2011 ഫെബ്രുവരി 12, ശനിയാഴ്‌ച

സ്മരണകളിലെ ചിദംബരസ്മരണ......

പണ്ടെന്നോ മനസ്സില്‍ കൊണ്ടു നടക്കുകയും പിന്നീടെപ്പോഴോ മറക്കുകയും ചെയ്ത ഒരു പേരായിരുന്നു ചിദംബരസ്മരണ, അടുത്തിടെ സഹപ്രവര്‍ത്തകനാണ് വീണ്ടും ഈ വാക്ക് ഓര്‍മ്മയില്‍ കോറിയിട്ടത്.

സംസാരത്തിനിടയില്‍ എപ്പോഴോ കൂട്ടുകാരനോട് ഞാനതിനെക്കുറിച്ചു പറഞ്ഞു. വായിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അവനും പറഞ്ഞു. പിന്നെ അത് വീണ്ടും മറവിയില്‍, പക്ഷേ അധികം വൈകാതെ, പിന്നീട് ഒന്ന് ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യാതെ പുതുവര്‍ഷസമ്മാനമായി അവനത് കൊണ്ടുവന്നിരിക്കുന്നു.

ചിദംബരസ്മരണ- ബാലചന്ദ്രന്‍ ചുള്ളിക്കാട്- കടുംചുവപ്പ് നിറത്തിലെ ഈ അക്ഷരങ്ങള്‍ കണ്ടപ്പോഴേ എന്തോ സ്വന്തമാക്കിയ സന്തോഷത്തിലായിരുന്നു മനസ്സ്.

വല്ലാത്ത ഒരാവേശത്തോടെ പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ പ്രിയകവിയോട് പണ്ടേയുള്ള ആരാധന വീണ്ടും വാനോളം ഉയര്‍ന്നു . വെറുതെ സിനിമകളില്‍ കണ്ടു ശീലിച്ച ജീവിത്തത്തിന്റെ ഒരേട് ജീവിച്ചുതീര്‍ത്ത ഒരാള്‍...... എല്ലാം വിളിച്ചുപറയുന്ന ചിദംബരസ്മരണയിലെ തന്റേടം കൂടിയായതോടെ ആരാധന കത്തിപ്പടര്‍ന്നു............

ആരോടെങ്കിലുമൊക്കെ പറയാനുള്ള വെപ്രാളത്തില്‍, വായിച്ചുതീര്‍ത്തതും ഞാന്‍ ചിദംബരസ്മരണയെക്കുറിച്ച് സഹമുറിയത്തികളോട് പറഞ്ഞു( വായനയില്‍ അധികം താല്‍പര്യമില്ലാത്തവരാണെങ്കിലും). സ്വാഭാവികമായും പുസ്തകത്തിലെ ചില ഭാഗങ്ങളെ അവര്‍ അസന്മാര്‍ഗികമെന്ന് അടയാളപ്പെടുത്തി.

ഇതെഴുതിയാള്‍ തോന്ന്യാസിയെല്ലേ പിന്നെ നീയെങ്ങനെ ആരാധിക്കുന്നു എന്ന് ഒരാള്‍, ഇയാളാണോ ആരാധിക്കപ്പെടുന്ന കവിയെന്നായി മറ്റേയാള്‍. ഒടുക്കം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആരാധികയെന്ന് സ്വയം വിശേഷിപ്പിക്കാറുള്ള എന്നെയവര്‍ അവജ്ഞയോടെ നോക്കുന്നു.

നിങ്ങളെല്ലാം വെറും പകല്‍ മാന്യര്‍ എന്ന മൂര്‍ച്ചയുള്ള ഒരു ആയുധം അവര്‍ക്കെതിരെ പ്രയോഗിച്ച് ഞാന്‍ നിരാശയോടെ തിരിഞ്ഞുകിടന്നുറങ്ങി.

