ പെണ്ണുങ്ങള്‍ക്ക് മുന്നില്‍ നഗ്നനായി കിടന്നത്, തിരുവോണ ദിവസം വിശന്ന് വലഞ്ഞ് ഭക്ഷണം ഇരന്നത്....
മുലപ്പാല്‍ ഇരന്നകുടിച്ചത്.........അങ്ങനെ അങ്ങനെ അതിശയത്തിനപ്പുറം പലപ്പോഴും കണ്ണീരണിയിച്ച എത്രയെത്ര മുഹൂര്‍ത്തങ്ങള്‍............

ഭ്രൂണഹത്യ മുതല്‍ ഒഴിവുകാലം വരെയുള്ള 153 ഓര്‍മ്മയുടെ ശകലങ്ങള്‍ വായിച്ചുകഴിയുന്പോഴേയ്ക്കും എവിടെയൊക്കെയേ സഞ്ചരിച്ചുവന്നപോലൊരു പ്രതീതി, അതിശയിപ്പിച്ചും ആശങ്കപ്പെടുത്തിയും കരയിച്ചും കടന്നുപോകുന്ന താളുകള്‍.............

അവസാനം 'കൂട്ടുകാരിയ്ക്കെന്ന്' അവന്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന താളില്‍ എത്തിയപ്പോള്‍ വായന കഴിഞ്ഞുപോയെന്ന നിരാശ, സംശയിക്കാനില്ല തീര്‍ച്ചായായും നമ്മള്‍ നിരാശപ്പെടും വീണ്ടും ആ താളുകളിലേയ്ക്ക് തിരിച്ചുപോകും......

മലമുകളിലെ ക്ഷേത്രത്തിലേയ്ക്കുള്ള യാത്രക്കിടയിലാണ് ഞാനവന് ചിദംബരസ്മരണകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്. നമുക്കിങ്ങനെ adventurous ആകാന്‍ കഴിഞ്ഞില്ലല്ലോയെന്ന് ഞാന്‍ നിരാശപ്പെട്ടു. മുട്ടില്ലാതെ ഉണ്ടും ഉടുത്തും പഠിച്ചും...... അവസാനം കൂട്ടുകാരനായി ഒരാളെകണ്ടുപിടിച്ചുവെന്ന് ചെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അതും അംഗീകരിച്ച അച്ഛനും അമ്മയ്ക്കും മുന്നില്‍ എനിയ്ക്കൊരിക്കലും adventurous ആകാന്‍ കഴിഞ്ഞില്ല. ഒന്നിനുവേണ്ടിയും വിപ്ലവമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അവനാകട്ടെ പ്രണയത്തെ എതിര്‍ത്താല്‍ വീട്ടില്‍ വിപ്ലവമുണ്ടാക്കാമെന്ന് കരുതിയിറങ്ങി, പക്ഷേ കേട്ടപ്പഴേ സമ്മതം മൂളി അമ്മ അവനെ തോല്‍പ്പിച്ചു.

ഓര്‍മ്മകളില്‍ നിന്നടര്‍ന്നുമാറി സീറ്റില്‍ ചാരിക്കിടന്ന് വീണ്ടും ഞാന്‍ ചിദംബരസ്മരകളിലേയ്ക്ക് മടങ്ങി. പുസ്തകത്തില്‍ പലേടത്തും എഴുത്തുകാരന്റെ മനസ്സിനൊപ്പം നമുക്ക് ശക്തിയുള്ള സാന്നിധ്യമായി കണ്ടെത്താന്‍ കഴിയുന്ന ഒരാളുണ്ട്, അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മിട്ടീച്ചര്‍. പുസ്തകം നിറയെ ഇരുവരുടെയും സാന്നിധ്യം അര്‍ധനാരീശ്വരശക്തി പോലെയാണ് തോന്നിയത്.

അവസാനം ചിന്തകള്‍ക്കൊടുവില്‍ ഈ വിജയലക്ഷ്മി ടീച്ചറെ സമ്മതിയ്ക്കണം എന്ന് പറഞ്ഞപ്പോള്‍ നിനക്കും ഭാവിയില്‍ വിജയലക്ഷ്മിട്ടീച്ചറെപ്പോലെ ഒരു മാതൃകാഭാര്യയാകാമെന്ന് അവന്റെ കമന്റ്, എന്നിലെ സ്വാര്‍ത്ഥ ഞെട്ടി, മനസ്സില്‍ ആധി കയറി......ആശങ്ക മറച്ച് ഞാന്‍ തട്ടിവിട്ടു. അതിന് താന്‍ ആരാധ്യനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് അല്ലല്ലോ? ചോദ്യം തീരും മുന്പേ ഗിയറിന് മുകളില്‍ അവന്റെ കൈക്കുള്ളില്‍ക്കിടന്ന് എന്റെ വലംകൈ ഞെരിഞ്ഞമര്‍ന്നു...........