പലരും പറയാന്‍ മടിയ്ക്കുന്നത് അദ്ദേഹമിങ്ങനെ തുറന്നെഴുതുന്പോള്‍ അവജ്ഞയുടേയോ അശ്ലീലത്തിന്റേതോ ആയ ഒരു കണം പോലും നമ്മുടെ മനസ്സിലേയ്ക്ക് വരില്ല. പച്ചയായ മനുഷ്യ മനസ്സ് ഇങ്ങനെയൊക്കെത്തന്നെയെന്ന് നമ്മള്‍ അടിവരയിടും.

ചിദംബരം ക്ഷേത്രത്തില്‍ അദ്ദേഹം കണ്ട വൃദ്ധ ദന്പതികള്‍, വിജലക്ഷ്മി ടീച്ചറെ ഗര്‍ഭച്ഛിദ്രം നടത്തിച്ചത്. ചൈനീസ് തിരുമ്മുകേന്ദ്രത്തില്‍ ശിശുവിന്റെ നിഷ്കളങ്കതയോടെ അദ്ദേഹം തിരുമ്മുകാരായ പെണ്ണുങ്ങള്‍ക്ക് മുന്നില്‍ നഗ്നനായി കിടന്നത്, തിരുവോണ ദിവസം വിശന്ന് വലഞ്ഞ് ഭക്ഷണം ഇരന്നത്....
മുലപ്പാല്‍ ഇരന്നകുടിച്ചത്.........അങ്ങനെ അങ്ങനെ അതിശയത്തിനപ്പുറം പലപ്പോഴും കണ്ണീരണിയിച്ച എത്രയെത്ര മുഹൂര്‍ത്തങ്ങള്‍............

ഭ്രൂണഹത്യ മുതല്‍ ഒഴിവുകാലം വരെയുള്ള 153 ഓര്‍മ്മയുടെ ശകലങ്ങള്‍ വായിച്ചുകഴിയുന്പോഴേയ്ക്കും എവിടെയൊക്കെയേ സഞ്ചരിച്ചുവന്നപോലൊരു പ്രതീതി, അതിശയിപ്പിച്ചും ആശങ്കപ്പെടുത്തിയും കരയിച്ചും കടന്നുപോകുന്ന താളുകള്‍.............

അവസാനം 'കൂട്ടുകാരിയ്ക്കെന്ന്' അവന്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന താളില്‍ എത്തിയപ്പോള്‍ വായന കഴിഞ്ഞുപോയെന്ന നിരാശ, സംശയിക്കാനില്ല തീര്‍ച്ചായായും നമ്മള്‍ നിരാശപ്പെടും വീണ്ടും ആ താളുകളിലേയ്ക്ക് തിരിച്ചുപോകും......

മലമുകളിലെ ക്ഷേത്രത്തിലേയ്ക്കുള്ള യാത്രക്കിടയിലാണ് ഞാനവന് ചിദംബരസ്മരണകളെക്കുറിച്ച് പറഞ്ഞുകൊടുത്തത്. നമുക്കിങ്ങനെ adventurous ആകാന്‍ കഴിഞ്ഞില്ലല്ലോയെന്ന് ഞാന്‍ നിരാശപ്പെട്ടു. മുട്ടില്ലാതെ ഉണ്ടും ഉടുത്തും പഠിച്ചും...... അവസാനം കൂട്ടുകാരനായി ഒരാളെകണ്ടുപിടിച്ചുവെന്ന് ചെന്ന് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അതും അംഗീകരിച്ച അച്ഛനും അമ്മയ്ക്കും മുന്നില്‍ എനിയ്ക്കൊരിക്കലും adventurous ആകാന്‍ കഴിഞ്ഞില്ല. ഒന്നിനുവേണ്ടിയും വിപ്ലവമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അവനാകട്ടെ പ്രണയത്തെ എതിര്‍ത്താല്‍ വീട്ടില്‍ വിപ്ലവമുണ്ടാക്കാമെന്ന് കരുതിയിറങ്ങി, പക്ഷേ കേട്ടപ്പഴേ സമ്മതം മൂളി അമ്മ അവനെ തോല്‍പ്പിച്ചു.

ഓര്‍മ്മകളില്‍ നിന്നടര്‍ന്നുമാറി സീറ്റില്‍ ചാരിക്കിടന്ന് വീണ്ടും ഞാന്‍ ചിദംബരസ്മരകളിലേയ്ക്ക് മടങ്ങി. പുസ്തകത്തില്‍ പലേടത്തും എഴുത്തുകാരന്റെ മനസ്സിനൊപ്പം നമുക്ക് ശക്തിയുള്ള സാന്നിധ്യമായി കണ്ടെത്താന്‍ കഴിയുന്ന ഒരാളുണ്ട്, അദ്ദേഹത്തിന്റെ ഭാര്യ വിജയലക്ഷ്മിട്ടീച്ചര്‍. പുസ്തകം നിറയെ ഇരുവരുടെയും സാന്നിധ്യം അര്‍ധനാരീശ്വരശക്തി പോലെയാണ് തോന്നിയത്.

അവസാനം ചിന്തകള്‍ക്കൊടുവില്‍ ഈ വിജയലക്ഷ്മി ടീച്ചറെ സമ്മതിയ്ക്കണം എന്ന് പറഞ്ഞപ്പോള്‍ നിനക്കും ഭാവിയില്‍ വിജയലക്ഷ്മിട്ടീച്ചറെപ്പോലെ ഒരു മാതൃകാഭാര്യയാകാമെന്ന് അവന്റെ കമന്റ്, എന്നിലെ സ്വാര്‍ത്ഥ ഞെട്ടി, മനസ്സില്‍ ആധി കയറി......ആശങ്ക മറച്ച് ഞാന്‍ തട്ടിവിട്ടു. അതിന് താന്‍ ആരാധ്യനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് അല്ലല്ലോ? ചോദ്യം തീരും മുന്പേ ഗിയറിന് മുകളില്‍ അവന്റെ കൈക്കുള്ളില്‍ക്കിടന്ന് എന്റെ വലംകൈ ഞെരിഞ്ഞമര്‍ന്നു...........

ആ സുഖമുള്ള വേദനയില്‍ ഞാന്‍ വീണ്ടും ചിദംബരസ്മരണകളില്‍ക്കുരുങ്ങി. മെലിഞ്ഞുനീണ്ട് മുഷിഞ്ഞ വസ്ത്രം ധരിച്ച് മദ്യക്കുപ്പിസൂക്ഷിച്ച തോള്‍സഞ്ചിയും തൂക്കി ഒരാള്‍ ഓര്‍മ്മകളുടെ പടലങ്ങളില്‍ കവിതചൊല്ലി നടക്കുന്നു.............. എന്റെ പ്രിയകവി..........

ക്ഷേത്രത്തിനടുത്ത് വണ്ടി നിര്‍ത്തി അവനെന്നെ തട്ടിവിളിച്ചു.......ആകാശം അപ്പോള്‍ ചിദംബരസ്മരണകളുടെ പുറം ചട്ടപോലെ ചുവന്നു തുടുത്തിരുന്നു.......

നിൻ തുറമുഖത്തിലണയുകയാണെൻ
ക്ഷുഭിതയൗവ്വനത്തിൻ ലോഹനൗകകൾ ............. കവിതാശകലം ഞങ്ങള്‍ക്കുചുറ്റും സ്വയം മൂളിക്കൊണ്ടിരുന്നു....

ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെക്കുന്നു- അദ്ദേഹം പറഞ്ഞതെത്രസത്യമാണ്.

-------------------------
ഇത്
എന്റെ പ്രണയത്തില്‍ രക്തച്ചുവപ്പ് ചാലിക്കുന്നവന്

2011 ഫെബ്രുവരി 6, ഞായറാഴ്‌ച

രക്തനക്ഷത്രം

എന്നും ഓര്‍ത്തു കണ്ണീര്‍ പൊഴിയ്ക്കാന്‍
ഒരു രക്തനക്ഷത്രം
ക്രൂരതയുടെ കൈകളില്‍ ‍
പിടഞ്ഞു തീര്‍ന്നൊരു ശുഭ്ര ബിന്ദു