ആ സുഖമുള്ള വേദനയില്‍ ഞാന്‍ വീണ്ടും ചിദംബരസ്മരണകളില്‍ക്കുരുങ്ങി. മെലിഞ്ഞുനീണ്ട് മുഷിഞ്ഞ വസ്ത്രം ധരിച്ച് മദ്യക്കുപ്പിസൂക്ഷിച്ച തോള്‍സഞ്ചിയും തൂക്കി ഒരാള്‍ ഓര്‍മ്മകളുടെ പടലങ്ങളില്‍ കവിതചൊല്ലി നടക്കുന്നു.............. എന്റെ പ്രിയകവി..........

ക്ഷേത്രത്തിനടുത്ത് വണ്ടി നിര്‍ത്തി അവനെന്നെ തട്ടിവിളിച്ചു.......ആകാശം അപ്പോള്‍ ചിദംബരസ്മരണകളുടെ പുറം ചട്ടപോലെ ചുവന്നു തുടുത്തിരുന്നു.......

നിൻ തുറമുഖത്തിലണയുകയാണെൻ
ക്ഷുഭിതയൗവ്വനത്തിൻ ലോഹനൗകകൾ ............. കവിതാശകലം ഞങ്ങള്‍ക്കുചുറ്റും സ്വയം മൂളിക്കൊണ്ടിരുന്നു....

ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു- അദ്ദേഹം പറഞ്ഞതെത്രസത്യമാണ്.

-------------------------
ഇത്
എന്റെ പ്രണയത്തില്‍ രക്തച്ചുവപ്പ് ചാലിക്കുന്നവന്

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

രക്തനക്ഷത്രം

എന്നും ഓര്‍ത്തു കണ്ണീര്‍ പൊഴിയ്ക്കാന്‍
ഒരു രക്തനക്ഷത്രം
ക്രൂരതയുടെ കൈകളില്‍ ‍
പിടഞ്ഞു തീര്‍ന്നൊരു ശുഭ്ര ബിന്ദു

നിനക്കൊന്നുറക്കെ ശപിയ്ക്കാമായിരുന്നു
പിന്നില്‍ ബാക്കിയാവുന്ന ലോകത്തെ
ഇനി പെണ്‍പിറവിയില്ലാതെയാകാന്‍
ഇനിയും നെഞ്ചുവേവുന്ന അമ്മമാര്‍ക്കൊന്നു
സ്വയം മറന്നുറങ്ങാന്‍

ആരുണ്ടറിയാന്‍?
ഇരുന്പുപാളത്തില്‍ ഞെരിഞ്ഞമര്‍ന്ന-
നിന്റെ പിടിച്ചില്‍,
പ്രജ്ഞയറ്റ നിന്നമ്മതന്‍ വേവ്,
കാലവായ് നിന്ന കൂടപ്പിറപ്പിന്റെ തേങ്ങല്‍.......

ഇനി പൊതുദര്‍ശനം,
വിലാപയാത്ര,
അനുശോചനങ്ങള്‍,
ഒടുവില്‍ നാളുകള്‍ക്കകം,
നീ വെറുമൊരോര്‍മ്മ,
വരും വര്‍ഷത്തില്‍,
വെറുമൊരു ഓര്‍മ്മദിനം.....
പതിയെ മറവിയുടെ കയങ്ങളില്‍........

ഇനിയുമുണ്ടാകാം
നിനക്ക് ആവര്‍ത്തനങ്ങള്‍
അനുഭവത്താല്‍ നിനക്ക് അനിയത്തിമാരാകാന്‍
വിധിക്കപ്പെട്ടവര്‍

റാഞ്ചിപ്പറക്കാന്‍ കാത്തിരിക്കവാം
ഇരുട്ടിലും പകലിലും
വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍
അമ്മയുടെ നിഴല്‍ മാറുന്ന വേളയില്‍
ഇനിയും സ്വപ്നങ്ങളിവിടെ പിടഞ്ഞുമരിയ്ക്കും

( സൗമ്യയ്ക്ക്)

2011, ജനുവരി 19, ബുധനാഴ്‌ച

നിഴല്‍

ജീവിച്ചിരിക്കുന്നുവെന്നോര്‍മ്മിപ്പിച്ച്,
മുന്നിലും പിന്നിലുമായി,
ഇടയ്ക്ക് നീണ്ടും ഇടക്ക് കുറുകിയും,
ഇരുണ്ടും തെളിഞ്ഞും,
നിഴല്‍ .........