നിനക്കൊന്നുറക്കെ ശപിയ്ക്കാമായിരുന്നു
പിന്നില്‍ ബാക്കിയാവുന്ന ലോകത്തെ
ഇനി പെണ്‍പിറവിയില്ലാതെയാകാന്‍
ഇനിയും നെഞ്ചുവേവുന്ന അമ്മമാര്‍ക്കൊന്നു
സ്വയം മറന്നുറങ്ങാന്‍

ആരുണ്ടറിയാന്‍?
ഇരുന്പുപാളത്തില്‍ ഞെരിഞ്ഞമര്‍ന്ന-
നിന്റെ പിടിച്ചില്‍,
പ്രജ്ഞയറ്റ നിന്നമ്മതന്‍ വേവ്,
കാലവായ് നിന്ന കൂടപ്പിറപ്പിന്റെ തേങ്ങല്‍.......

ഇനി പൊതുദര്‍ശനം,
വിലാപയാത്ര,
അനുശോചനങ്ങള്‍,
ഒടുവില്‍ നാളുകള്‍ക്കകം,
നീ വെറുമൊരോര്‍മ്മ,
വരും വര്‍ഷത്തില്‍,
വെറുമൊരു ഓര്‍മ്മദിനം.....
പതിയെ മറവിയുടെ കയങ്ങളില്‍........

ഇനിയുമുണ്ടാകാം
നിനക്ക് ആവര്‍ത്തനങ്ങള്‍
അനുഭവത്താല്‍ നിനക്ക് അനിയത്തിമാരാകാന്‍
വിധിക്കപ്പെട്ടവര്‍

റാഞ്ചിപ്പറക്കാന്‍ കാത്തിരിക്കവാം
ഇരുട്ടിലും പകലിലും
വട്ടമിട്ടു പറക്കുന്ന കഴുകന്മാര്‍
അമ്മയുടെ നിഴല്‍ മാറുന്ന വേളയില്‍
ഇനിയും സ്വപ്നങ്ങളിവിടെ പിടഞ്ഞുമരിയ്ക്കും

( സൗമ്യയ്ക്ക്)

2011 ജനുവരി 19, ബുധനാഴ്‌ച

നിഴല്‍

ജീവിച്ചിരിക്കുന്നുവെന്നോര്‍മ്മിപ്പിച്ച്,
മുന്നിലും പിന്നിലുമായി,
ഇടയ്ക്ക് നീണ്ടും ഇടക്ക് കുറുകിയും,
ഇരുണ്ടും തെളിഞ്ഞും,
നിഴല്‍ .........

തനിച്ചു നടക്കുന്പോള്‍ ഒരിട,
കാലിനടയിലേയ്ക്ക് ചുരുങ്ങി,
തെല്ലിട കഴിഞ്ഞ്,
ഞാന്‍ മാത്രമേ സ്വന്താമായുള്ളുവെന്ന്
ധാര്‍ഷ്ട്യം കാണിച്ച്,
ഇരട്ടിവലിപ്പത്തില്‍ നീണ്ടു നിവര്‍ന്ന്
കറുത്ത നിഴല്‍......

ചിലപ്പോള്‍,
കൈപിടിച്ചെന്നപോലെ നടത്തി,
പിന്നെയും മുന്നോട്ടായുന്പോള്‍,
പേടിച്ച് പിന്നോക്കം മാറി,
മറപറ്റി നടന്ന്,
വീണ്ടും കാലിനടിയിലേയ്ക്ക് ചുരുങ്ങി,
ഒറ്റയാണെന്നോര്‍മ്മിപ്പിച്ച്,
നിഴല്‍,

നിഴല്‍ മാത്രമാണ്,
നിഴല്‍ മാത്രമേയുള്ളു,
നിഴലുപോലെ,
നിഴലായി നില്‍ക്കാന്‍....‍.
ജീവനുണ്ടെന്നോര്‍മ്മപ്പെടുത്താന്‍....