തനിച്ചു നടക്കുന്പോള്‍ ഒരിട,
കാലിനടയിലേയ്ക്ക് ചുരുങ്ങി,
തെല്ലിട കഴിഞ്ഞ്,
ഞാന്‍ മാത്രമേ സ്വന്താമായുള്ളുവെന്ന്
ധാര്‍ഷ്ട്യം കാണിച്ച്,
ഇരട്ടിവലിപ്പത്തില്‍ നീണ്ടു നിവര്‍ന്ന്
കറുത്ത നിഴല്‍......

ചിലപ്പോള്‍,
കൈപിടിച്ചെന്നപോലെ നടത്തി,
പിന്നെയും മുന്നോട്ടായുന്പോള്‍,
പേടിച്ച് പിന്നോക്കം മാറി,
മറപറ്റി നടന്ന്,
വീണ്ടും കാലിനടിയിലേയ്ക്ക് ചുരുങ്ങി,
ഒറ്റയാണെന്നോര്‍മ്മിപ്പിച്ച്,
നിഴല്‍,

നിഴല്‍ മാത്രമാണ്,
നിഴല്‍ മാത്രമേയുള്ളു,
നിഴലുപോലെ,
നിഴലായി നില്‍ക്കാന്‍....‍.
ജീവനുണ്ടെന്നോര്‍മ്മപ്പെടുത്താന്‍....

നോക്കൂ... നിന്നെ ‍ഞാനെന്നിലേയ്ക്കു
ചേര്‍ത്തിരുന്പാണി തറയ്ക്കുന്നു,
വെളിച്ചം മാറുന്നവേളയില്‍,
എന്നെ കളഞ്ഞിട്ടു പോകാതിരിക്കാന്‍,
ജീവനുണ്ടെന്ന് ഇടയ്ക്കെനിയ്ക്കൊന്ന്,
ഓര്‍ത്തെടുക്കാന്‍.....

2011, ജനുവരി 3, തിങ്കളാഴ്‌ച

വീണ്ടുമൊഴുകുന്ന നദി

നീയില്ലാ നേരത്ത്,
പഴയ വേവിന്റെ കനലൂതിത്തെളിച്ച്,
ദിശതെറ്റിയൊരു കാറ്റുവന്നലച്ചു.......
പൊടുന്നനെയാണ്,
നിശ്ചലമായ നദി പിടഞ്ഞുണര്‍ന്ന്,
ഉപ്പുനീരിന്റെ ഗന്ധം പരത്തി,
വീണ്ടും തിളച്ചുമറിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്...

നീയില്ലാതെ തനിയെ ഞാനതില്‍,
വീണ്ടും പാതി വെന്ത് വികൃതയായൊഴുകി....
പഴയ കിനാക്കള്‍, കനല്‍വഴി,
വിഷം പടര്‍ന്ന് തീരം കരിച്ച
അതേ നദി......

നീ കൈവഴിയായി ചേരുന്ന
ഈയിടം വരെ ഞാന്‍
വിഷം തീണ്ടി പാതി വെന്തൊഴുകി,
ഒടുവില്‍ നിന്റെ തെളിനീര്‍, തണുപ്പ്,
എന്നെയും നെഞ്ചിലേറ്റി,
പതുക്കെ വഴിമാറിയൊഴുകുന്പോള്‍,
പഴയകാറ്റ് തിരികെ വീശാന്‍ തുടങ്ങി.....

എന്റെ കണ്ണീരുപ്പ് വീണ്ടും
പടര്‍ന്നപ്പൊഴാണ്
നീ പറഞ്ഞത്
കാറ്റുകാണാ അഗാധതയിലാണ്
നമ്മളൊന്നിച്ചൊഴുകുന്നതെന്ന്,
വിഷം തീണ്ടി നീലിച്ചൊരീ കൈവഴി,
നീ നിന്നിലലിയിച്ച്.....
മറ്റൊരു നദിയായ് ഒഴുകിത്തുടങ്ങിയെന്ന്....