നോക്കൂ... നിന്നെ ‍ഞാനെന്നിലേയ്ക്കു
ചേര്‍ത്തിരുന്പാണി തറയ്ക്കുന്നു,
വെളിച്ചം മാറുന്നവേളയില്‍,
എന്നെ കളഞ്ഞിട്ടു പോകാതിരിക്കാന്‍,
ജീവനുണ്ടെന്ന് ഇടയ്ക്കെനിയ്ക്കൊന്ന്,
ഓര്‍ത്തെടുക്കാന്‍.....

2011 ജനുവരി 3, തിങ്കളാഴ്‌ച

വീണ്ടുമൊഴുകുന്ന നദി

നീയില്ലാ നേരത്ത്,
പഴയ വേവിന്റെ കനലൂതിത്തെളിച്ച്,
ദിശതെറ്റിയൊരു കാറ്റുവന്നലച്ചു.......
പൊടുന്നനെയാണ്,
നിശ്ചലമായ നദി പിടഞ്ഞുണര്‍ന്ന്,
ഉപ്പുനീരിന്റെ ഗന്ധം പരത്തി,
വീണ്ടും തിളച്ചുമറിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത്...

നീയില്ലാതെ തനിയെ ഞാനതില്‍,
വീണ്ടും പാതി വെന്ത് വികൃതയായൊഴുകി....
പഴയ കിനാക്കള്‍, കനല്‍വഴി,
വിഷം പടര്‍ന്ന് തീരം കരിച്ച
അതേ നദി......

നീ കൈവഴിയായി ചേരുന്ന
ഈയിടം വരെ ഞാന്‍
വിഷം തീണ്ടി പാതി വെന്തൊഴുകി,
ഒടുവില്‍ നിന്റെ തെളിനീര്‍, തണുപ്പ്,
എന്നെയും നെഞ്ചിലേറ്റി,
പതുക്കെ വഴിമാറിയൊഴുകുന്പോള്‍,
പഴയകാറ്റ് തിരികെ വീശാന്‍ തുടങ്ങി.....

എന്റെ കണ്ണീരുപ്പ് വീണ്ടും
പടര്‍ന്നപ്പൊഴാണ്
നീ പറഞ്ഞത്
കാറ്റുകാണാ അഗാധതയിലാണ്
നമ്മളൊന്നിച്ചൊഴുകുന്നതെന്ന്,
വിഷം തീണ്ടി നീലിച്ചൊരീ കൈവഴി,
നീ നിന്നിലലിയിച്ച്.....
മറ്റൊരു നദിയായ് ഒഴുകിത്തുടങ്ങിയെന്ന്....

2010 ഡിസംബർ 19, ഞായറാഴ്‌ച

വീട്ടിലേയ്ക്കുള്ള വഴി

വീട്ടിലേയ്ക്കുള്ള എന്റെ വഴിയില്‍,
തുരുന്പുമണം പൂണ്ടൊരു കാറ്റ്‍,
ഇടക്കിടെ നിന്നെയും കടന്ന്‍,
ഇവിടെ എനിയ്ക്കടുത്തെത്തി‍,
മോഹഭംഗങ്ങളുടെ താളത്തില്‍‍,
വെറുതെയെന്തോ മൂളുന്നുണ്ട്..........

ഞാനത് കേള്‍ക്കാതിരിക്കയാണ്,
കയറിയിരിക്കുന്ന
ഈ വേനല്‍ വണ്ടിയില്‍ നിന്നിറങ്ങി.
പോന്നുപോയെങ്കിലെന്നോര്‍ത്ത്......

ഇനിയൊരു രാത്രി തിളച്ചേറ്റുന്ന ഓര്‍മ്മകളില്‍,
പഴയൊരു പാട്ടിന്റെ താളത്തില്‍,
നീയില്ലാത്തൊരു യാത്രയായി,
തനിച്ചിരുന്നു ഞാനതിനിനെ രേഖപ്പെടുത്തും.......

ഇടക്കിടെ വീട്ടിലേയ്ക്കുള്ള വഴിയില്‍,
ഞാന്‍ തനിച്ചാവുന്നു....
നിന്നെ അകലെയിവിടെ കളഞ്ഞ്,
ഒരു രാത്രിയുടെ അകലത്തില്,
ഞാന്‍ മറ്റൊരു കാലത്തില്‍,
മറ്റൊരാളായി വേഷപ്പകര്‍ച്ച തേടുന്നു....

തിരികെയവിടെ ദുഖം ഘനീഭവിപ്പിച്ച്,
പടിയിറങ്ങുന്പോള്‍,
വീണ്ടും പഴയ തുരുന്പുമണം,
പിന്നെ ദൂരെയിവിടെ കാത്തിരിക്കുന്ന,
ഓര്‍മ്മകളില്‍ സ്വപ്നത്തെ ദത്തുനല്‍കി,
വീണ്ടുമൊരുരാത്രിയില്‍ ഒറ്റയായി,
ഞാന്‍ തിരികെ വന്നിടും,
നീ ഉറക്കംവിട്ടുണരുന്പൊഴേയ്ക്കും..........

2010 ഡിസംബർ 9, വ്യാഴാഴ്‌ച

വിഷം വിതയ്ക്കുന്നവര്‍

ഇവിടെയിന്നും ഒഴുകിപ്പരക്കുന്നു,
ഒരു വിഷപ്പുഴ......
പുതിയ കൈവഴികള്‍ ജനിപ്പിച്ച്,
മരണം വിതച്ച് തലമുറകളിലേയ്ക്ക്,
ഒഴുകിപ്പരക്കുന്ന, കാളകൂടം തോല്‍ക്കുന്ന,
കൊടും വിഷപ്പുഴ.........

തീരങ്ങളില്‍ വിഷം തീണ്ടി,
മുരടിച്ച ബാല്യങ്ങള്‍,
മുട്ടിലിഴയുന്ന യൗവ്വനം,
വെളിച്ചം കെട്ട കണ്ണുകള്‍.
വിഷദ്വാരം വീണ ഹൃദയങ്ങള്‍........

അവിടെയ-
വരെക്കാത്ത് ചുറ്റിലും കണ്ണുകള്‍,
നിറംകെട്ട് നീരുവറ്റി,
കവിളില്‍ കണ്ണീര്‍ച്ചാലുണങ്ങിയവര്‍,
ഇവരത്രേ ദുരന്തങ്ങള്‍ക്ക് ജന്മമേകിയോര്‍.....

തേങ്ങിത്തേങ്ങി,
നിറം കെട്ട് ചില സ്വപ്നങ്ങള്‍,
ഇന്നും ചുറ്റിയലയുന്നു,
വെറുതെ തെല്ലിട നേരത്തേ,
നിറപ്പകര്‍ച്ച , കണ്ട് മോഹിച്ച്.....

വാഗ്ദാനങ്ങള്‍,
ചൂണ്ടയില്‍ക്കുരുക്കി അധികാരമേറി,
ഇടക്കിടെ ശുഭ്രവേഷത്തില്‍ച്ചിലര്‍,
കവലപ്രസംഗത്തിനെത്തുന്നു.....
ഇവരുടെ നിഴലില്‍,
വീണ്ടും ചിലര്‍ നാടുകയറി,
വിഷം ചീറ്റിച്ച് മരണമാം ഭൂതത്തെ,
പുകയായ് പുറത്തേയ്ക്കയയ്ക്കുന്നു....

നീറുക മുന്നിലുള്ളൊരീ സത്യങ്ങളില്‍,
പിടഞ്ഞൊടുങ്ങുക വിഷം വിതയ്ക്കുന്ന ഭാവിയില്‍,
ഒടുവില്‍ ഓരോ വിഷം തീണ്ടിയ ജീവനും,
പൊലിഞ്ഞുതീരുന്പോള്‍,
രക്ഷയായെന്നുറച്ച് മറ്റൊരു തുള്ളി,
വിഷജലത്തിലൊടുങ്ങാം....

പിന്നെയവര്‍ നാടു കേറട്ടെ,
കാടുകേറട്ടെ,
അവിടെയാകെ,
മൃത്യുവിന്റെ വിത്തു വിതയ്ക്കട്ടെ,
വിഷപ്പുഴകള്‍ക്ക് കൈവഴി തീര്‍ക്കട്ടെ ..........

{മുന്പ് കൂട്ടുകാര്‍ക്കൊപ്പം എന്‍ഡോസള്‍ഫാന്‍ ദുരിതം വതയ്ക്കുന്ന കാസര്‍കോട്ടെ ചില ഗ്രാമങ്ങളില്‍ നടത്തിയ ഒരു യാത്ര, അന്ന് കണ്ട അംഗവൈകല്യം വന്ന ചില കുട്ടികള്‍, അവരുടെ അച്ഛനമമ്മമാര്‍, ഉത്തരംകിട്ടാതെ നില്‍ക്കുന്ന നാട്ടുകാര്‍........ഇപ്പോള്‍ എന്‍സള്‍ഫാന്‍ വിഷയത്തില്‍ നേതാക്കള്‍ പരസ്പരം വിഴുപ്പലക്കുന്പോള്‍ അന്നത്തെ അതേ നീറ്റലോടെ വീണ്ടും ആ ഓര്‍മ്മ.........ഓര്‍ത്തോര്‍ത്തിരുന്നപ്പോള്‍ വെറുതേ ഇങ്ങനെ തോന്നി............}

2010 നവംബർ 17, ബുധനാഴ്‌ച

മരുക്കാലം

ചില വരണ്ട മണല്‍ക്കാറ്റുകള്‍ക്കൊടുവിലാണ്
നീറ്റിപ്പുകയ്ക്കുന്ന,
ഒരു മണല്‍ത്തരിയായി,
നീ കണ്ണിലേയ്ക്കു കടന്നുവന്നത്.

അവിടെയിരുന്നൊരു ഒരു മരുഭൂമിയുടെ
കഥപറഞ്ഞെന്നെ,.
കരയിച്ച് ഒടുക്കമെന്റെ കണ്ണുനീരിലലിഞ്ഞൊ-
ഴുകിപ്പോയതെങ്ങോട്ടാണ്?

ഇനിയും ആഞ്ഞുവീശുന്നൊരു,
കാറ്റിനെക്കാത്തിരിക്കയാവാം,
മരുക്കാട്ടിലെ മണല്‍മഴയുടെ,
കള്ളക്കഥ പറഞ്ഞെന്റെ,
തേങ്ങലില്‍ ഊറിച്ചിരിക്കാന്‍....

നിന്റെ കഥകേട്ടൊടുക്ക-
മെന്റെയുള്ളിരൊരു,
മരൂഭൂമി പിറന്നുവീഴുന്നു.....
അവിടെ മരുക്കാറ്റുവീശി,
മണല്‍ പഴുത്തുഷ്ണം തിളയ്ക്കുന്നു....

ഇനിയും നീ വെറുതേ കാറ്റിലേറി,
വന്നു കണ്ണില്‍ വീഴാതിരിക്കുക.
വീണ്ടും മരുക്കഥകള്‍ പറ‍ഞ്ഞെന്റെയുള്ളില്‍,
വലിയ മരുക്കാലങ്ങള്‍ സൃഷ്ടിക്കാതിരിക്കുക......

കണ്ണടച്ചിരിക്കയാണ്,
മരുക്കാലത്തിനൊടുക്കമൊരു-
മഴക്കാലം വന്ന്,
മരുഭൂമി തളിര്‍ക്കുമെന്നാശിച്ച്........

അന്ന് നീ വരുക,
പതുക്കെ കാറ്റിലൂ-,
ളിയിട്ടെന്റെ കണ്ണില്‍ കടന്ന്,
നീറ്റിപ്പുകച്ചാ പഴയ,
മരുക്കാലത്തെയോര്‍മ്മിച്ച്,
അടഞ്ഞുപോയ കണ്ണില്‍,
അകലെയവിടെപ്പെയ്യുന്ന,
മണല്‍മഴയുടെ,
ചിത്രങ്ങളെഴുതുക......